ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിനെ വിളിക്കൂ! സെവാഗിന് പിന്നാലെ മലയാളി താരത്തെ പിന്തുണച്ച് റോബിന്‍ ഉത്തപ്പ

മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയും ഇതേ അഭിപ്രായക്കാരനാണ്. അദ്ദേഹം പറയുന്നത് മലയാളിതാരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവണമെന്നാണ്.

Robin Uthappa wants young wicket keeper Sanju Samson in team india

ബംഗളൂരു: ടി20 ലോകകപ്പ് തുടങ്ങുന്നിന് മുമ്പ് ഫേവറൈറ്റുകളായിരുന്നു ഇന്ത്യ. എന്നാല്‍ നിറംമങ്ങിയ പ്രകടനത്തോടെ ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായി. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. തോല്‍വിക്ക് പിന്നാലെ കടുത്ത വിമര്‍ശനങ്ങളാണ് ടീമിനും താരങ്ങള്‍ക്കുമെതിരെ ഉണ്ടായത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, ആര്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ ഇനിയും കളിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന അഭിപ്രായമുണ്ടായി. സീനിയേഴ്‌സ് വഴിമാറി യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും ആവശ്യമുയര്‍ന്നു. 

മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയും ഇതേ അഭിപ്രായക്കാരനാണ്. അദ്ദേഹം പറയുന്നത് മലയാളിതാരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവണമെന്നാണ്. ഉത്തപ്പയുടെ വാക്കുകള്‍... ''ഇന്ത്യന്‍ ടീമിലിപ്പോള്‍ യുവതാരങ്ങള്‍ക്കുള്ള വാതില്‍ മലക്കെ തുറന്നിട്ടുണ്ട്. പകരക്കാരെ കൊണ്ടുവരാനുള്ള സമയമാണിത്. തലമുറമാറ്റം വേണം. ഭാവിയിലേക്കാണ് ഇനി നോക്കേണ്ടത്. സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാദി എന്നീ താരങ്ങള്‍ ടീമില്‍ വരണം. ഇരുവരും കഴിവുള്ള താരങ്ങളാണ്. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉമ്രാന്‍ മാലിക്, ദീപക് ഹൂഡ എന്നിവര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല.'' ഉത്തപ്പ പറഞ്ഞു.

ടി20 ലോകകപ്പ് ഫൈനല്‍: മഴ ഭീഷണി കണക്കിലെടുത്ത് വലിയ മാറ്റം പ്രഖ്യാപിച്ച് ഐസിസി

നേരത്തെ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ തിരിഞ്ഞിരുന്നു. സഞ്ജു, ഇഷാന്‍ കിഷന്‍, പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്വാദ് തുടങ്ങിയ യുവതാരങ്ങളെ ദ്വിരാഷ്ട്ര പരമ്പരകളില്‍ മാത്രം കളിപ്പിക്കുകയും അതിനുശേഷം ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്റുകളില്‍ ഒഴിവാക്കുകയും ചെയ്യുന്നത് ശരിയായ രീതിയല്ലെന്ന് സെവാഗ് ക്രിക് ബസിനോട് പറഞ്ഞു. 

''യുവതാരങ്ങളെല്ലാം രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ച് പരിചയമുള്ളവരാണ്. അവിടെ റണ്‍സടിച്ചിട്ടുമുണ്ട്. ദ്വിരാഷ്ട്ര പരമ്പരകള്‍ വരുമ്പോള്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങളെ പരീക്ഷിക്കും. എന്നിട്ട് വലിയ ടൂര്‍ണമെന്റുകള്‍ വരുമ്പോള്‍ യുവതാരങ്ങളെ മാറ്റി സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തും. ഇപ്പോള്‍ ലോകകപ്പിന് പിന്നാലെ നടക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തിലും യുവതാരങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ മികവ് കാട്ടിയാലും യുവതാരങ്ങള്‍ക്ക് എന്ത് പ്രതിഫലമാണ് കിട്ടുക? സീനിയര്‍ താരങ്ങള്‍ വിശ്രമം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അവര്‍ പുറത്താവും. ദ്വിരാഷ്ട്ര പരമ്പരകളില്‍ മികവ് കാട്ടുന്ന യുവതാരങ്ങളെ ടീമിലെടുക്കുകയും മികവിലേക്ക് ഉയരാത്ത സീനിയര്‍ താരങ്ങളോട് നിങ്ങളുടെ സേവനത്തിന് വളരെ നന്ദിയെന്ന് പറഞ്ഞ് ഒഴിവാക്കാനും ക്രിക്കറ്റ് ബോര്‍ഡ് തയാറാവണം.'' സെവാഗ് പറഞ്ഞു.
 

Latest Videos
Follow Us:
Download App:
  • android
  • ios