രണ്ടാം ടെസ്റ്റിനു മുമ്പ് ഇന്ത്യക്ക് ആശ്വാസവാർത്ത, സൂപ്പർ ഓൾ റൗണ്ടർ തിരിച്ചെത്തും, മൂന്ന് മാറ്റങ്ങൾക്ക് സാധ്യത
ആദ്യ ടെസ്റ്റിന് മുമ്പ് ജഡേജക്ക് പരിക്കേറ്റതോടെ ആര്‍ അശ്വിനാണ് ഇന്ത്യക്കായി സ്പെഷലിസ്റ്റ് സ്പിന്നറായി പ്ലേയിംഗ് ഇലവനില്‍ കളിച്ചത്. ഒരു വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും ബാറ്റിംഗില്‍ രണ്ട് ഇന്നിംഗ്സിലും നിരാശപ്പെടുത്തി.
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്ത. പരിക്കുമൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. സെഞ്ചൂറിയന്‍ ടെസ്റ്റിന്‍റെ മൂന്നാം ദിനം ജഡേജ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനത്തിനിറങ്ങുകയും 20 മിനിറ്റ് നേരം ടീം അംഗങ്ങള്‍ക്കൊപ്പം സജീവമായി പരിശീലനത്തില്‍ പങ്കെടുക്കുകയും ചെയ്തു. പരിക്കിന്‍റെ യാതൊരു സൂചനകളും ജഡേജ പ്രകടിപ്പിച്ചിരുന്നില്ല.
ആദ്യ ടെസ്റ്റിന് മുമ്പ് ജഡേജക്ക് പരിക്കേറ്റതോടെ ആര്‍ അശ്വിനാണ് ഇന്ത്യക്കായി സ്പെഷലിസ്റ്റ് സ്പിന്നറായി പ്ലേയിംഗ് ഇലവനില്‍ കളിച്ചത്. ഒരു വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും ബാറ്റിംഗില്‍ രണ്ട് ഇന്നിംഗ്സിലും നിരാശപ്പെടുത്തി. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ജഡേജ തിരിച്ചെത്തുമ്പോള്‍ അശ്വിനായിരിക്കില്ല പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തു പോകുക എന്നാണ് റിപ്പോര്‍ട്ട്.
കേപ്ടൗണില്‍ രണ്ട് സ്പിന്നര്‍മാരും മൂന്ന് പേസര്‍മാരും എന്ന കോംബിനേഷനില്‍ ഇറങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ പേസര്‍മാരില്‍ ഷാര്‍ദ്ദുല്‍ താക്കൂറോ പ്രസിദ്ധ് കൃഷ്ണയോ പുറത്താകും. ഇരുവരും ആദ്യ ടെസ്റ്റില്‍ തീര്‍ത്തും നിറം മങ്ങിയിരുന്നു.
രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്ക് ആവേശ് ഖാനെയും ഉള്‍പ്പെടുത്തിയതിനാല്‍ ഇരുവര്‍ക്കും പകരം ബുമ്രക്കും സിറാജിനുമൊപ്പം ആവേശ് ഖാനെയും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. ബാറ്റിംഗ് നിര രണ്ട് കളികളിലും നിരാശപ്പെടുത്തിയെങ്കിലും രണ്ടാം ടെസ്റ്റിലും മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ല. ടോപ് ത്രീയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും ശുഭ്മാന്ഡ ഗില്ലും നിരാശപ്പെടുത്തിയപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ കെ എല്‍ രാഹുലും രണ്ടാം ഇന്നിംഗ്സില്‍ വിരാട് കോലിയും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നത്. ശ്രേയസ് അയ്യര്‍ രണ്ട് ഇന്നിംഗ്സിലും നിരാശപ്പെടുത്തുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക