തോല്‍വിക്ക് പിന്നാലെ സങ്കടം അടക്കാനാവാതെ വിതുമ്പി രോഹിത്; ആശ്വസിപ്പിച്ച് ദ്രാവിഡ്-വീഡിയോ
നേരത്തെ സൂപ്പര്‍ 12വില്‍ മെല്‍ബണില്‍ നടന്ന ആദ്യ മത്സരത്തില്‍ ഒരുലക്ഷത്തോളം പേര്‍ക്ക് നടുവില്‍ നിന്ന് ദേശീയഗാനം ആലപിച്ചശേഷവും രോഹിത്തിന്‍റെ കണ്ണ് നിറഞ്ഞിരുന്നു. തോല്‍വിയില്‍ കടുത്ത നിരാശയുണ്ടെന്ന് രോഹിത് സമ്മാനദാനച്ചടങ്ങില്‍ പറഞ്ഞു.
അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ തോല്‍വിക്ക് പിന്നാലെ കണ്ണീരണിഞ്ഞ് നായകന്‍ രോഹിത് ശര്‍മ. ഇംഗ്ലണ്ടിനെതിരായ പത്ത് വിക്കറ്റ് തോല്‍വിക്ക് പിന്നാലെ ക്യാമറകള്‍ ഇന്ത്യന്‍ ഡഗ് ഔട്ടിലിരിക്കുകയായിരുന്ന രോഹിത്തിന് സൂം ചെയ്തിരുന്നു. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനൊപ്പം ഡഗ് ഔട്ടിലിരിക്കുകയായിരുന്ന രോഹിത് മുഖംപൊത്തി തലകുനിച്ചിരുന്നു.
പിന്നീട് കണ്ണീര്‍ തുടച്ചു. സമീപത്തിരുന്ന പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് രോഹിത്തിന്‍റെ പുറത്തു തട്ടി ആശ്വസിപ്പിച്ചു. പിന്നീട് സങ്കടത്തോടെ സമീപത്തിരുന്ന റിഷഭ് പന്തിനോട് രോഹിത് സംസാരിക്കുന്നതും കാണാമായിരുന്നു. ക്യാമറകള്‍ മുഖത്തു നിന്ന് ഫോക്കസ് മാറ്റിയതോടെ വീണ്ടും മുഖംപൊത്തിയിരുന്ന രോഹിത് അല്‍പസമയത്തിനുശേഷം മുഖം തുടച്ച് സമ്മാനദാന ചടങ്ങിനായി പോയി.
നേരത്തെ സൂപ്പര്‍ 12വില്‍ മെല്‍ബണില്‍ നടന്ന ആദ്യ മത്സരത്തില്‍ ഒരുലക്ഷത്തോളം പേര്‍ക്ക് നടുവില്‍ നിന്ന് ദേശീയഗാനം ആലപിച്ചശേഷവും രോഹിത്തിന്‍റെ കണ്ണ് നിറഞ്ഞിരുന്നു. തോല്‍വിയില്‍ കടുത്ത നിരാശയുണ്ടെന്ന് രോഹിത് സമ്മാനദാനച്ചടങ്ങില്‍ പറഞ്ഞു. ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ അവസാനം നമ്മള്‍ നന്നായി ബാറ്റ് ചെയ്ത് ഭേദപ്പെട്ട സ്കോറിലെത്തി. പക്ഷെ ബൗളിംഗില്‍ നമ്മള്‍ നിലവാരം പുലര്‍ത്തിയില്ല. ഇന്ന് നമ്മുടെ ദിവസമാക്കാന്‍ പറ്റിയില്ല. നോക്കൗട്ട് മത്സരങ്ങളില്‍ സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതാണ് പ്രധാനം. ടീമിലുള്ളവരെല്ലാം ഐപിഎല്ലിലെ സമ്മര്‍ദ്ദ മത്സരങ്ങള്‍ കളിച്ചുവന്നിട്ടുള്ളവരാണ്. അത് അവര്‍ക്ക് മനസിലാവേണ്ടതാണ്-രോഹിത് പറഞ്ഞു.
കഴിഞ്ഞവര്‍ഷം വിരാട് കോലിയുടെ നേതൃത്വത്തില്‍ ലോകകപ്പിനിറങ്ങിയ ഇന്ത്യ സെമിയിലെത്താതെ പുറത്തായതിന് പിന്നാലെയാമ് രോഹിത് ടീം ഇന്ത്യയുടെ ടി20 നായകസ്ഥാനം ഏറ്റെടുത്തത്. രോഹിത്തിന് കീഴില്‍ ദ്വിരാഷ്ട്ര പരമ്പരകളില്‍ ടീം മികവ് കാട്ടിയെങ്കിലും കോലിക്ക് നേടാന്‍ കഴിയാതിരുന്ന ഐസിസി കിരീടം ഒടുവില്‍ രോഹിത്തിന്‍റെ കൈില്‍ നിന്നും വഴുതി പോയി. അടുത്ത ടി20 ലോകകപ്പ് 2024ലാണ്. അതുവരെ 35കാരനായ രോഹിത് ടി20 യില്‍ തുടരുമോ എന്നകാര്യം സംശയമാണ്.
ലോകകപ്പിലെ തോല്‍വി; ഇന്ത്യയുടെ മുറിവില്‍ 'കുത്തി' ട്രോളുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി
2013നുശേഷം ടി ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഒരിക്കല്‍ കൂടി ഇന്ത്യ സെമി കടമ്പയില്‍ തട്ടി മടങ്ങുകയായിരുന്നു. ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റിന്‍റെ നാണംകെട്ട തോല്‍വിയായിരുന്നു ഇന്ത്യ ഇന്ന് വഴങ്ങിയത്.