'എന്നെ വിശ്വസിക്കൂ'; അഞ്ചാം നമ്പറില്‍ കളിപ്പിക്കണമെന്ന് ഞാന്‍ റിഷഭ് പന്തിനോട് അപേക്ഷിച്ചു- റോവ്മാന്‍ പവല്‍

ഡേവിഡ് വാര്‍ണറുടെയും റോവ്മാന്‍ പവലിന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ ഡല്‍ഹി ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍

rovman powell say I just told Rishabh to trust me at no five

മുംബൈ: കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെ (SRH) മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ (Delhi Capitals) വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് റോവ്മാന്‍ പവല്‍ (Rovman Powell). 35 പന്തില്‍ പുറത്താവാതെ 67 റണ്‍സാണ് താരം നേടിയത്. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം 122 റണ്‍സാണ് താരം അടിച്ചെടുത്തത്. സാധാരണ ഫിനിഷറുടെ റോളില്‍ കളിക്കാറുള്ള വിന്‍ഡീസ് താരത്തെ ഹൈദരാബാദിനെതിരെ അഞ്ചാ നമ്പറിലാണ് കളിപ്പിച്ചത്. അതിനുള്ള ഫലം ലഭിക്കുകയും ചെയ്തു.

തനിക്ക് നേരത്തേയും അഞ്ചാം നമ്പറില്‍ കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നാണ്. എന്നാല്‍ ക്യാപ്റ്റായ റിഷഭ് പന്ത് എതിര്‍ത്തുവെന്നാണ് പവല്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഐപിഎല്ലിലെത്തുമ്പോള്‍ ഞാന്‍ മികച്ച ഫോമിലായിരുന്നു. എന്നാല്‍ തുടക്കത്തില്‍ ഒരുപാട് ബുദ്ധിമുട്ടി. എട്ടാം നമ്പറില്‍ വരെ ബാറ്റ് ചെയ്യേണ്ടി വന്നു. എന്നാല്‍ ആത്മവിശ്വാസം കൈവിട്ടില്ല. വാലറ്റത്ത് ബാറ്റ് ചെയ്യേണ്ടി വരുന്നതിലെ നിരാശ ക്യാപ്റ്റന്‍ പന്തുമായി പങ്കുവച്ചു. അഞ്ചാം നമ്പറില്‍ എന്നെ വിശ്വസിക്കൂവെന്ന് ഞാദ്ദേഹത്തോട് പറഞ്ഞു. ഒരവസരം നല്‍കുവെന്ന് ഞാന്‍ അപേക്ഷിച്ചു. ആദ്യത്തെ ഒരു 10-12 നേരിടുമ്പോഴേ താളം കണ്ടെത്താന്‍ സാധിക്കൂ. 20 പന്തുകള്‍ പിന്നിടുമ്പോഴേക്കും ഏറ്റവും മികച്ച പ്രകടനത്തിലേക്ക് എനിക്ക് എത്താന്‍ സാധിക്കുമെന്നാല്ലാം ഞാന്‍ പന്തിനോട് പറഞ്ഞു. എന്നാല്‍ പന്ത് താല്‍പര്യം കാണിച്ചില്ല. പിന്നീട് പരിശീലകന്‍ റിക്കി പോണ്ടിങ്ങും പന്തും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അഞ്ചാം നമ്പറില്‍ ഇറക്കിയത്.'' പവല്‍ വ്യക്തമാക്കി. 

''മാത്രമല്ല, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി സ്പിന്നിനെ നേരിടാനുള്ള എന്റെ കഴിവ് ഉയര്‍ന്നിരുന്നു. പേസിനെതിരേ മാത്രമല്ല സ്പിന്നിനെതിരേയും നന്നായി ബാറ്റ് ചെയ്യാന്‍ എനിക്കാവും. ഏതൊക്കെ ബാറ്റിങ് പൊസിഷനില്‍ കളിച്ചാലും ഏറ്റവും മികച്ചത് കാഴ്ചവെക്കാനാണ് ശ്രമിക്കുന്നത്.'' പവല്‍ വിശദീകരിച്ചു. 

സണ്‍റൈസേഴ്സിനെതിരെ ഡേവിഡ് വാര്‍ണര്‍ 58 പന്തില്‍ 12 ഫോറും മൂന്ന് സിക്സറും സഹിതം പുറത്താകാതെ 92 റണ്‍സ് അടിച്ചുകൂട്ടി. ഡേവിഡ് വാര്‍ണറുടെയും റോവ്മാന്‍ പവലിന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ ഡല്‍ഹി ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 34 പന്തില്‍ 62 റണ്‍സെടുത്ത നിക്കോളാസ് പുരാനും 25 പന്തില്‍ 42 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവും മാത്രമാണ് ഹൈദരാബാദിനായി പൊരുതിയത്. ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു. 

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 207 റണ്‍സെടുത്തത്. നാലാം വിക്കറ്റില്‍ 122 റണ്‍സിന്റെ  സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ വാര്‍ണറും പവലും ചേര്‍ന്നാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍ ഉറപ്പാക്കിയത്. റോവ്മാന്‍ പവല്‍ 35 പന്തില്‍ മൂന്ന് ഫോറും ആറ് സിക്സറും സഹിതം പുറത്താകാതെ 67 റണ്‍സ് നേടി.

Latest Videos
Follow Us:
Download App:
  • android
  • ios