രഞ്ജി ട്രോഫി: വാലറ്റം പൊരുതി; കേരളത്തിനെതിരെ ജമ്മു കശ്മീരിന് ഭേദപ്പെട്ട സ്കോർ, നിധീഷ് എം ഡിക്ക് ആറ് വിക്കറ്റ്
ഇന്നിംഗ്സില്‍ ഒരാള്‍ പോലും അര്‍ധസെഞ്ചുറി നേടാതിരുന്നിട്ടും ജമ്മു കശ്മീര്‍ ഭേദപ്പെട്ട സ്കോറിലെത്തിയെന്നതും ശ്രദ്ധേയമാണ്.
![Ranji Trophy 2024-25 Kerala vs Jammu and Kashmir Live Updates, Jammu Kashmir All out for 280 Ranji Trophy 2024-25 Kerala vs Jammu and Kashmir Live Updates, Jammu Kashmir All out for 280](https://static-gi.asianetnews.com/images/01jj9fvjfbyq6k3gw36b5hpz2t/whatsapp-image-2025-01-23-at-2.09.36-pm_363x203xt.jpeg)
പൂനെ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ജമ്മു കശ്മീര്‍ ഒന്നാം ഇന്നിംഗ്സില്‍ 280 റണ്‍സിന് പുറത്ത്. 228-8 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ജമ്മു കശ്മീര്‍ വാലറ്റക്കാരുടെ മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. പത്താമനായി ഇറങ്ങി തകര്‍ത്തടിച്ച് 30 പന്തില്‍ 32 റണ്‍സെടുത്ത അക്വിബ് നബിയും 31 പന്തില്‍ 26 റണ്‍സെടുത്ത യുദ്ധ‌്‌വീര്‍ സിംഗും ഉമര്‍ നസീറും(14*) ചേര്‍ന്നാണ് രണ്ടാം ദിനം ജമ്മു കശ്മീരിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
രണ്ടാം ദിനം ജമ്മു കശ്മീരിനെ 250നുള്ളില്‍ ഒതുക്കാമെന്ന കേരളത്തിന്‍റെ പ്രതീക്ഷകള്‍ തെറ്റിച്ച് ജമ്മു കശ്മീര്‍ വാലറ്റക്കാര്‍ പിടിച്ചു നിന്നത് കേരളത്തിന് തിരിച്ചടിയായി.രണ്ടാം ദിനം യുദ്ധ്‌വീര്‍ സിംഗിന്‍റെ വിക്കറ്റ് നഷ്ടമായപ്പോള്‍ ജമ്മു കശ്മീര്‍ 246 റണ്‍സിലെത്തിയതെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ അവസാന വിക്കറ്റില്‍ ഉമര്‍ നസീറിനെ കൂട്ടുപിടിച്ച് അക്വിബ് നബി 34 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയതോടെ ജമ്മു കശ്മീര്‍ ഭേദപ്പെട്ട സ്കോറിലെത്തി.
ഇന്നിംഗ്സില്‍ ഒരാള്‍ പോലും അര്‍ധസെഞ്ചുറി നേടാതിരുന്നിട്ടും ജമ്മു കശ്മീര്‍ ഭേദപ്പെട്ട സ്കോറിലെത്തിയെന്നതും ശ്രദ്ധേയമാണ്. കനയ്യ വധാവന്‍ (48), നാസിര്‍ മുസഫര്‍ (44), സാഹില്‍ ലോത്ര(35), അക്വിബ് നബി(32),യുദ്ധ‌്വിര്‍ സിംഗ് (26), യാവര്‍ ഹസന്‍ ഖാന്‍(24), ഉമര്‍ നസീർ (14*) എന്നിവരാണ് ജമ്മു കശ്മീരിന്‍റെ ഇന്നിംഗ്സിലേക്ക് കാര്യമായ സംഭാവന നല്‍കിയവര്‍.
കേരളത്തിനായി നിധീഷ് എം ഡി 75 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തപ്പോള്‍ ആദിത്യ സര്‍വാതെ രണ്ട് വിക്കറ്റെടുത്തു. എൻ പി ബേസിലും ബേസില്‍ തമ്പിയും കേരളത്തിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 16 ഓവര്‍ എറിഞ്ഞ ജലജ് സക്സേനക്ക് വിക്കറ്റൊന്നും വീഴ്ത്താനാവാത്തത് കേരളത്തിന് തിരിച്ചടിയായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക