ടി20 ലോകകപ്പുമായി രോഹിത് ശര്‍മയും ജയ് ഷായും ക്ഷേത്രത്തില്‍; പ്രത്യേക പൂജകള്‍ നടത്തി
ട്വന്റി 20 ലോകകപ്പ് ട്രോഫിയും ക്ഷേത്രത്തില്‍ പൂജിക്കാന്‍ കൊണ്ടുവന്നു.
മുംബൈ: ഐസിസി ചെയര്‍മാന്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ച ജയ് ഷാ മുംബൈയിലെ സിദ്ദി വിനായക ക്ഷേത്രത്തിലെത്തി. ഇന്ത്യന്‍ നായകന്‍ രോഹിതിനൊപ്പമാണ് ജയ് ഷാ എത്തിയത്. ട്വന്റി 20 ലോകകപ്പ് ട്രോഫിയും ക്ഷേത്രത്തില്‍ പൂജിക്കാന്‍ കൊണ്ടുവന്നു. കൂടെ പ്രത്യേക പൂജകള്‍ നടത്തി. ഇതിനിടെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണ കിട്ടിയതോടെയാണ് ജയ് ഷാ ഐസിസിയുടെ പുതിയ ചെയര്‍മാന്‍ ആകുമെന്നാണ് കരുതപ്പെടുന്നത്. ഐസിസി അധ്യക്ഷനാവുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ജയ് ഷാ. മുപ്പത്തിയഞ്ചുകാരനായ ജയ് ഷാ ഐസിസിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാന്‍ ആയിരിക്കും.
അതേസമയം, മത്സരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇനിയും അപേക്ഷ സമര്‍പ്പിക്കാം. താത്പര്യമുള്ളവര്‍ ഈ മാസം 27നകം അറിയിക്കണം. ഒന്നിലധികം പേരുണ്ടെങ്കില്‍ ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടത്തും. കഴിഞ്ഞ ജനുവരിയില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ജയ് ഷായെ ഐസിസിയുടെ അടുത്ത ചെയര്‍മാനായി നാമനിര്‍ദേശം ചെയ്യാന്‍ തിരുമാനിച്ചിരുന്നു. നേരത്തെ ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. എന്‍ ശ്രീനിവാസന്‍ (2014 മുതല്‍ 2015 വരെ), ശശാങ്ക് മനോഹര്‍ (2015 മുതല്‍ 2020 വരെ) എന്നിവരാണ് ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നവര്‍. ഐസിസി പ്രസിഡന്റ് സ്ഥാനത്തും രണ്ട് ഇന്ത്യക്കാരുണ്ടായിരുന്നു.
പ്രതിഷേധം ഫലം കണ്ടു! ഡ്യൂറന്റ് കപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ കൊല്‍ക്കത്തയില്‍ തന്നെ നടത്തും
ജഗ്മോഹന്‍ ഡാല്‍മിയ (1997 മുതല്‍ 2000 വരെ), ശരദ് പവാര്‍ (2010 - 2012) എന്നിവര്‍ പ്രസിഡന്റുമാരായി. ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ കൂടിയായ ഷാ. നിലവില്‍ ന്യൂസിലന്‍ഡുകാരനായ ഗ്രെഗ് ബാര്‍ക്ലേയാണ് ഐസിസി ചെയര്‍മാന്‍. 2020ലാണ് ബാര്‍ക്ലേ ഐസിസി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ ജയിച്ച് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തെത്തിയാല്‍ ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനവും ബിസിസിഐ സെക്രട്ടറി സ്ഥാനവും ഒഴിയും. 2021ലാണ് ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. 2019ല്‍ 31-ാം വയസിലാണ് ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2009ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായാണ് ജയ് ഷാ ക്രിക്കറ്റ് ഭരണരംഗത്ത് വരുന്നത്.