ബ്രൂക്കിന്‍റെ ഒന്നാം സ്ഥാനത്തിന് അൽപായുസ്, ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജോ റൂട്ട്
ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയ ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡിനും റാങ്കിംഗില്‍ മുന്നേറ്റമില്ല.
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഇംഗ്ലണ്ട് ടീമിലെ സഹതാരമായ ഹാരി ബ്രൂക്കിനെ പിന്തള്ളിയാണ് റൂട്ട് ഒരാഴ്ചയിലെ ഇടവേളക്കുശേഷം വീണ്ടും ഒന്നാമതെത്തിയത്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ഗോള്‍ഡന്‍ ഡക്കാകുകയും രണ്ടാം ഇന്നിംഗ്സില്‍ ഒരു റണ്ണിന് പുറത്താകുകയും ചെയ്തതതോടെയാണ് ഹാരി ബ്രൂക്കിന് ഒന്നാം സ്ഥാനം നഷ്ടമായത്. പുതിയ റാങ്കിംഗില്‍ ബ്രൂക്ക് രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ കെയ്ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ തിളങ്ങാനായില്ലെങ്കിലും ഇന്ത്യയുടെ യശസ്വി ജയ്സ്വാള്‍ നാലാം സ്ഥാനത്ത് തുടരുന്നു.
ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയ ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡിനും റാങ്കിംഗില്‍ മുന്നേറ്റമില്ല. പുതിയ റാങ്കിംഗിലും ഹെഡ് അഞ്ചാം സ്ഥാനത്താണ്. കാമിന്ദു മെന്‍ഡിസ്, ടെംബാ ബാവുമ, ഡാരില്‍ മിച്ചല്‍ എന്നിവര്‍ക്ക് ശേഷം ഒമ്പതാം സ്ഥാനത്തുള്ള റിഷഭ് പന്താണ് ആദ്യ പത്തിലുള്ള രണ്ടാമത്തെ ഇന്ത്യൻ താരം. വിരാട് കോലി ഇരുപതാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് 11ാം സ്ഥാനത്തുതന്നെയാണ്. രോഹിത് ശര്‍മ ഒരു സ്ഥാനം ഉയര്‍ന്ന് 30-ാം സ്ഥാനത്തുള്ളപ്പോള്‍ ശുഭ്മാാന്‍ ഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിനാറാം സ്ഥാനത്തുണ്ട്. ഓസ്ട്രേലിയക്കെതിരെ 84 റണ്‍സുമായി തിളങ്ങിയ കെ എല്‍ രാഹുല്‍ 50-ാം സ്ഥാനത്താണ്.
ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോൾ മാറ്റ് ഹെന്‍റി രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിന്‍റെ ഗുസ് അറ്റ്കിൻസണ്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി പതിനാലാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ആര്‍ അശ്വിന്‍ അഞ്ചാമതും രവീന്ദ്ര ജഡേജ ആറാമതുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക