IPL 2022 : നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ടോസ്; പഞ്ചാബ് കിംഗ്‌സില്‍ ഒരു മാറ്റം
രണ്ട് കളിയും ജയിച്ചാല്‍ ആര്‍സിബിക്ക് അവസാന നാലില്‍ സ്ഥാനമുറപ്പിക്കാം. പഞ്ചാബിനോട് തോറ്റാല്‍ പതിവുപോലെ കണക്കുകളിലെ കളി നോക്കേണ്ടിവരും. അതേസമയം, ജീവശ്വാസത്തിനായി പഞ്ചാബിന് ജയിച്ചേ തീരൂ.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ (RCB) മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ആര്‍സിബി ഇറങ്ങുന്നത്. പഞ്ചാബ് ഒരു മാറ്റം വരുത്തി. സന്ദീപ് ശര്‍മയ്ക്ക് പകരം ഹര്‍പ്രീത് ബ്രാര്‍ ടീമിലെത്തി.
രണ്ട് കളിയും ജയിച്ചാല്‍ ആര്‍സിബിക്ക് അവസാന നാലില്‍ സ്ഥാനമുറപ്പിക്കാം. പഞ്ചാബിനോട് തോറ്റാല്‍ പതിവുപോലെ കണക്കുകളിലെ കളി നോക്കേണ്ടിവരും. അതേസമയം, ജീവശ്വാസത്തിനായി പഞ്ചാബിന് ജയിച്ചേ തീരൂ. ആര്‍സിബിക്ക് 12 കളിയില്‍ 14 പോയിന്റാണുള്ളത്. പഞ്ചാബിന് 11 കളിയില്‍ 10 പോയിന്റുണ്ട്. സീസണിലെ നേര്‍ക്കുനേര്‍ പോരില്‍ 200ന് മുകളില്‍ സ്‌കോര്‍ നേടിയിട്ടും ആര്‍സിബിയെ വീഴ്ത്തിയ ആത്മവിശ്വാസമുണ്ട് പഞ്ചാബിന്.
സഞ്ജു സാംസണ്‍ ടി20 ലോകകപ്പിനുണ്ടാകുമോ? വസിം ജാഫറിന്റെ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയിങ്ങനെ
ബാറ്റിംഗ് തന്നെയാണ് ഇരുടീമിനും കരുത്ത്. സീസണിലെ മൂന്നാം ഗോള്‍ഡന്‍ ഡക്കില്‍ വീണ വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ തലവേദന. പരസ്പരമുള്ള പോരാട്ടങ്ങളില്‍ ബാംഗ്ലൂരിന് മേല്‍ പഞ്ചാബിന് നേരിയ മുന്‍തൂക്കമുണ്ട്. 16 എണ്ണത്തില്‍ പഞ്ചാബ് ജയിച്ചപ്പോള്‍ 13 എണ്ണത്തില്‍ ബാംഗ്ലൂര്‍ ജയിച്ചു. 2020നുശേഷം അവസാന കളിച്ച അഞ്ച് മത്സരങ്ങളില്‍ അഞ്ചിലും പഞ്ചാബാണ് ജയിച്ചതെന്നത് ബാംഗ്ലൂരിന്റെ ചങ്കിടിപ്പ് കൂട്ടുന്ന കണക്കാണ്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, രജത് പടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, മഹിപാല്‍ ലോംറോര്‍, ഷഹബാസ് അഹമ്മദ്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്.
പഞ്ചാബ് കിംഗ്‌സ്: ജോണി ബെയര്‍സ്‌റ്റോ, ശിഖര്‍ ധവാന്‍, ഭാനുക രജപക്‌സ, മായങ്ക് അഗര്‍വാള്‍, ജിതേഷ് ശര്‍മ, ലിയാം ലിവിംഗ്സ്റ്റണ്‍, റിഷി ധവാന്‍, കഗിസോ റബാദ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍.