സ്ഥിരത വേണം, ആഭ്യന്തര ക്രിക്കറ്റ് കളിക്കൂ! സഞ്ജു സാംസണ് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിന്റെ നിര്‍ദേശം
സ്റ്റാന്‍ഡ് ബൈ താരമായിട്ട് പോലും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അയര്‍ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ എന്നിവര്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിനായിരുന്നു.
ലഖ്‌നൗ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുമെന്ന് കരുതപ്പെട്ടിരുന്ന താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ താരം പുറത്തായിരുന്നു. ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നിവരില്‍ വിശ്വസമര്‍പ്പിക്കുകയായിരുന്നു സെലക്റ്റര്‍മാര്‍. സ്റ്റാന്‍ഡ് ബൈ താരമായിട്ട് പോലും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അയര്‍ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ എന്നിവര്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിനായിരുന്നു.
എന്നിട്ടും ടീമിലേക്ക് പരിഗണിക്കാത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഇതിനിടെ സഞ്ജുവിന്റെ ഫോമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്. സഞ്ജു സ്ഥിരതയോടെ കളിക്കണമെന്നാണ് ശ്രീ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍. ''സഞ്ജു സ്ഥിരത കാണിക്കണം. എല്ലാവരും ഐപിഎല്ലിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഞാനും കേരളത്തില്‍ നിന്നാണ്. എപ്പോഴും അദ്ദേഹത്തെ പിന്തുണച്ചിട്ടുണ്ട്. അണ്ടര്‍ 14 കളിക്കുന്ന സമയം മുതല്‍ ഞാന്‍ അവനെ കാണുന്നുണ്ട്. എനിക്ക് കീഴിലും സഞ്ജു കളിച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തിന് മുമ്പ് ഞാനാണ് സഞ്ജുവിന് ക്യാപ് കൈമാറിയത്. എന്നാല്‍ എനിക്ക് സഞ്ജുവിനോട് പറയാനുള്ളത് കൂടുതല്‍ ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിക്കുവെന്ന് മാത്രമാണ്.'' ശ്രീശാന്ത് പറഞ്ഞു.
''ശരിയാണ് ഐപിഎല്‍ വളരെ പ്രധാനപ്പെട്ടതാണ്. ഐപിഎല്ലാണ് അവന് പ്രശസ്തിയും പേരും നല്‍കിയത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിന്‍ അവരവരുടെ സംസ്ഥാനത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയണം. സഞ്ജുവിനും അത് കഴിയണം. സെഞ്ചുറിയും ഇരട്ട സെഞ്ചുറിയുമല്ല വേണ്ടത്, ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ സാധിക്കണം. വിജയ് ഹസാരെ ട്രോഫിയിലും ഇത്തരത്തിലൊക്കെ സംഭവിക്കണം. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന് ഉയരത്തിലെത്താന്‍ സാധിക്കും.'' ശ്രീശാന്ത് കൂട്ടിചേര്‍ത്തു.
''സഞ്ജു കേരളത്തില്‍ നിന്നുള്ള ഏക ക്രിക്കറ്ററൊന്നുമല്ല. ഇവിടെ കഴിവുള്ള ഒരുപാട് താരങ്ങളുണ്ട്. സമയത്തിന്റെ മാത്രം പ്രശ്‌നമാണിത്. സഞ്ജു ഐപിഎല്‍ കളിക്കുന്നത് മഹത്തായ കാര്യമാണ്. ലോകത്തിനുള്ള മലയാളികളെല്ലാം സഞ്ജുവിനെ പിന്തുണയ്ക്കും. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം വിക്കറ്റ് കീപ്പര്‍മാരാണ്. സഞ്ജുവില്‍ മാത്രം ഒതുങ്ങുന്നില്ല. ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ ഞാന്‍ സഞ്ജുവിനോട് പലപ്പോഴും നിര്‍ദേശിക്കാറുണ്ട്. ഇഷാനും പന്തും കളിക്കുന്നത് പോലെ സഞ്ജുവും കളിക്കണം. അതിനുള്ള കഴിവുണ്ട്. സ്ഥിരതയുടെ മാത്രം പ്രശ്‌നമാണിത്.'' ശ്രീശാന്ത് കൂട്ടിചേര്‍ത്തു.
നിലവില്‍ ഇന്ത്യ എ ഏകദിന ടീം ക്യാപ്റ്റനാണ് സഞ്ജു. സഞ്ജുവിന്റെ കീഴില്‍ ഇറങ്ങിയ ടീം ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ പരമ്പര തൂത്തുവാരിയിരുന്നു. പരമ്പരയിലെ ടോപ് സ്‌കോററും സഞ്ജുവായിരുന്നു.