'റുതുരാജ് ക്രിക്കറ്റിലെ പ്രഭുദേവ, നൃത്തച്ചുവടുകൾ പോലെ അഴകാർന്ന ബാറ്റിംഗ്'; പ്രശംസിച്ച് അശ്വിന്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരങ്ങളിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന ബാറ്ററാണ് 26 കാരനായ റുതുരാജ് ഗെയ്‌ക്‌വാദ്
ചെന്നൈ: ഇന്ത്യന്‍ യുവ ഓപ്പണർ റുതുരാജ് ഗെയ്‌ക്‌വാദിനെ പ്രശംസ കൊണ്ട് മൂടി സീനിയർ സ്‍പിന്നർ രവിചന്ദ്രന്‍ അശ്വിന്‍. 'റുതുരാജ് ലോകോത്തര ബാറ്ററാണ്. പ്രഭുദേവയുടെ നൃത്തം പോലെ അഴകാർന്ന ചലനങ്ങളാണ് ക്രീസില്‍ അദേഹത്തിന്‍റേത്. ബാറ്റിംഗ് അനായാസമാണ് എന്ന് തോന്നിപ്പിക്കാന്‍ ജനിച്ച താരമാണ് റുതുരാജ്. നെറ്റ്സിലാണെങ്കില്‍ പോലും റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ ബാറ്റിംഗ് ഒരു ദിവസം മൊത്തം കാണാന്‍ ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടാന്‍ ഞാന്‍ തയ്യാറാകും' എന്നും ആർ അശ്വിന്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരങ്ങളിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന ബാറ്ററാണ് 26 കാരനായ റുതുരാജ് ഗെയ്‌ക്‌വാദ്. വലംകൈയന്‍ ബാറ്ററായ റുതു, അശ്വിന്‍ അഭിപ്രായപ്പെട്ട് പോലെ അനായാസമായി സ്ട്രോക്കുകള്‍ കളിക്കുന്ന ഓപ്പണറാണ്. 2016- 17 സീസണിലെ വിജയ് ഹസാരെ ട്രോഫിയിലൂടെ ആദ്യം ദേശീയ ശ്രദ്ധ നേടിയ താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എയിലും ഐപിഎല്ലിലും ഇതിനകം മികവ് തെളിയിച്ചുകഴിഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രക്ക് വേണ്ടി കളിക്കുന്ന താരം ഇന്ത്യ ബ്ലൂവിനും വെസ്റ്റ് സോണിനും പുറമെ ഇന്ത്യ എ ടീമിന്‍റെ നിർണായക ബാറ്റർ കൂടിയായിരുന്നു. സീനിയർ ടീമിനായി രണ്ട് ഏകദിനങ്ങളും 10 രാജ്യാന്തര ട്വന്‍റി 20കളും കളിച്ചു. ദേശീയ ടീമിനായി ഏകദിനത്തില്‍ 27 ഉം ടി20യില്‍ 154 ഉം റണ്‍സാണ് നേട്ടം. ഐപിഎല്ലില്‍ സിഎസ്കെ താരമായ റുതുരാജ് 52 കളിയില്‍ 39.07 ശരാശരിയിലും 135.52 പ്രഹരശേഷിയിലും ഒരു സെഞ്ചുറിയും 14 ഫിഫ്റ്റികളും സഹിതം 1797 റണ്‍സ് നേടിയത് താരത്തിന്‍റെ പ്രതിഭ വ്യക്തമാക്കുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 28 കളികളിലെ 47 ഇന്നിംഗ്സുകളില്‍ 1941 റണ്‍സും ലിസ്റ്റ് എയില്‍ 72 ഇന്നിംഗ്സുകളില്‍ 4042 റണ്‍സും സമ്പാദ്യമായുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന അയർലന്‍ഡ് പര്യടനത്തില്‍ ടീമിലുള്ള താരമാണ് റുതുരാജ് ഗെയ്‌ക്‌വാദ്. ഇന്ത്യന്‍ യുവനിര കളിക്കുന്ന പരമ്പരയില്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഇദേഹം. ലിസ്റ്റ് എ ക്രിക്കറ്റിലും ടി20യിലും മഹാരാഷ്ട്രയുടെ നായകനാണ് റുതുരാജ്. 2022ലെ വിജയ് ഹസാരെ ട്രോഫിയില്‍ മഹാരാഷ്ട്രയെ ഫൈനലില്‍ എത്തിച്ചിരുന്നു. വരുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് റുതുരാജ് ഗെയ്‌ക്‌വാദാണ്.
Read more: സഞ്ജു മുതല്‍ കോലി വരെ വേറെ ഗെറ്റപ്പില്‍; മലയാളിയുടെ എഐ ചിത്രങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം