മത്സരം കൈവിട്ട് പോയിരുന്നു, എന്നാല്‍! ദക്ഷിണാഫ്രിക്കയെ തിരിച്ചടിച്ചതിന് പിന്നിലെ രഹസ്യം വ്യക്തമാക്കി രോഹിത്
ഒരു ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക ജയിക്കുമെന്ന് തോന്നിച്ചുവെന്നും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയതെന്നും രോഹിത് പറഞ്ഞു.
ബാര്‍ബഡോസ്: ടി20 ലോകകപ്പ് നേട്ടത്തിന് ശേഷം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു ഇന്ത്യന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കരിയര്‍ അവസാനിപ്പിക്കാന്‍ ഇതിലും മികച്ച സമയമില്ലെന്നാണ് രോഹിത് മത്സരശേഷം പറഞ്ഞത്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിട്ടാണ് രോഹിത് ഇന്ത്യന്‍ ജേഴ്‌സ് അഴിക്കുന്നത്. 159 മത്സരങ്ങളില്‍ (151 ഇന്നിംഗ്‌സ്) 4231 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. അഞ്ച് സെഞ്ചുറികള്‍ നേടിയ രോഹിത് 32.05 ശരാശരിയില്‍ 4231 റണ്‍സ് നേടി. 140.89 സ്‌ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്. പുറത്താവാതെ നേടിയ 121 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
വിരമിക്കുന്നതിനിടയിലും ഫൈനലില്‍ ഇന്ത്യന്‍ ടീം പുറത്തെടുത്ത പോരാട്ടത്തെ കുറിച്ച് ഹിറ്റ്മാന്‍ വാചാലനായി. ഒരു ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക ജയിക്കുമെന്ന് തോന്നിച്ചുവെന്നും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയതെന്നും രോഹിത് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ടി20 ലോകകപ്പ് ഉയര്‍ത്താനായത്. കഴിഞ്ഞ മൂന്നോ വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണ് ഇപ്പോള്‍ കണ്ടത്. നന്നായി കഠ്ിന്വധ്വാനം ചെയ്തു. പുറത്ത് കാണുന്നത് പോലെയല്ല, തിരശീലയ്ക്ക് പിന്നില്‍ ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഇന്നത്തെ മത്സരം നോക്കൂ. ഒരുഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക ജയിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ നമ്മള്‍ ഒന്നിച്ച് നിന്ന് മത്സരത്തിലേക്ക് തിരികെ വന്നു. എന്റെ ടീമിനെ കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. കോച്ച്, ടീം മാനേജ്‌മെന്റ് അങ്ങനെ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. അതിശയിപ്പിക്കുന്ന പ്രകടനം ടൂര്‍ണമെന്റിലുടനീളം ടീമിന് പുറത്തെടുക്കാനായെന്ന് എനിക്ക് തോന്നുന്നു.'' രോഹിത് പറഞ്ഞു.
ഇതാണ് നല്ല സമയം, ഒരുപാട് ആസ്വദിച്ചു! വിരമിക്കല്‍ പ്രസംഗത്തില്‍ വികാരധീനനായി രോഹിത് ശര്‍മ -വീഡിയോ
വിരാട് കോലി, ജസ്പ്രിത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെ കുറിച്ചും രോഹിത് സംസാരിച്ചു. ''കോലിയുടെ ഫോമില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ നിലവാരം ഞങ്ങള്‍ക്കറിയാം. 15 വര്‍ഷമായി കോലി തന്റെ നിലവാരം കാത്തുസൂക്ഷിക്കുന്നു. നിര്‍ണായക മത്സരത്തില്‍ കോലി ഫോമിലേക്ക് തിരിച്ചെത്തി. മറ്റുള്ളവര്‍ പിന്തുണ നല്‍കി. കോലി കഴിയുന്ന അത്രയും പിടിച്ചുനിന്ന് കളിച്ചു. അക്‌സറിന്റെ 47 റണ്‍സും വളരെ നിര്‍ണായകമായിരുന്നു. ബുമ്രയ്‌ക്കൊപ്പം ഞാന്‍ ഒരുപാട് വര്‍ഷങ്ങളായി കളിക്കുന്നു. എന്ത് ചെയ്യണമെന്ന് ബുമ്രയ്ക്ക് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. വേണ്ടത് അവന്‍ ഇങ്ങോട്ട് തരും. അവസാന ഓവറിലടക്കം ഹാര്‍ദിക്കും മിടുക്ക് കാണിച്ചു.'' രോഹിത് പറഞ്ഞുനിര്‍ത്തി.
ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യ ജയിക്കുന്നത്. 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്.