ഒരിക്കലും മുറി പങ്കിടാൻ ആഗ്രഹിക്കാത്ത രണ്ട് ഇന്ത്യൻ താരങ്ങള്‍; തുറന്നു പറഞ്ഞ് രോഹിത് ശര്‍മ
ഭാവിയില്‍ ഒരു മുറി രണ്ട് പേര്‍ പങ്കിടേണ്ടിവന്നാല്‍ ഇന്ത്യൻ ടീമിലെ രണ്ട് താരങ്ങള്‍ക്കൊപ്പം ഒരിക്കലും മുറി പങ്കിടില്ലെന്ന് തമാശയായി പറയുകയാണ് ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കെല്ലാം ഇപ്പോള്‍ സിംഗിള്‍ റൂമുകള്‍ അനുവദിക്കാറുണ്ടെങ്കിലും മുമ്പ് രണ്ട് കളിക്കാര്‍ ഒരു മുറി പങ്കിടുന്നതായിരുന്നു ഇന്ത്യൻ ക്രിക്കറ്റിലെ രീതി. എന്നാല്‍ അത്തരത്തില്‍ ഭാവിയില്‍ ഒരു മുറി രണ്ട് പേര്‍ പങ്കിടേണ്ടിവന്നാല്‍ ഇന്ത്യൻ ടീമിലെ രണ്ട് താരങ്ങള്‍ക്കൊപ്പം ഒരിക്കലും മുറി പങ്കിടില്ലെന്ന് തമാശയായി പറയുകയാണ് ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കപില്‍ ശര്‍മ ഷോയിലാണ് രോഹിത് ആ രണ്ട് താരങ്ങള്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയത്.
ഇന്നത്തെക്കാലത്ത് എല്ലാവര്‍ക്കും സിംഗിള്‍ റൂം കിട്ടും. എന്നാല്‍ എന്നെങ്കിലും എനിക്ക് എന്‍റെ സിംഗിള്‍ റൂം പങ്കിടേണ്ടിവന്നാല്‍ അതൊരിക്കലും ശിഖര്‍ ധവാനും റിഷഭ് പന്തിനും ഒപ്പമാവില്ലെന്ന് രോഹിത് തമാശയായി പറഞ്ഞു. കാരണം, രണ്ടുപേരും വൃത്തിയുടെ കാര്യത്തില്‍ പിന്നിലാണ്. പരിശീലനം കഴിഞ്ഞുവരുമ്പോള്‍ അവര്‍ രണ്ടുപേരും വസ്ത്രങ്ങളെല്ലാം നേരെ ബെഡിലേക്ക് വലിച്ചെറിയും. അവരുടെ മുറി മാത്രം ഉച്ചക്ക് ഒരു മണി വരെയൊക്കെ ശല്യപ്പെടുത്തരുത്(ഡു നോട്ട് ഡിസ്റ്റര്‍ബ്) മോഡിലായിരിക്കും. കാരണം, ഉച്ചക്ക് ഒരു മണിവരെയൊക്കെ അവര്‍ കിടന്നുറങ്ങും.
ഹൗസ് കീപ്പിംഗ് സ്റ്റാഫ് എങ്ങാനും റൂമിലേക്ക് കയറിയാലോ എന്ന് പേടിച്ചിട്ടാണ് അവര്‍ ശല്യപ്പെടുത്തരുത് മോഡില്‍ ഇടുന്നത്. ഒരു മൂന്ന് നാലു ദിവസമൊക്കെ മുറി വൃത്തികേടായി കിടന്നാലും അവര്‍ക്ക് വലിയ കുഴപ്പമില്ല. പക്ഷെ അത് കൂടെ കഴിയുന്നവര്‍ക്ക് പ്രശ്നമാകും. അതുകൊണ്ടാണ് പറഞ്ഞത് അവര്‍ക്കൊപ്പം ഒരിക്കലും മുറി പങ്കിടില്ലെന്ന്-രോഹിത് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പില്‍ തോറ്റതിന് ആരാധകര്‍ കടുത്ത രോഷത്തിലായിരിക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്. പക്ഷെ അവര്‍ നല്‍കിയ പിന്തുണ ഞങ്ങളെ അത്ഭുതപ്പെടുത്തി. നാട്ടില്‍ നടന്ന ലോകകപ്പില്‍ കിരീടം നേടാനാവാത്തതിന്‍റെ ദേഷ്യമൊന്നും അവര്‍ പ്രകടിപ്പിച്ചില്ല. നന്നായി കളിച്ചുവെന്നായിരുന്നു അവര്‍ പറഞ്ഞത്-രോഹിത് വ്യക്തമാക്കി. തുടര്‍ച്ചയായി പത്ത് മത്സരങ്ങള്‍ ജയിച്ച് ഫൈനലിലെത്തിയ ഇന്ത്യക്ക് പക്ഷെ ഫൈനലില്‍ ഓസ്ട്രേലിയക്ക് മുന്നില്‍ അടിപതറിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക