IPL 2022 : പച്ച ജഴ്സിയിൽ ജയിച്ച സീസണുകളുടെ ഫൈനലില്‍ ആര്‍സിബി; ഇത്തവണയും ചരിത്രം ആവർത്തിക്കുമോ?
ഈ സീസണിൽ 12 മത്സരങ്ങളിൽനിന്നായി റോയല്‍ ചലഞ്ചേര്‍സ് ബാംഗലൂരു (RCB) സ്വന്തമാക്കിയത് 7 ജയം. 14 പോയിന്‍റുള്ള ഡുപ്ലെസിയും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചെന്ന് പറയാറായിട്ടുമില്ല.
പച്ച ജേഴ്‌സിയിലെ ജയം ബാംഗ്ലൂർ ആരാധകരെ വലിയ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ഇതിന് മുമ്പ് രണ്ട് സീസണിൽ മാത്രമാണ് പച്ച ജഴ്സിയിൽ ബാംഗ്ലൂർ ജയിച്ചിട്ടുള്ളൂ. ആ രണ്ട് തവണയും ടീം ഫൈനലിലെത്തുകയും ചെയ്തിരുന്നു എന്നതാണ് ആരാധകരുടെ ഇപ്പോഴത്തെ ആവേശത്തിന് കാരണം.
ഈ സീസണിൽ 12 മത്സരങ്ങളിൽനിന്നായി റോയല്‍ ചലഞ്ചേര്‍സ് ബാംഗലൂരു (RCB) സ്വന്തമാക്കിയത് 7 ജയം. 14 പോയിന്‍റുള്ള ഡുപ്ലെസിയും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചെന്ന് പറയാറായിട്ടുമില്ല. പക്ഷേ ടീം ഇത്തവണ പ്ലേ ഓഫും കടന്ന് ഫൈനലിൽ എത്തുമെന്നാണ് ആരാധകർ പറയുന്നത്. അതിന് കാരണം പച്ച ജഴ്സിയിൽ ഹൈദരാബാദിനെതിരെ നേടിയ ജയമാണ്. പച്ച ജഴ്സിയിൽ ജയിച്ചപ്പോഴൊക്കെ അതാത് സീസണിൽ കരുത്ത് കാട്ടിയിട്ടുണ്ട് ആര്‍സിബി.
പ്രകൃതി സംരക്ഷണത്തിന്‍റെ പ്രാധാന്യം ഉയർത്തിക്കാട്ടുകയാണ് പച്ച ജഴ്സി ധരിക്കുന്നതിലൂടെ ബാംഗ്ലൂർ ഉദ്ദേശിക്കുന്നത്. വലിയ വിജയചരിത്രമൊന്നുമില്ല ബാംഗ്ലൂരിന് ഈ ജഴ്സിയിൽ. ഇതുവരെ 11 സീസണുകളിൽ പച്ചയണിഞ്ഞു. ഇത്തവണത്തേത് ഉൾപ്പെടെ 3 തവണ മാത്രമാണ് ജയിക്കാനായത്. മുന്‍പ് രണ്ട് തവണ പച്ചയിൽ ജയിച്ച സീസണുകളിലും ഫൈനലിൽ എത്തിയെന്നതാണ് ബാംഗ്ലൂരിന്‍റെ ഇനിയുള്ള പ്രതീക്ഷ.
ഓരോ സീസണിലും ഒരു മത്സരം വീതമാണ് പച്ച ജഴ്സിയിൽ ടീം ഇറങ്ങുക.
2011 ലാണ് ആര്‍സിബി ആദ്യമായി പച്ചയിൽ കളിച്ചത്. എതിരാളികളായ കൊച്ചി ടസ്‌കേഴ്‌സിനെ 9 വിക്കറ്റിന് തകർത്തു. അക്കൊല്ലം ബാംഗ്ലൂർ ഫൈനലിലെത്തി. 14 കളിയിൽ 9 ജയവുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായിട്ടായിരുന്നു മുന്നേറ്റം. കലാശപ്പോരാട്ടത്തിൽ ചെന്നൈയോട് കാലിടറി.
