സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി; പക്ഷേ രഞ്ജിയില്‍ അടിച്ചുതകര്‍ത്ത് മറ്റൊരു മലയാളി, സെഞ്ചുറി
രഞ്ജി ട്രോഫിയില്‍ മുംബൈക്കെതിരെ കേരളത്തിനായി ഏകദിന ശൈലിയില്‍ ബാറ്റിംഗ് തുടങ്ങിയ സഞ്ജു സാംസണ് അര്‍ധ സെഞ്ചുറിയിലേക്ക് എത്താനായിരുന്നില്ല
മൈസുരു: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനായി സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയ അതേ ദിനം കര്‍ണാടകയ്ക്കായി തിളങ്ങി മലയാളി ദേവ്ദത്ത് പടിക്കല്‍. ഗോവയ്ക്കെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ ദേവ്‌ദത്ത് തകര്‍പ്പന്‍ സെഞ്ചുറി തികച്ചു. ദേവ്ദത്ത് 142 പന്തില്‍ 101 റണ്‍സെടുത്ത് പുറത്തായപ്പോള്‍ നിഷാല്‍ ഡിയുടെ (20 പന്തില്‍ 16) വിക്കറ്റും കര്‍ണാടകയ്ക്ക് നഷ്ടമായി. സെഞ്ചുറി നേടിയ മറ്റൊരു താരം മായങ്ക് അഗര്‍വാളും (114), നികിന്‍ ജോസും (1*) ക്രീസില്‍ നില്‍ക്കേ കര്‍ണാടക 56 ഓവറില്‍ 237-2 എന്ന ശക്തമായ നിലയിലാണ്. ഗോവയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറിനൊപ്പമെത്താന്‍ 84 റണ്‍സ് കൂടി മതി കര്‍ണാടകയ്ക്ക്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗോവ 110.1 ഓവറില്‍ 321 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. മുന്‍നിര മികവിലേക്ക് ഉയരാതിരുന്നത് ഗോവയ്ക്ക് തിരിച്ചടിയായി. ഇഷാന്‍ ഗദേകര്‍ (6), സുയാഷ് പ്രഭുദേശായി (24), കൃഷ്‌ണമൂര്‍ത്തി സിദ്ധാര്‍ഥ് (2), സ്നേഹല്‍ കൗതാന്‍കര്‍ (83), ദര്‍ശന്‍ മിസാല്‍ (39), ദീപ്‌രാജ് ഗോയങ്കര്‍ (0), സമര്‍ ദുഭാഷി (19), അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ (52), മോഹിത് രേദ്കര്‍ (16), ഹെരാമ്പ് പരാബ് (53), ഫെലിക്സ് അലേമോ (3*), മന്‍താന്‍ ഖൂത്കര്‍ (0*) എന്നിങ്ങനെയായിരുന്നു ഗോവന്‍ താരങ്ങളുടെ സ്കോര്‍. പൊരുതി അവസാനക്കാരനായി പുറത്തായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറാണ് ഗോവയെ കാത്തത്.
അതേസമയം രഞ്ജി ട്രോഫിയില്‍ മുംബൈക്കെതിരെ കേരളത്തിനായി ഏകദിന ശൈലിയില്‍ ബാറ്റിംഗ് തുടങ്ങിയ സഞ്ജു സാംസണ് അര്‍ധ സെഞ്ചുറിയിലേക്ക് എത്താനായില്ല. മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 251നെതിരെ കേരളം ഇതോടെ 244 റണ്‍സില്‍ എല്ലാവരും പുറത്തായി. ഏഴ് റണ്‍സിന്‍റെ ലീഡാണ് മുംബൈ നേടിയത്. 65 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. രോഹന്‍ കുന്നുമ്മല്‍ (56) അര്‍ധ സെഞ്ചുറി നേടി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 38 റണ്‍സെടുക്കാനാണ് സാധിച്ചത്. ഒരു ഘട്ടത്തില്‍ മികച്ച നിലയിലായിരുന്ന കേരളത്തെ ഏഴ് വിക്കറ്റ് നേടിയ മോഹിത് അവാസ്തിയാണ് തകര്‍ത്തത്. സച്ചിന്‍ ബേബിക്കൊപ്പം 61 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമായിരുന്നു സഞ്ജുവിന്‍റെ മടക്കം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം