'2.5 കോടി അധികമായി എനിക്ക് വേണ്ട'; ലോകകപ്പ് ബോണസിന്‍റെ കാര്യത്തില്‍ മാതൃകാപരമായ നിലപാടെടുത്ത് ദ്രാവിഡ്
ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ സ്ക്വാഡിലെ 15 താരങ്ങള്‍ക്കും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും അഞ്ച് കോടി രൂപ വീതം നല്‍കാനായിരുന്നു ബിസിസിഐ പദ്ധതിയിട്ടിരുന്നത്
മുംബൈ: ട്വന്‍റി 20 ലോകകപ്പ് 2024 നേടിയ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന് ബിസിസിഐ 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു. താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമായി പ്രഖ്യാപിച്ച ബോണസ് തുകയാണിത്. എന്നാല്‍ തനിക്ക് ലഭിക്കുന്ന പണത്തിന്‍റെ കാര്യത്തില്‍ മാതൃകാപരമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് ലോകകപ്പില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡ്.
ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ സ്ക്വാഡിലെ 15 താരങ്ങള്‍ക്കും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും അഞ്ച് കോടി രൂപ വീതം നല്‍കാനായിരുന്നു ബിസിസിഐ പദ്ധതിയിട്ടിരുന്നത്. മറ്റ് സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ക്ക് 2.5 കോടി രൂപ വീതവും സെലക്ടര്‍മാര്‍ക്കും ടീമിനൊപ്പമുണ്ടായിരുന്ന ട്രാവലിംഗ് മെമ്പേഴ്‌സിനും ഒരു കോടി രൂപ വീതവും സമ്മാനിക്കാനും ബിസിസിഐ തീരുമാനിച്ചിരുന്നു. എന്നാല്‍ തനിക്ക് അഞ്ച് കോടി രൂപ വേണ്ടെന്നും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് നല്‍കുന്ന 2.5 കോടി രൂപ മാത്രം മതിയെന്നും ദ്രാവിഡ് നിലപാട് എടുത്തുവെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ബൗളിംഗ് കോച്ചായി പരാസ് മാംബ്രെയും ഫീല്‍ഡിംഗ് പരിശീലകനായി ടി ദിലീപും ബാറ്റിംഗ് കോച്ചായി വിക്രം റാത്തോഡുമായിരുന്നു ദ്രാവിഡിനൊപ്പം ടീം ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫിലുണ്ടായിരുന്നത്.
ഇതാദ്യമായല്ല രാഹുല്‍ ദ്രാവിഡ് ക്രിക്കറ്റ് ലോകകപ്പ് ജേതാക്കള്‍ക്കുള്ള ബിസിസിഐയുടെ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ മാതൃകാപരമായ നിലപാട് സ്വീകരിക്കുന്നത്. 2018ല്‍ ഇന്ത്യന്‍ കൗമാരനിര അണ്ടര്‍ 19 ലോകകപ്പ് നേടിയപ്പോള്‍ ദ്രാവിഡായിരുന്നു മുഖ്യ പരിശീലകന്‍. ദ്രാവിഡിന് 50 ലക്ഷം രൂപയും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് 20 ലക്ഷം വീതവും താരങ്ങള്‍ക്ക് 30 ലക്ഷം രൂപ വീതവും ബോണസായി നല്‍കാന്‍ ബിസിസിഐ അന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും തുല്യ സമ്മാനത്തുക നല്‍കണം എന്ന് ദ്രാവിഡ് ആവശ്യപ്പെട്ടതോടെ ബിസിസിഐ 25 ലക്ഷം രൂപ വീതം ദ്രാവിഡ് അടക്കം എല്ലാ കോച്ചിംഗ് സ്റ്റാഫിനും 2018ല്‍ സമ്മാനിക്കുകയുണ്ടായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം