ഇന്ത്യൻ ടീമിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ അവസാനിച്ചു; 34ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യ താരം
2016ല്‍ ഇന്ത്യക്കായി മൂന്ന് ഏകദിനങ്ങളിലും ഒരു ടി20യിലും കളിച്ചിട്ടുള്ള റിഷി ധവാന് പിന്നീട് ഇന്ത്യൻ ടീമിലെത്താനായില്ല.
ധരംശാല: വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചതിന് പിന്നാലെ ഇന്ത്യൻ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓള്‍ റൗണ്ടര്‍ റിഷി ധവാന്‍. വിജയ് ഹസാരെ ട്രോഫിയില്‍ ഹരിയാനക്ക് വേണ്ടിയാണ് 34കാരനായ റിഷി ധവാന്‍ അവസാനം കളിച്ചത്.
2016ല്‍ ഇന്ത്യക്കായി മൂന്ന് ഏകദിനങ്ങളിലും ഒരു ടി20യിലും കളിച്ചിട്ടുള്ള റിഷി ധവാന് പിന്നീട് ഇന്ത്യൻ ടീമിലെത്താനായില്ല. 2016ല്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു റിഷി ധവാന്‍റെ ഏകദിന അരങ്ങേറ്റം. അതേവര്‍ഷം സിംബാബ്‌വെക്കെതിരെ ആയിരുന്നു കരിയറിലെ ഏക രാജ്യാന്തര ടി20 മത്സരം. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും രഞ്ജി ട്രോഫിയില്‍ ഹിമാചലിനായി തുടര്‍ന്നും കളിക്കുമെന്ന് റിഷി ധവാന്‍ വ്യക്തമാക്കി. ജനുവരി 23നാണ് രഞ്ജി ട്രോഫിയുടെ രണ്ടാംഘട്ടം തുടങ്ങുന്നത്.
ഹൃദയഭാരത്തോടെയാണെങ്കിലും ദു:ഖങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യൻ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്ന് കഴിഞ്ഞ 20 വര്‍ഷമായി തന്‍റെ ജീവിതം തന്നെയായിരുന്നു ക്രിക്കറ്റെന്നും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ റിഷി ധവാന്‍ വ്യക്തമാക്കി. 2021-22 സീസണില്‍ ഹിമാചല്‍പ്രേദശിനെ വിജയ് ഹസാരെ ട്രോഫി കിരീടത്തിലേക്ക് നയിച്ചത് റിഷി ധവാനായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും ആദ്യ അഞ്ചിലെത്തിയ ആദ്യ ഓള്‍ റൗണ്ടറുമാണ് റിഷി ധവാന്‍. 2021-22 സീസണില്‍ 458 റണ്‍സുമായി റണ്‍വേട്ടയില്‍ രണ്ടാമതെത്തിയ ധവാന്‍ 17 വിക്കറ്റുമായി വിക്കറ്റ് വേട്ടയിലും രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ഈ സീസണില്‍ ഒരു അര്‍ധസെഞ്ചുറി അടക്കം ഏഴ് കളികളില്‍ 196 റണ്‍സും എട്ട് വിക്കറ്റും ധവാന്‍ നേടി. വിജയ് ഹസാരെ ട്രോഫിയില്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്താണാണ് ഹിമാചല്‍പ്രദേശ്. കരിയറില്‍ 134 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 2906 റണ്‍സും 186 വിക്കറ്റുമാണ് റിഷി ധവാന്‍റെ സമ്പാദ്യം. 135 ടി20 മത്സരങ്ങളില്‍ നിന്ന് 1740 റണ്‍സും 118 വിക്കറ്റും ധവാന്‍ സ്വന്തമാക്കി. ഐപിഎല്ലില്‍ 2013 മുതല്‍ 2024വരെയുള്ള കാലയളവില്‍ പഞ്ചാബ് കിംഗ്സ് , മുംബൈ ഇന്ത്യൻസ് ടീമുകള്‍ക്കായും ധവാന്‍ കളിച്ചിട്ടുണ്ട്. 39 ഐപിഎല്‍ മത്സരങ്ങളില്‍ 210 റണ്‍സും 25 വിക്കറ്റുമാണ് ആകെ നേട്ടം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക