ശ്രേയസിനേയും കിഷനേയും കുത്തിനോവിച്ച് രോഹിത്! പരമ്പര നേട്ടത്തില്‍ ടീമിലെ യുവതരങ്ങളെ പ്രകീര്‍ത്തിച്ച് നായകന്‍
മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 90 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിംഗ്‌സില്‍ പുറത്താവാതെ 39 റണ്‍സ് നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന്റെ വിജയം നേടിയതോടെയാണ് ഒരു മത്സരം കൂടി ശേഷിക്കെ ഇന്ത്യ (3-1) പരമ്പര നേടിയത്. നാലാം ടെസ്റ്റില്‍ 192 റണ്‍സ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് മുന്നോട്ടുവച്ചത്. ഇന്ത്യ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശുഭ്മാന്‍ ഗില്‍ (52), ധ്രുവ് ജുറെല്‍ (39) എന്നിവരാണ് ക്രീസില്‍ ഉറച്ചുനിന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. രോഹിത് ശര്‍മ (55)യാണ് ടോപ് സ്‌കോറര്‍.
പൂര്‍ണമായും യുവതാരങ്ങളുടെ പരമ്പരയായിരുന്നതിത്. രോഹിത് അത് സമ്മതിക്കുകയും ചെയ്തു. ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍... ''നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ എല്ലാം ശുഭകരമായിട്ടാണ് തോന്നുന്നത്. കടുത്ത പോരാട്ടങ്ങള്‍ക്കൊടുവിലാണ് പരമ്പര സ്വന്തമാക്കാനായത്. പരമ്പരയിലുടനീളം ഏറെ വെല്ലുവിളികളുണ്ടായിരുന്നു. ഡ്രസിംഗ് റൂമിനെ കുറിച്ചോര്‍ത്ത് അഭിമാനം മാത്രം. ഒരുപാട് സന്തോഷമുണ്ട്. യുവതാരങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. അവര്‍ മുമ്പ് ചെയ്ത കഠിനാധ്വാനത്തിന്റെ ഫലമാണ് കാണുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ അവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. അതുകൊണ്ടുതന്നെ, ഇവിടെ വലിയ വെല്ലുവിളി ഏറ്റെടുക്കാന്‍ അവര്‍ക്കായി. അവര്‍ക്ക് വേണ്ട സാഹചര്യം ഒരുക്കുകയെന്നതായിരുന്നു എനിക്കും കോച്ച് രാഹുല്‍ ദ്രാവിഡിനുമുണ്ടായിരുന്ന പ്രധാന ജോലി. ധ്രുവ് ജുറെല്‍ അവന്റെ രണ്ടാം ടെസ്റ്റ് മാത്രമാണ് കളിക്കുന്നത്. എന്നാല്‍ അതിനപ്പുറമുള്ള പക്വത അവന്‍ കാണിച്ചു. തികഞ്ഞ ശാന്തത അവന്റെ ബാറ്റിംഗിലുണ്ടായിരുന്നു. ആദ്യ ഇന്നിംഗില്‍ അവന്‍ നേടിയ 90 റണ്‍സ് നിര്‍ണായകമായിരുന്നു.'' രോഹിത് പറഞ്ഞു.
യുവതാരങ്ങളുടെ അവസരത്തെ കുറിച്ചും രോഹിത് സംസാരരിച്ചു. ''കോലി എല്ലാം തെളിയിച്ച് കളിക്കാരനാണ്. കോലി തിരിച്ചെത്തുമ്പോള്‍ യുവതാരങ്ങള്‍ തമ്മിലുള്ള മത്സരം കടുക്കും. അവര്‍ക്ക് സ്ഥാനം നിലനിര്‍ത്തുക എളുപ്പമായിരിക്കില്ല. എന്ത് സംഭവിച്ചാലും വിജയിക്കണമെന്ന ആഗ്രഹത്തോടെയാണ് ഞങ്ങള്‍ ഓരോ ടെസ്റ്റിനും തിരിയുന്നത്. ഇതൊരു മികച്ച പരമ്പരയാണ്. പക്ഷേ ധരംശാല ടെസ്റ്റിലാണ് ഇപ്പോഴത്തെ ശ്രദ്ധ മുഴുവനും.'' രോഹിത് വ്യക്തമാക്കി. ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. അതിനെ കുറിച്ച് പറയാതെ പറയുക കൂടിയാണ് രോഹിത് ചെയ്തത്.
മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 90 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിംഗ്‌സില്‍ പുറത്താവാതെ 39 റണ്‍സ് നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. വിക്കറ്റിന് പിന്നില്‍ ഗംഭീര പ്രകടനമായിരുന്നു താരത്തിന്റേത്.