IPL 2022 : 'എല്ലാവരുടെയും ജീവിതത്തില്‍ ഒരു സഞ്ജു വേണം'; ജയ്‌സ്വാളിന് ബാറ്റ് സമ്മാനിച്ച് രാജസ്ഥാന്‍ നായകന്‍

രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson), ജെയ്‌സ്വാളിന് ബാറ്റ് സമ്മാനമായി നല്‍കുമെന്നായിരുന്നു ആ വീഡിയോയിലുണ്ടായിരുന്നത്. ഡ്രസിംഗ് റൂമില്‍ ജെയ്‌സ്വാള്‍ (Yashasvi Jaiswal) സഞ്ജുവിന്റെ ബാറ്റെടുത്ത് വെറുതെ വീശുമ്പോഴായിരുന്നു സഞ്ജു ഓഫര്‍ മുന്നോട്ടുവച്ചത്.

rajasthan captain sanju samson gifted bat to yashasvi jaiswal

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെതിരെ കളിക്കാനൊരുങ്ങുമ്പോല്‍ പ്ലേ ഓഫ് മാത്രമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ കണ്ണ്. ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കാം. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചതോടെയാണ് ടീമിന്റെ സാധ്യതകള്‍ സജീവമായത്. അന്ന് യശ്വസി ജെയ്‌സ്വാളാണ് ടീമിനെ കരക്കയറ്റിയത്. 41 പന്തില്‍ താരം 68 റണ്‍സെടുത്തിരുന്നു. മത്സരത്തിന് ശേഷം ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson), ജെയ്‌സ്വാളിന് ബാറ്റ് സമ്മാനമായി നല്‍കുമെന്നായിരുന്നു ആ വീഡിയോയിലുണ്ടായിരുന്നത്. ഡ്രസിംഗ് റൂമില്‍ ജെയ്‌സ്വാള്‍ (Yashasvi Jaiswal) സഞ്ജുവിന്റെ ബാറ്റെടുത്ത് വെറുതെ വീശുമ്പോഴായിരുന്നു സഞ്ജു ഓഫര്‍ മുന്നോട്ടുവച്ചത്. നിനക്ക് ഞാനൊരു ബാറ്റ് സമ്മാനമായി നല്‍കുമെന്ന് സഞ്ജു, ജയ്‌സ്വാളിനോട് പറയുന്നുണ്ടായിരുന്നു. നിന്റെ സഹോദരനില്‍ നിന്നുള്ള സമ്മാനമാണതെന്നും സഞ്ജു പറഞ്ഞു. വീഡിയോ രാജസ്ഥാന്‍ അവരുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. വീഡിയോ കാണാം...

എന്തായാലും സഞ്ജു വാക്കു പാലിച്ചു. സഞ്ജു ബാറ്റ് നല്‍കുന്ന ഫോട്ടോയാണിപ്പോള്‍ രാജസ്ഥാന്‍ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോയുടെ അടികുറിപ്പ് ഹൃദയത്തില്‍ തൊടുന്നതായിരുന്നു. 'നമ്മുടെ എല്ലാവരുടേയും ജീവിതത്തില്‍ ഒരു സഞ്ജു വേണം.' എന്നാണ് എഴുതിയിരുന്നത്. ബാറ്റില്‍ സഞ്ജുവിന്റെ ഒപ്പുമുണ്ടായിരുന്നു. 'ഒരുപാട് സ്‌നേഹത്തോടെ എന്റെ സഹോദരന്.' എന്നും സഞ്ജു അതിലെഴുതിയിരുന്നു. എസ്ജിയുടെ തന്നെ ബാറ്റാണ് സഞ്ജു സമ്മാനമായി നല്‍കിയിരിക്കുന്നത്. 

ഇന്നും ജയ്‌സ്വാളിന്റെ ബാറ്റ് ശബ്ദിക്കുമെന്നാണ് രാജസ്ഥാന്‍ ആരാധകരുടെ പ്രതീക്ഷ. സീസണില്‍ ആദ്യം ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന്‍ 15 റണ്‍സിന് ഡല്‍ഹിയെ തോല്‍പിച്ചിരുന്നു.25 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. രാജസ്ഥാന്‍ 13 കളിയിലും ഡല്‍ഹി 12 കളിയിലും ജയിച്ചു. രണ്ട് വിക്കറ്റിന് 222 റണ്‍സെടുത്തതാണ് രാജസ്ഥാന്റെ ഉയര്‍ന്ന സ്‌കോര്‍. 115 റണ്‍സിന് പുറത്തായത് കുറഞ്ഞ സ്‌കോറും. എട്ട് വിക്കറ്റിന് 207 റണ്‍സിലെത്തിയതാണ് ഡല്‍ഹിയുടെ ഉയര്‍ന്ന സ്‌കോര്‍. 60 റണ്‍സിന് പുറത്തായത് ഡല്‍ഹിയുടെ കുറഞ്ഞ സ്‌കോറും. സാധ്യതാ ഇലവന്‍ അറിയാം...

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്ലര്‍, യഷസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, ജിമ്മി നീഷാം/ റാസി വാന്‍ ഡര്‍ ഡസ്സന്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍. 

ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, ശ്രീകര്‍ ഭരത്, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, അക്സര്‍ പട്ടേല്‍, റിപാല്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ആന്റിച്ച് നോര്‍ജെ.

Latest Videos
Follow Us:
Download App:
  • android
  • ios