Andrew Symonds : ആരാധകര്‍ അറിയുമോ? ആ ലോക റെക്കോര്‍ഡ് 20 വര്‍ഷം ആൻഡ്രൂ സൈമണ്ട്‌സിന്‍റെ കൈവശമിരുന്നു!
ഓസ്‌ട്രേലിയക്കായാണ് ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും അദേഹത്തിന്‍റെ ലോക റെക്കോര്‍ഡ് പിറന്നത് മൈലുകള്‍ക്കകലെ ഇംഗ്ലണ്ടിലാണ്
സിഡ്‌നി: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളെന്ന വിശേഷണമുണ്ടെങ്കിലും ഓസീസ് മുന്‍താരം ആൻഡ്രൂ സൈമണ്ട്‌സിന്‍റെ(Andrew Symonds) പേരിലൊരു ലോക റെക്കോര്‍ഡ് 20 വര്‍ഷം ഭദ്രമായി നിലനിന്നു എന്നത് ആരാധകര്‍ക്ക് അധികമറിയാത്ത വസ്‌തുതയായിരിക്കും. ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗും കൊണ്ട് 'ത്രീഡി' ക്രിക്കറ്റര്‍ എന്ന് നിസംശയം വിളിക്കാവുന്ന താരത്തിന്‍റെ കരിയറിലെ ആദ്യ നാളുകളിലെ സുവര്‍ണ റെക്കോര്‍ഡ് ഇതുതന്നെ.
ഓസ്‌ട്രേലിയക്കായാണ് ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും ആൻഡ്രൂ സൈമണ്ട്‌സിന്‍റെ ലോക റെക്കോര്‍ഡ് പിറന്നത് മൈലുകള്‍ക്കകലെ ഇംഗ്ലണ്ടിലാണ്. 1995ല്‍ ഗ്ലോസ്റ്റഷെയറിനായി കളിക്കുമ്പോഴായിരുന്നു ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കപ്പെട്ടത്. ഒരിന്നിംഗ്‌സില്‍ 16 സിക്‌സറുകളോടെ പുറത്താകാതെ 254 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ തന്‍റെ പേരിനൊപ്പം ആൻഡ്രൂ സൈമണ്ട്‌സ് ചേര്‍ത്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയതിന്‍റെ ഈ വ്യക്തിഗത റെക്കോര്‍ഡ് രണ്ട് പതിറ്റാണ്ട് തകരാതെ നിന്നു എന്നതാണ് സവിശേഷത. ന്യൂസിലന്‍ഡിന്‍റെ കോളിന്‍ മണ്‍റോ 2015ലാണ് 23 സിക്‌സുകളോടെ ഈ റെക്കോര്‍ഡ് ഭേദിച്ചത്. ഓക്‌ലന്‍ഡും സെന്‍ട്രല്‍ ഡിസ്‌ട്രിക്‌ടും തമ്മിലുള്ള മത്സരത്തിലായിരുന്നു മണ്‍റോയുടെ സിക്‌സര്‍ മേളം.
ഒരു റെക്കോര്‍ഡ് തകര്‍ന്നത് ദിവസങ്ങള്‍ക്ക് മാത്രം മുമ്പ്
കൗണ്ടി ക്രിക്കറ്റിലെ ഒരിന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറെന്ന റെക്കോർഡ് ആൻഡ്രൂ സൈമണ്ട്സില്‍ നിന്ന് ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്‌സ് ഈ മാസാദ്യം സ്വന്തമാക്കിയിരുന്നു. വോർസെസ്റ്റർഷെയറിനെതിരെ ഡർഹാം ഓൾറൗണ്ടർ 17 സിക്‌സകള്‍ പറത്തിയാണ് പുത്തന്‍ റെക്കോര്‍ഡ് സ്ഥാപിച്ചത്.
ക്വിൻസ്‍ലാൻഡിലുണ്ടായ കാറപകടത്തിലാണ് 46കാരനായ ആൻഡ്രൂ സൈമണ്ട്‌സ് മരണമടഞ്ഞത്. ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറിൽ ഒരാളായിരുന്നു. ഓസ്ട്രേലിയക്കായി 26 ടെസ്റ്റും 198 ഏകദിനങ്ങളും 14 ട്വന്‍റി 20കളും കളിച്ചു. 2003ലും 2007ലും ലോകകിരീടം നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായി. 2003 ലോകകപ്പിൽ പാകിസ്ഥാനെതിരായ മാച്ച് വിന്നിംഗ് സെഞ്ച്വറിയുമായി നിറഞ്ഞുനിന്നു. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്‍റെയും മുംബൈ ഇന്ത്യന്‍സിന്‍റേയും താരമായിരുന്നു. ആദ്യ സീസണ്‍ ഐപിഎല്ലിൽ സെഞ്ച്വറിയും ഡെക്കാനൊപ്പം കിരീടവും നേടിയിട്ടുണ്ട് ആൻഡ്രൂ സൈമണ്ട്‌സ്. വിരമിച്ച ശേഷം ഫോക്സ് സ്പോർട്സിന്‍റെ കമന്‍റേറ്ററായി സേവനമനുഷ്ടിച്ചിരുന്നു.
ആൻഡ്രൂ സൈമണ്ട്‌സ് ഏകദിനത്തില്‍ 5000ലേറെ റണ്‍സും നൂറിലേറെ വിക്കറ്റുമുള്ള അപൂര്‍വ താരങ്ങളിലൊരാളാണ്. 11 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ 198 ഏകദിനങ്ങളില്‍ 5088 റണ്‍സും 133 വിക്കറ്റും നേടി. 26 ടെസ്റ്റില്‍ 1462 റണ്‍സും 24 വിക്കറ്റും 14 രാജ്യാന്തര ടി20യില്‍ 337 റണ്‍സും 8 വിക്കറ്റും സ്വന്തമാക്കി. ഐപിഎല്ലില്‍ 39 മത്സരങ്ങളില്‍ 974 റണ്‍സും 20 വിക്കറ്റും സ്വന്തമാക്കി. ഒപ്പം എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായും വാഴ്‌ത്തപ്പെട്ടു. ഷെയ്ൻ വോണിനും റോഡ് മാർഷിനും ശേഷം ഈ വർഷം വിടവാങ്ങുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ ഇതിഹാസ ക്രിക്കറ്റ് താരമാണ് ആൻഡ്രൂ സൈമണ്ട്‌സ്.