2012. ഇത്തവണ എതിരാളികൾ മുംബൈ. 5 വിക്കറ്റിന് തോറ്റു ബാംഗ്ലൂർ. സീസണിന് ഒടുവിൽ പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ഒതുങ്ങിയതോടെ പ്ലേ ഓഫ് കാണാതെ പുറത്ത്.
2013. കിംഗ്സ് ഇലവൻ പഞ്ചാബിനോട് പച്ച ജഴ്സിയിൽ ഇറങ്ങിയ ബാംഗ്ലൂരിന് നിരാശയായിരുന്നു ഫലം. തോൽവി 7 വിക്കറ്റിന്. ഗ്രൂപ്പ് ഘട്ടം അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ആര്‍സിബിക്ക് ഈ സീസണും പ്ലേ ഓഫ് അന്യമായി.
2014 . എതിരാളികൾ അക്കാലത്തെ കരുത്തരായ ചെന്നൈ. 8 വിക്കറ്റിന് ബാംഗ്ലൂർ തോറ്റു. പോയിന്‍റ് പട്ടികയിൽ ഏഴാമതായി.
2015. ഡെൽഹിയുമായുള്ള മത്സരം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു.
2016. പച്ച ജഴ്സിയിൽ ആര്‍സിബി ആറാടിയ മത്സരമായിരുന്നു ഗുജറാത്ത് ലയൺസിനെതിരായ കളി. വിരാട് കോലിയും ഡിവില്ലിയേഴ്സും ഗുജറാത്ത് ബൗളർമാരെ തലങ്ങും വിലങ്ങും പറത്തി. ഇരുവരും സെഞ്ച്വറി നേടിയ മത്സരത്തിൽ ബാംഗ്ലൂരിന്‍റെ ജയം 144 റൺസിന്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്കും ഫൈനലിലേക്കും. ഫൈനലിൽ പക്ഷേ ഹൈദരാബാദിനോട് 8 റൺസിന് തോറ്റു.
2017. എതിരാളികൾ കൊൽക്കത്ത. പച്ചയണിഞ്ഞെത്തിയ ബാംഗ്ലൂരിനെ 6 വിക്കറ്റിന് നൈറ്റ് റൈഡേഴ്സ് തോൽപ്പിച്ചു. ആര്‍സിബി മറക്കാൻ ആഗ്രഹിക്കുന്ന സീസൺ കൂടിയായിരുന്നു അത്. 14 കളിയിൽ വെറും 8 മത്സരം മാത്രം ജയിച്ച ബാംഗ്ലൂർ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്നു.
2018. രാജസ്ഥാൻ റോയൽസിനോട് പച്ചക്കാരായ ബാംഗ്ലൂർ 19 റൺസിന് തോറ്റു. ഇത്തവണയും RCB ഗ്രൂപ്പ് ഘട്ടം കടന്നില്ല.
2019. ഡെൽഹി യോട് 16 റൺസിന്‍റെ തോൽവി. ബാംഗ്ലൂർ ഓർമിക്കാനേ ആഗ്രഹിക്കാത്ത മറ്റൊരു സീസൺ. അക്കൊല്ലം ഫിനിഷ് ചെയ്തത് അവസാന സ്ഥാനക്കാരായി.
2020. ചെന്നൈയോട് പച്ച ജഴ്സിയിൽ കളിച്ച ബാംഗ്ലൂർ 8 വിക്കറ്റ് തോറ്റു. റൺ റേറ്റിന്‍റെ അടിസ്ഥാനത്തിൽ പ്ലേ ഓഫിലേക്ക് കഷ്ടി കടന്നു കൂടിയെങ്കിലും എലിമിനേറ്ററിൽ ബാംഗ്ലൂരിന് കാലിടറി. ഫൈനൽ സ്വപ്നമായി.
ഇതാണ് പച്ച ജഴ്സിയുടെ ചരിത്രം. ഇത് കണ്ടാണ് പച്ചയിൽ ജയിച്ചിട്ടുണ്ടെങ്കിൽ ബാംഗ്ലൂർ ഫൈനലിലെത്തുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്.