ടി20 ലോകകപ്പില്‍ ബുമ്രയുടെ പകരക്കാരന്‍ ആര്? കാത്തിരുന്ന സൂചനയുമായി രാഹുല്‍ ദ്രാവിഡ്

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20ക്ക് ശേഷം ബുമ്രയുടെ പകരക്കാരന്‍റെ കാര്യത്തില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നിര്‍ണായക സൂചന നല്‍കി

Rahul Dravid hints who will replace Jasprit Bumrah in T20 World Cup Squad of Team India

ഇന്‍ഡോര്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ പകരക്കാരനില്ലാത്ത പേസറാണ് ജസ്പ്രീത് ബുമ്ര. അതിവേഗ പേസും യോര്‍ക്കറുകളും വിക്കറ്റ്  മികവുമായി ലോക ക്രിക്കറ്റിലും നിലവില്‍ ബുമ്രയോളം മികച്ച താരമില്ല. അങ്ങനെയൊരു പേസര്‍ക്ക് പകരക്കാരനെ കണ്ടെത്തുക ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് കനത്ത തലവേദനയാണ്. പരിക്കേറ്റ് ടി20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ബുമ്ര പുറത്തായതോടെ താരത്തിന് പകരക്കാരനെ കണ്ടെത്താന്‍ തലപുകയ്ക്കുകയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ്. പലപേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20ക്ക് ശേഷം ബുമ്രയുടെ പകരക്കാരന്‍റെ കാര്യത്തില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നിര്‍ണായക സൂചന നല്‍കി. 

'ജസ്പ്രീത് ബുമ്ര ലോകകപ്പിനില്ലാത്തത് ടീമിന് കനത്ത നഷ്‌ടമാണ്. അദ്ദേഹമൊരു ഗംഭീര താരമാണ്, പക്ഷേ പരിക്ക് സംഭവിച്ചുപോയി. അവസരത്തിനൊത്ത് ഉയരാന്‍ മറ്റൊരു താരത്തിന് ഇത് സുവര്‍ണാവസരമാണ്. ലോകകപ്പില്‍ ബുമ്രയെ മിസ് ചെയ്യും. ബുമ്രയ്ക്ക് പകരമാര് വരണം എന്നതിനെ പറ്റി ചിന്തിക്കും. താരത്തെ പ്രഖ്യാപിക്കാന്‍ ഒക്ടോബര്‍ 15 വരെ അവസരമുണ്ട്. തീര്‍ച്ചയായും സ്റ്റാന്‍ഡ് ബൈ താരമായി ഷമി സ്‌ക്വാഡിലുണ്ട്. എന്നാല്‍ കൊവിഡ് പിടിപെട്ടതിനാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നിര്‍ഭാഗ്യം കൊണ്ട് അദ്ദേഹത്തിന് കളിക്കാനായില്ല. 

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് മുഹമ്മദ് ഷമിയുള്ളത്. ഷമി കൊവിഡിന് ശേഷം എങ്ങനെയാണ് പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചുവരുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ എന്‍സിഎയില്‍ നിന്ന് ലഭിക്കും. കൊവിഡിന് 14-15 ദിവസത്തിന് ശേഷമുള്ള താരത്തിന്‍റെ ആരോഗ്യാവസ്ഥ അപ്പോഴറിയാം. അതിന് ശേഷം ഞാനും സെലക്‌ടര്‍മാരും അന്തിമ തീരുമാനമെടുക്കും' എന്നും രാഹുല്‍ ദ്രാവിഡ് ഇന്‍ഡോര്‍ ടി20ക്ക് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ബുമ്രക്ക് പകരം പേസറായി മുഹമ്മദ് സിറാജിനെയൊണ് ഇന്ത്യ ഉള്‍പ്പെടുത്തിയത്. എന്നാല്‍ മൂന്നാം ടി20യില്‍ സിറാജ് 4 ഓവറില്‍ 44 റണ്‍സ് വഴങ്ങിയപ്പോള്‍ വിക്കറ്റൊന്നും ലഭിച്ചില്ല. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്. 

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍.

ഏഷ്യാ കപ്പിലെ മണ്ടത്തരത്തിന് ഇന്ത്യ വലിയ വില നല്‍കുന്നു; വിമര്‍ശനവുമായി മുന്‍താരം

Latest Videos
Follow Us:
Download App:
  • android
  • ios