ഇന്ത്യക്കെതിരെ ടി20 റെക്കോര്‍ഡിട്ട് ഓസ്‌ട്രേലിയ! സെഞ്ചുറിക്കാരന്‍ ഇന്‍ഗ്ലിസിനെ തേടിയും നിരവധി നേട്ടങ്ങള്‍
ഇന്ത്യക്കെതിരെ ടി20 മത്സരങ്ങളില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും ഉയര്‍ന്ന് സ്‌കോറാണിത്. 2013ല്‍ രാജ്‌കോട്ടില്‍ നേടിയ 201 റണ്‍സാണ് അവര്‍ മറികടന്നത്. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോറും 208 റണ്‍സാണ്.
വിശാഖപട്ടണം: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് ഓസ്‌ട്രേലിയ അടിച്ചെടുത്തത്. ജോഷ് ഇന്‍ഗ്ലിസന്റെ (50 പന്തില്‍ 110) സെഞ്ചുറിയാണ് സന്ദര്‍ശകരെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്കെതിരെ ടി20 മത്സരങ്ങളില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും ഉയര്‍ന്ന് സ്‌കോറാണിത്. 2013ല്‍ രാജ്‌കോട്ടില്‍ നേടിയ 201 റണ്‍സാണ് അവര്‍ മറികടന്നത്. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോറും 208 റണ്‍സാണ്. അതേസമയം, ഇന്ത്യക്കെതിരെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന നാലാമത്തെ ടി20 താരമായി ഇന്‍ഗ്ലിസ്.
ഇവിന്‍ ലൂയിസ് (125), ഷെയ്ന്‍ വാട്‌സണ്‍ (124), ഗ്ലെന്‍ മാക്‌സ്‌വെല്‍ (113) എന്നിവരാണ് ഇന്‍ഗ്ലിസിന് മുന്നില്‍. മൂവരേയും പുറത്താക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. 2017 രാജ്‌കോട്ടില്‍ കോളിന്‍ മണ്‍റോ പുറത്താവാതെ നേടിയ 109 റണ്‍സ് അഞ്ചാമത്. ടി20യില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമാണ് ഇന്‍ഗ്ലിസ്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (3), ആരോണ്‍ ഫിഞ്ച് (2), ഡേവിഡ് വാര്‍ണര്‍, ഷെയ്ന്‍ വാട്‌സണ്‍ (1) എന്നിവരാണ് സെഞ്ചുറി നേടിയ മറ്റുതാരങ്ങള്‍.
ടി20 ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച അഞ്ചാമത്തെ കൂട്ടുകെട്ട് കൂടിയാണിത്. ആരോണ്‍ ഫിഞ്ച് - ഡാര്‍സി ഷോര്‍ട്ട് (223), ഗ്ലെന്‍ മാക്‌സ്‌വെല്‍ - ഡേവിഡ് വാര്‍ണര്‍ (161), ഫിഞ്ച് - വാര്‍ണര്‍ (134), വാര്‍ണര്‍ - ഷെയ്ന്‍ വാട്‌സണ്‍ (133) എന്നിവരാണ് ആദ്യ നാല് സ്ഥാനക്കാര്‍. ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന അഞ്ചാമത്തെ ഓസീസ് താരം കൂടിയായി ഇന്‍ഗ്ലിസ്. എട്ട് സിക്‌സുകളാണ് താരം നേടിയത്. ആരോണ്‍ ഫിഞ്ചാണ് (14, 10) ആദ്യ രണ്ട് സ്ഥാനങ്ങളില്‍. തുടര്‍ന്നുള്ള രണ്ട് സ്ഥാനങ്ങള്‍ മാക്‌സ്‌വെല്ലിന് (9). പിന്നാലെ ഇന്‍ഗ്ലിസ്.
നേരത്തെ, മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അഞ്ച് ടി20കളുളള പരമ്പരയിലെ ആദ്യ മത്സരമാണ് നടക്കുന്നത്. റുതുരാജ് ഗെയ്കവാദും യഷസ്വി ജെയ്സ്വാളും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പര്‍.