ഇന്ത്യന്‍ തിരിച്ചടി നേരിടാന്‍ തയാറായിക്കഴിഞ്ഞുവെന്ന് കോളിംഗ്‌വുഡ്
കളിക്കളത്തിലെ അക്രമണോത്സുകതയുടെ കാര്യത്തില്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീം മുന്‍ ഓസ്ട്രേലിയന്‍ ടീമിനെപ്പോലെയാണെന്ന് പറയുന്നത് കുറച്ച് കടുപ്പമാണെന്നും കോളിംഗ്‌വുഡ്
ഓവല്‍: ലീഡ്സിലേറ്റ തോല്‍വിക്ക് ഓവലില്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇംഗ്ലണ്ട് സഹപരീശലകന്‍ പോള്‍ കോളിംഗ്‌വുഡ്. ഇന്ത്യന്‍ തിരിച്ചടി ഓവലില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. കാരണം ഇന്ത്യയോപ്പോലെ ഉന്നതനിലവാരമുള്ളൊരു ടീമില്‍ നിന്ന് തിരിച്ചടി ഉണ്ടാകുമെന്ന് ഞങ്ങള്‍ക്ക് അറിയാം. അതുകൊണ്ടുതന്നെ അത് നേരിടാന്‍ 100 ശതമാനം തയാറായി തന്നെയാകും ഇംഗ്ലണ്ട് ഇറങ്ങുകയെന്നും കോളിംഗ്‌വുഡ് വ്യക്തമാക്കി.
കളിക്കളത്തിലെ അക്രമണോത്സുകതയുടെ കാര്യത്തില്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീം മുന്‍ ഓസ്ട്രേലിയന്‍ ടീമിനെപ്പോലെയാണെന്ന് പറയുന്നത് കുറച്ച് കടുപ്പമാണെന്നും കോളിംഗ്‌വുഡ് പറഞ്ഞു. പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഒരു ഇഞ്ചുപോലും വിട്ടുകൊടുക്കാതെ പോരാടുകയാണ്. ഓസ്ട്രേലിയന്‍ ടീം പോലും പണ്ട് കളിച്ച രീതിയിലല്ല ഇപ്പോള്‍ കളിക്കുന്നത്. അവരുടെ പെരുമാറ്റവും സമീപനവുമെല്ലാം ഏറെ മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയെ ഓസ്ട്രേലിയയോട് താരതമ്യം ചെയ്യുന്നത് കടന്ന കൈയാണ്.
ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ന്നടിഞ്ഞതിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും കോളിംഗ്‌വുഡ് വ്യക്തമാക്കി. പിച്ചും സാഹചര്യങ്ങളും ബൗളിംഗിന് അനുകൂലമായിരുന്നു. അത്തരം സാഹചര്യത്തില്‍ മികച്ച ലൈനിലും ലെംഗ്ത്തിലും പന്തെറിഞ്ഞ ഇംഗ്ലീഷ് ബൗളര്‍മാര്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാക്കിയെന്നും കോളിംഗ്‌വുഡ് വ്യക്തമാക്കി.
ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് 1-1 സമനിലയിലാണ്. വ്യാഴാഴ്ച കെന്നിംഗ്ടണ്‍ ഓവലിലാണ് പരമ്പരയിലെ നാലാം ടെസ്റ്റ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.