ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബുമ്ര കളിക്കില്ല. ഒന്നാം ടെസ്റ്റില്‍ 44 ഓവര്‍ പന്തെറിഞ്ഞ ബുമ്രയ്ക്ക് വിശ്രമം നല്‍കാനാണ് തീരുമാനം.
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുമ്ര ബര്‍മിംഗ്ഹാം ടെസ്റ്റില്‍ കളിക്കില്ല. ഒന്നാം ടെസ്റ്റില്‍ 44 ഓവര്‍ പന്തെറിഞ്ഞ ബുമ്രയ്ക്ക് വിശ്രമം നല്‍കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ബുധനാഴ്ചയാണ് രണ്ടാം ടെസ്റ്റിന് തുടക്കമാവുക. ജൂലൈ പത്തിന് തുടങ്ങുന്ന മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ ബുമ്ര തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേസമയം, പരിക്ക് മാറിയ ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറെ ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തി. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലെത്തുന്നത്.
ബുമ്ര മൂന്ന് ടെസ്റ്റുകള്‍ മാത്രമെ കളിക്കുകയുള്ളു. ഈ തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കാനില്ല എന്ന് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. ബുമ്ര മാത്രമല്ല, രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഓള്‍ റൗണ്ടര്‍ എന്ന ടാഗിലെത്തി ബാറ്റിങ്ങിലും ബൗളിങ്ങിലും ഇംഗ്ലണ്ടിനെതിരെ തിളങ്ങാന്‍ ശാര്‍ദൂല്‍ താക്കൂറിന് കഴിഞ്ഞിരുന്നില്ല. 16 ഓവര്‍ പന്തെറിഞ്ഞ് വഴങ്ങിയത് 89 റണ്‍സ്, രണ്ട് വിക്കറ്റും. ബാറ്റുകൊണ്ടുള്ള സംഭാവന അഞ്ച് റണ്‍സും മാത്രം. ലീഡ്സ് ബാറ്റിങ്ങിന് അനുകൂലമായിരുന്നിട്ടും താരം നിരാശപ്പെടുത്തി.
ശാര്‍ദൂലിന് പകരം നിതീഷ് കുമാര്‍ റെഡ്ഡിക്ക് ബിര്‍മിങ്ഹാമില്‍ സാധ്യതയുണ്ട്. ബോര്‍ഡര്‍ - ഗവാസ്‌ക്കര്‍ ട്രോഫിയിലെ പ്രകടനം തുണയ്ക്കും, പ്രത്യേകിച്ചും മെല്‍ബണിലെ സെഞ്ച്വറി. ശാര്‍ദൂലിനേക്കാള്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങില്‍ വരെ കൂടുതല്‍ ഇംപാക്റ്റുണ്ടാക്കാന്‍ കഴിയുന്ന താരമായാണ് നിതീഷിനെ വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ശരാശരിക്ക് താഴെ നിന്നപ്പോള്‍ സബ്സ്റ്റിറ്റിയൂട്ടായി എത്തി ഔട്ട് ഫീല്‍ഡിലും ഇന്നര്‍ സര്‍ക്കിളിലും നിതീഷ് മികവ് പുലര്‍ത്തി.
കുല്‍ദീപ് യാദവിനേയും ടീമിലെത്തിക്കാന്‍ സാധ്യതയുണ്ട്. ചൈനാമാന്‍ എന്നൊരു അനുകൂല്യവുമുണ്ട്. ഇംഗ്ലണ്ടിന്റെ ഭാവി താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാരി ബ്രൂക്കും ജേമി സ്മിത്തുമടക്കമുള്ളവര്‍ക്ക് സ്പിന്നിന്നെതിരെ അത്ര മികച്ച റെക്കോര്‍ഡില്ല എന്നത് കുല്‍ദീപിനെ ടീമിലുള്‍പ്പെടുത്താന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. 2024ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ രവീന്ദ്ര ജഡേജയേക്കാള്‍ മികച്ച ശരാശരിയില്‍ 19 വിക്കറ്റെടുത്ത് തിളങ്ങിയിരുന്നു കുല്‍ദീപ്. എന്നാല്‍, ജഡേജയ്ക്ക് പകരം കുല്‍ദീപ് എന്ന കടുത്ത തീരുമാനത്തിലേക്ക് മാനേജ്‌മെന്റ് കടക്കാനുള്ള സാധ്യത വിരളമാണ്.



