ദുലീപ് ട്രോഫി അരങ്ങേറ്റത്തില്‍ രോഹന്‍ കുന്നുമ്മലിന് സെഞ്ചുറി; അടുത്ത സൂപ്പര്‍ താരമെന്ന് ക്രിക്കറ്റ് ലോകം
ദുലീപ് ട്രോഫിയില്‍ രോഹന്‍ ആദ്യമായിട്ടാണ് കളിക്കുന്നത്. രോഹന്റെ കരുത്തില്‍ സൗത്ത് സോണ്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 290 റണ്‍സെടുത്തിട്ടുണ്ട്.
സേലം: ദുലീപ് ട്രോഫിയില്‍ മലയാളി താരം രോഹിന്‍ കുന്നുമ്മലിന് സെഞ്ചുറി. സൗത്ത് സോണിന് വേണ്ടി കളിക്കുന്ന രോഹന്‍ നേര്‍ത്ത് സോണിനെതിരെയാണ് സെഞ്ചുറി നേടിയത്. 225 പന്തില്‍ 143 റണ്‍സ് നേടിയ രോഹനെ നവ്ദീപ് സൈനി ബൗള്‍ഡാക്കി. ദുലീപ് ട്രോഫിയില്‍ രോഹന്‍ ആദ്യമായിട്ടാണ് കളിക്കുന്നത്. രോഹന്റെ കരുത്തില്‍ സൗത്ത് സോണ്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 290 റണ്‍സെടുത്തിട്ടുണ്ട്.
ഹനുമ വിഹാരി (86), ബാബ ഇന്ദ്രജിത്ത് (7) എന്നിവരാണ് ക്രീസില്‍. മായങ്ക് അഗര്‍വാളാണ് (49) പുറത്തായ മറ്റൊരു താരം. സേലത്ത് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് സോണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ മായങ്കിനൊപ്പം 101 റണ്‍സാണ് രോഹന്‍ കൂട്ടിചേര്‍ത്തത്. എന്നാല്‍ മായങ്ക്, നിശാന്ത് സിദ്ദുവിന്റെ പന്തില്‍ ബൗള്‍ഡായി.
തുടര്‍ന്ന് ഇന്ത്യന്‍ ടെസ്റ്റ് താരം വിഹാരിക്കൊപ്പം ഒത്തുചേര്‍ന്ന രോഹന്‍ മൂന്നാം വിക്കറ്റില്‍ 167 റണ്‍സും കൂട്ടിചേര്‍ത്തു. സിക്‌സ് നേടിയാണ് രോഹന്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 16 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംസ്. ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ അഞ്ച് ഇന്നിംഗ്‌സില്‍ നാലിലും സെഞ്ചുറി നേടാന്‍ രോഹനായിരുന്നു. 107, 129, 106, 75 എന്നിങ്ങനെയായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്.
അവസാന ആറ് ഇന്നിംഗ്‌സില്‍ 568 റണ്‍സാണ് രോഹന്റെ സമ്പാദ്യം. 113.6 റണ്‍സാണ് താരത്തിന്റെ ശരാശരി. കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു രോഹന്‍.
സൗത്ത് സോണ്‍ ടീം: രോഹന്‍ കുന്നുമ്മല്‍, മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, ബാബ ഇന്ദ്രജിത്ത്, മനീഷ് പാണ്ഡെ, റിക്കി ബുയി, സായ് കിഷോര്‍, കൃഷ്ണപ്പ ഗൗതം, തനസ് ത്യാഗരാജന്‍, ബേസില്‍ തമ്പി, രവി തേജ.