'കോലി 3-4 വർഷം കൂടി തുടരും, പക്ഷെ രോഹിത്തിന്‍റെ കാര്യം വൈകാതെ തീരുമാനമാകും'; തുറന്നു പറഞ്ഞ് രവി ശാസ്തി
ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച് ഇന്ന് വീണ്ടും പതിവ് രീതിയില്‍ പുറത്തായെങ്കിലും കോലി ഒരു മൂന്നോ നാലോ വര്‍ഷം കൂടി കോലി തുടരുമെന്ന് ശാസ്ത്രി.
മെല്‍ബൺ: ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും നിരാശപ്പെടുത്തിയതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. മെല്‍ബണ്‍ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ 40 പന്ത് നേരിട്ടെങ്കിലും രോഹിത് 9 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 29 പന്ത് നേരിട്ട കോലി പതിവുരീതിയില്‍ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച് അഞ്ച് റണ്‍സുമായി മടങ്ങി. ഇതോടെയാണ് ഇരുവരും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ചാമ്പ്യൻസ് ട്രോഫിക്കുശേഷം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.
എന്നാല്‍ വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ മൂന്നോ നാലോ വര്‍ഷം കൂടി തുടരുമെന്ന് മുന്‍ ഇന്ത്യൻ പരിശീലകന്‍ കൂടിയായ രവി ശാസ്ത്രി പറഞ്ഞു. കോലി കുറച്ചുകാലം കൂടി കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച് ഇന്ന് വീണ്ടും പതിവ് രീതിയില്‍ പുറത്തായെങ്കിലും കോലി ഒരു മൂന്നോ നാലോ വര്‍ഷം കൂടി കോലി തുടരും. പക്ഷെ രോഹിത്തിന്‍റെ കാര്യത്തില്‍ ഈ പരമ്പരക്ക് ഒടുവിലാവും തീരുമാനമുണ്ടാകുക. അത് രോഹിത് തന്നെ എടുക്കേണ്ടതാണ്. ടോപ് ഓര്‍ഡറില്‍ ഇറങ്ങുന്ന രോഹിത്തിന്‍റെ ഫൂട്ട്‌വര്‍ക്ക് ഇപ്പോള്‍ പഴയതുപോലെയല്ല. പന്തിന്‍റെ ലെങ്ത് മനസിലാക്കി ബാറ്റുവീശുന്നതിലും രോഹിത് ഇപ്പോള്‍ പിന്നിലാണ്. അതുകൊണ്ട് തന്നെ ഈ പരമ്പരക്കൊടുവിലാവും രോഹിത് തീരുമാനമെടുക്കുക എന്ന് രവി ശാസ്ത്രി കമന്‍ററിക്കിടെ വ്യക്തമാക്കി.
ഓസ്ട്രേലിയക്കെതിരായ പരമ്പരക്ക് മുമ്പ് നടന്ന ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ട കോലി ഓസ്ട്രേലിയക്കെതിരെ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്ലില്‍ സെഞ്ചുറി നേടിയെങ്കിലും പരമ്പരയിലാകെ നേടിയത് 167 റണ്‍സ് മാത്രമാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന രോഹിത് ആകട്ടെ പിന്നീടുള്ള മൂന്ന് ടെസ്റ്റുകളിലെ ആറ് ഇന്നിംഗ്സില്‍ നിന്നായി നേടിയത്, 3, 6, 10, 3, 9 എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കളിച്ച 15ഇന്നിംഗ്സുകളില്‍ 164 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ഒരേയൊരു തവണ മാത്രമാണ് രോഹിത് അര്‍ധസെഞ്ചുറി നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക