രോഹിത്തിന് അതിന് കഴിയും പക്ഷെ കോലിയെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല, തുറന്നു പറഞ്ഞ് മുന്‍ സെലക്ടര്‍
ഓരോ ബാറ്റര്‍ക്കും ഓരോ ശൈലിയുണ്ടെന്നും അത് പിന്തുടരാനാണ് അവര് ശ്രമിക്കേണ്ടതെന്നും ശ്രീകാന്ത് പറഞ്ഞു. യശസ്വി ജയ്‌സ്വാളിനോട് സമയമടെുത്ത് കളിക്കാന്‍ പറഞ്ഞാല്‍ അത് നടക്കില്ല.
ബെംഗലൂരു: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യൻ ടി20 ടീമില്‍ മടങ്ങിയെത്തിയ വിരാട് കോലിയുടെ ബാറ്റിംഗ് സമീപനത്തെ വിമര്‍ശിച്ച് മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ കളിക്കാതിരുന്ന കോലി രണ്ടാം മത്സരത്തില്‍ ആക്രമണോത്സുക ബാറ്റിംഗിലൂടെ 16 പന്തില്‍ 29 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ മൂന്നാം മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സിന് ശ്രമിച്ച് കോലി ഗോള്‍ഡന്‍ ഡക്കായിരുന്നു. ഇതിനെതിരെയാണ് ശ്രീകാന്ത് തന്‍റെ യുട്യൂബ് ചാനലിലൂടെ വിമര്‍ശനം ഉയര്‍ത്തിയത്.
ഓരോ ബാറ്റര്‍ക്കും ഓരോ ശൈലിയുണ്ടെന്നും അത് പിന്തുടരാനാണ് അവര് ശ്രമിക്കേണ്ടതെന്നും ശ്രീകാന്ത് പറഞ്ഞു. യശസ്വി ജയ്‌സ്വാളിനോട് സമയമടെുത്ത് കളിക്കാന്‍ പറഞ്ഞാല്‍ അത് നടക്കില്ല. അടിച്ചു കളിക്കുന്നതാണ് അവന്‍റെ ശൈലി. അതുപോലെ കോലിയും തന്‍റെ സ്വാഭാവിക ശൈലി എന്താണോ അത് പിന്തുടരാനാണ് ശ്രമിക്കേണ്ടത്. വിരാട് തുടക്കത്തില്‍ നിലയുറപ്പിച്ച് അവസാനം അടിച്ചു തകര്‍ക്കുന്നതാണ് കോലിയുടെ രീതി. അത് പിന്തുടരാനാണ് അദ്ദേഹം ശ്രമിക്കേണ്ടത്. അല്ലാതെ തുടക്കത്തിലെ സിക്സ് അടിക്കാന്‍ നോക്കുകയല്ല വേണ്ടത്.
രണ്ടാം വിവാഹത്തിന് സാനിയയുടെ സമ്മതം കിട്ടിയോ?, ഷൊയ്ബ് മാലിക്കിനോട് ചോദ്യവുമായി ആരാധകര്‍
രോഹിത് ശര്‍മക്ക് രണ്ട് ശൈലിയിലും ബാറ്റ് ചെയ്യാന്‍ കഴിയും. കോലിക്ക് പക്ഷെ അതിനാവില്ല. ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ കോലി കളിച്ച ഐതിഹാസിക ഇന്നിംഗ്സ് നമുക്കെല്ലാം ഓര്‍മയുണ്ട്. തുടക്കത്തില്‍ നിലയുറപ്പിച്ചശേഷം അവസാനം അടിച്ചു തകര്‍ക്കുകയായിരുന്നു കോലി അന്ന് ചെയ്തത്. ആ മത്സരം ജയിപ്പിച്ചത് കോലിയുടെ ഈ ശൈലിയാണ്. സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചിന്തിച്ച് തുടക്കത്തിലെ അടിച്ചു തകര്‍ക്കാന്‍ നോക്കിയാല്‍ ചിലപ്പോള്‍ പണി പാളും.
ആദ്യ പന്തു മുതല്‍ സിക്സ് അടിക്കാന്‍ നോക്കിയാല്‍ ഇത് രാജ്യാന്തര ക്രിക്കറ്റാണ്, ചിലപ്പോള്‍ ഭാഗ്യമുണ്ടെങ്കില്‍ ഒന്നോ രണ്ടെണ്ണമോ കണക്ട് ചെയ്യുമായിരിക്കും. എന്നാല്‍ എല്ലായ്പ്പോഴും ഭാഗ്യം ഉണ്ടാകണമെന്നില്ലെന്നും ശ്രീകാന്ത് പറഞ്ഞു. കോലി തന്‍റെ സ്വാഭാവിക ശൈലിയില്‍ ബാറ്റ് ചെയ്യുകയാണ് വേണ്ടത്. അങ്ങനെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ അദ്ദേഹം ഇത്രയും റണ്‍സടിച്ചു കൂട്ടിയത്. എല്ലാവരുടെ അവരവരുടെ ശക്തിക്ക് അനുസരിച്ചാവണം ബാറ്റ് ചെയ്യേണ്ടതെന്നും ശ്രീകാന്ത് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക