IPL 2022 : സഞ്ജുവും സംഘവും ഒന്നു കരുതിയിരുന്നോ! വലിയ മുന്നറിയിപ്പ് നല്‍കി റിഷഭ് പന്ത്

ചെന്നൈയ്‌ക്കെതിരായ മത്സരത്തിന് ശേഷം ടീമിന്റെ പ്ലേ ഓഫ് സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ റിഷഭ് പന്ത്. രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള ടീമുകളെ മറികടക്കുമെന്നാണ് പന്ത് നല്‍കുന്ന സൂചന.

rishabh pant talking on their playoff chance in ipl 2022

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് (CSK) തോറ്റതോടെ ഡല്‍ഹി കാപിറ്റല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലായി. 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ പത്ത് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ഇനിയുള്ള മൂന്ന് മത്സരങ്ങളിലും ജയിച്ചാലേ പ്ലേ ഓഫിന് യോഗ്യത നേടാനാവൂ. രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals), പഞ്ചാബ് കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കെതിരെയാണ് ഡല്‍ഹിയുടെ അവസാന മത്സരങ്ങള്‍.

ചെന്നൈയ്‌ക്കെതിരായ മത്സരത്തിന് ശേഷം ടീമിന്റെ പ്ലേ ഓഫ് സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ റിഷഭ് പന്ത്. രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള ടീമുകളെ മറികടക്കുമെന്നാണ് പന്ത് നല്‍കുന്ന സൂചന. ''ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏക കാര്യം, വരുന്ന മൂന്ന് മത്സരങ്ങളും ജയിക്കുകയെന്നതാണ്. എന്നാല്‍ ഒന്നും എളുപ്പമല്ല. ടീമിലെ ചിലര്‍ പൂര്‍ണമായും ഫിറ്റല്ല. എന്നാല്‍ അതൊരു ഒഴിവുകഴിവായി ഞാന്‍ പറയുന്നില്ല. തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷ.''  പന്ത് പറഞ്ഞു. 

തോല്‍വിയെ കുറിച്ച് പന്തിന്റെ വിശദീകരണമിങ്ങനെ... ''ചെന്നൈ എല്ലാ മേഖലയിലും മികച്ച് നിന്നു. ഫലം ഞങ്ങള്‍ക്ക് എതിരായി. ഇപ്പോള്‍ പോസിറ്റീവായിട്ട് മാത്രമാണ് ചിന്തിക്കുന്നത്. അടുത്ത മത്സരങ്ങളെ കുറിച്ച് മാത്രമാണ് ഇപ്പോഴത്തെ ചിന്ത.'' പന്ത് പറഞ്ഞുനിര്‍ത്തി.

91 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഡല്‍ഹി ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി. 87 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. 

മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 17.4 ഓവറില്‍ 117ന് എല്ലാവരും പുറത്തായി. മൊയീന്‍ അലി മൂന്ന് വിക്കറ്റെടുത്തു. മുകേഷ് ചൗധരി, സിമാര്‍ജീത് സിംഗ്, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios