ബിസിസിഐ പ്രസിഡന്‍റ്, ഗാംഗുലി പുറത്തേക്ക്; റോജര്‍ ബിന്നി പുതിയ പ്രസിഡന്‍റാകും
ബിന്നിയും ജയ്ഷായും യഥാക്രമം പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടാമൂഴത്തിനില്ലെന്ന് ഗാംഗുലിയും വ്യക്തമാക്കിയതോടെയാണ് ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് 1983ലെ ലോകകപ്പ് ഹീറോ കൂടിയായ റോജര്‍ ബിന്നിക്ക് അവസരമൊരുങ്ങിയത്.
മുംബൈ: ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി പുറത്തേക്ക്. മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നിയെ ഗാംഗുലിക്ക് പകരം പുതിയ ബിസിസിഐ പ്രസിഡന്‍റായി തെരഞ്ഞെടുക്കാന്‍ തത്വത്തില്‍ ധാരണയായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തുടരുമ്പോള്‍ രാജിവ് ശുക്ല വൈസ് പ്രസിഡന്‍റാവും. റോജര്‍ ബിന്നി പ്രസിഡന്‍റാവുമ്പോള്‍ നിലവിലെ ബിസിസിഐ ട്രഷറര്‍ അരുണ്‍ ധൂമാല്‍ ബ്രിജേഷ് പട്ടേലിന് പകരം ഐപിഎല്‍ ഭരണസമിതി ചെയര്‍മാനാവും.
ബിന്നിയും ജയ്ഷായും യഥാക്രമം പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടാമൂഴത്തിനില്ലെന്ന് ഗാംഗുലിയും വ്യക്തമാക്കിയതോടെയാണ് ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് 1983ലെ ലോകകപ്പ് ഹീറോ കൂടിയായ റോജര്‍ ബിന്നിക്ക് അവസരമൊരുങ്ങിയത്. ഈ മാസം 18ന് നടക്കുന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ബിന്നിയെ പ്രസിഡന്‍റായി ഔദ്യോഗികമായി തെരഞ്ഞെടുക്കും. ഇന്ത്യക്കായി 27 ടെസ്റ്റില്‍ കളിച്ചിട്ടുള്ള ബിന്നി 47 വിക്കറ്റെടുത്തിട്ടുണ്ട്. 72 ഏകദിനങ്ങലില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ ബിന്നി 1983ലെ ഏകദിന ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ 18 വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ഹീറോ ആയിരുന്നു. മുന്‍ ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നി മകനാണ്.
പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനങ്ങളിലെ കൂളിംഗ് ഓഫ് കാലാവധി ഒഴിവാക്കാനുള്ള ഭരണഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചതോടെ ഗാംഗുലിയില്‍ നിന്ന് പ്രസിഡന്‍റ് സ്ഥാനം ജയ് ഷാ ഏറ്റെടുക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. അതേസമയം, അരുണ്‍ ധുമാല്‍ പുതിയ ഐപിഎല്‍ ചെയര്‍മാനാവുമ്പോള്‍ ബിസിസിഐ ട്രഷറര്‍ സ്ഥാനത്തേക്ക് ബിജെപിയുടെ മുംബൈയിലെ കരുത്തനായ ആശിഷ് ഷെലാര്‍ ട്രഷറര്‍ നാനമിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
സ്പിന്‍ കെണിയില്‍ കറങ്ങി വീണു, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 100 റണ്‍സ് വിജയലക്ഷ്യം
ആസമില്‍ നിന്നുള്ള ദേവ്ജിത് സൈക്കിയ ആണ് ജോയന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കും ആശിഷ് ഷെലാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ 14ന് മുമ്പ് ഇത് പിന്‍വലിക്കുമെന്നാണ് കരുതുന്നത്. പകരം റോജര്‍ ബിന്നിയുടെ വിശ്വസ്തനായ സന്ദീപ് പാട്ടീല്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ആയേക്കും.
അതേസമയം, ഐസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ബിസിസിഐ ഗാംഗുലിയെ പിന്തുണക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. തിങ്കളാഴ്ച വൈകിട്ട് ബിസിസിഐ ആസ്ഥാനത്ത് എത്തിയ ഗാംഗുലി അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഐസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആരെയാകും ബിസിസിഐ പിന്തുണക്കുക എന്നത് വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിക്കുമെന്നാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന രാജീവ് ശുക്ല പറഞ്ഞു.