'ആര് വേണമെങ്കിലും അടിച്ചോ, ഒരു മണിക്കൂര്‍ സമയം തരും'; രോഹിത് പറഞ്ഞ കാര്യം വെളിപ്പെടുത്തി റിഷഭ് പന്ത്
88 പന്തിലായിരുന്നു റിഷഭ് പന്ത് അര്‍ധസെഞ്ചുറി തികച്ചത്. അതിന് മുമ്പ് തന്നെ തുടര്‍ച്ചയായ സിക്സുകള്‍ പറത്തി 79 പന്തില്‍ ഗില്‍ അര്‍ധസെഞ്ചുറി തികച്ചിരുന്നു.
ചെന്നൈ: ബംഗ്ലാദേശിനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ക്രീസിലിറങ്ങിയപ്പോള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി റിഷഭ് പന്ത് പതുക്കെയാണ് തുടങ്ങിയത്. തുടക്കത്തിലെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായതിനാല്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ രണ്ടാം ദിനത്തിലെ കളി അവസാനിപ്പിക്കാനായിരുന്നു റിഷഭ് പന്തും ശുഭ്മാന്‍ ഗില്ലും ശ്രമിച്ചത്. അതുകൊണ്ട് തന്നെ പന്തിന്‍റെ സാഹസിക ഷോട്ടുകള്‍ കാണാന്‍ ആഗ്രഹിച്ച ആരാധകര്‍ നിരാശരാകുകയും ചെയ്തു.
88 പന്തിലായിരുന്നു റിഷഭ് പന്ത് അര്‍ധസെഞ്ചുറി തികച്ചത്. അതിന് മുമ്പ് തന്നെ തുടര്‍ച്ചയായ സിക്സുകള്‍ പറത്തി 79 പന്തില്‍ ഗില്‍ അര്‍ധസെഞ്ചുറി തികച്ചിരുന്നു. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ റിഷഭ് പന്ത് ഗിയര്‍ മാറ്റി. ലഞ്ചിന് മുമ്പ് പിന്നീട് നേരിട്ട 23 പന്തില്‍ പന്ച് 32 റണ്‍സടിച്ചു. ലഞ്ചിന് ശേഷമാകട്ടെ 124 പന്തില്‍ സെഞ്ചുറി തികയ്ക്കുകയും ചെയ്തു. അര്‍ധ സെഞ്ചുറിയില്‍ നിന്ന് സെഞ്ചുറിയിലെത്താന്‍ പന്തിന് വേണ്ടിവന്നത് 36 പന്തുകള്‍ മാത്രമായിരുന്നു. തനിക്ക് മുമ്പെ അര്‍ധസെഞ്ചുറി തികച്ച ഗില്ലിനെ മറികടന്ന് എങ്ങനൊയാണ് വേഗം സെഞ്ചുറി തികച്ചത് എന്ന ചോദ്യത്തിന് ഇന്നലെ മത്സരശേഷം റിഷഭ് പന്ത് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.
ലഞ്ചിന് പിരിഞ്ഞപ്പോള്‍ രോഹിത് ഭായി ഞങ്ങളോട് പറഞ്ഞത്, ഡിക്ലറേഷന് ഒരു മണിക്കൂര്‍ സമയം തരും, അതിന് മുമ്പ് ആരാണ് അടിക്കുന്നതെങ്കില്‍ അടിച്ചോ എന്നായിരുന്നു. അതു കേട്ടപ്പോഴാണ് എന്നാല്‍ പിന്നെ കുറച്ച് റിസ്കെടുത്ത് കളിക്കാമെന്ന് തീരുമാനിച്ചതെന്ന് റിഷഭ് പന്ത് ജിയോ സിനിമയോട് പറഞ്ഞു. ആദ്യ ഇന്നിംഗ്സില്‍ 52 പന്തില്‍ 39 റണ്‍സെടുത്ത റിഷഭ് പന്ത് രണ്ടാം ഇന്നിംഗ്സില്‍ 128 പന്തില്‍ 109 റണ്‍സെടുത്ത് പുറത്തായി. ശുഭ്മാന്‍ ഗില്ലാകട്ടെ 176 പന്തില്‍ 119 റണ്‍സുമായി പുറത്താകാതെ നിന്നു.
രണ്ട് വര്‍ഷം മുമ്പ് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റശേഷം ആദ്യമായി ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തിയ മത്സരത്തിലായിരുന്നു റിഷഭ് പന്തിന്‍റെ സെഞ്ചുറി. നാലാം ദിനം ബംഗ്ലാദേശിനെ 234 റണ്‍സിന് പുറത്താക്കി ഇന്ത്യ ടെസ്റ്റില്‍ 280 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി രണ്ട് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തുകയും ചെയ്തു. 515 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ബംഗ്ലാദേശ് നാലാം ദിനം 234 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 82 റണ്‍സെടുത്ത ക്യാപ്റ്റൻ നജ്മുള്‍ ഹൗസൈന്‍ ഷാന്‍റോ മാത്രമാണ് ബംഗ്ലാദേശിനായി പൊരുതിയത്. ഇന്ത്യക്കായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ അശ്വിന്‍ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തി കളിയുടെ താരമായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക