Asianet News MalayalamAsianet News Malayalam

സെഞ്ചുറികളില്‍ ധോണിയ്ക്കൊപ്പം, സച്ചിനുശേഷം മറ്റാര്‍ക്കുമില്ലാത്ത അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി അശ്വിന്‍

കരിയറിലെ ആറാം ടെസ്റ്റ് സെഞ്ചുറി നേടിയതോടെ എം എസ് ധോണിയുടെ ടെസ്റ്റ് സെഞ്ചുറികളുടെ റെക്കോര്‍ഡിനൊപ്പവും അശ്വിനെത്തി.

R Ashwin equals MS Dhoni's Test centuries, creates this unique record at Chennai after Sachin Tendulkar
Author
First Published Sep 19, 2024, 9:36 PM IST | Last Updated Sep 19, 2024, 9:36 PM IST

ചെന്നൈ: ബംഗ്ലാദേശിനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായി ഇന്ത്യയുടെ രക്ഷകനായ ആര്‍ അശ്വിന്‍ അടിച്ചെടുത്തത് ഒരുപിടി റെക്കോര്‍ഡുകള്‍. ചെന്നൈയിലെ ചെപ്പോക്ക് ഗ്രൗണ്ടില്‍ തുടര്‍ച്ചയായ രണ്ട് ടെസ്റ്റുകളില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ബാറ്ററെന്ന റെക്കോര്‍ഡാണ് അശ്വിന്‍ ഇന്ന് സ്വന്തമാക്കിയത്. ചെന്നൈയില്‍ ഹാട്രിക് സെഞ്ചുറി തികച്ചിട്ടുള്ള ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് അശ്വിന്‍റെ മുന്‍ഗാമി.

2021ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും അശ്വിന്‍ ചെന്നൈയില്‍ സെഞ്ചുറി നേടിയിരുന്നു. 106 റണ്‍സായിരുന്നു അന്ന് അശ്വിന്‍ അടിച്ചെടുത്തത്. 1998 മുതല്‍ 2001 വരെയുള്ള കാലയളവിലാണ് സച്ചിന്‍ ചെന്നൈയില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറികള്‍ സ്വന്തമാക്കിയത്. 1998ല്‍ ഓസ്ട്രേലിയക്കെതിരെ 155,1999ല്‍ പാകിസ്ഥാനെതിരെ 136, 2001ല്‍ ഓസ്ട്രേലിയക്കെതിരെ 126 എന്നിങ്ങനെയായിരുന്നു സച്ചിന്‍റെ ഹാട്രിക്ക് സെഞ്ചുറി നേട്ടം.

'ഗോട്ട്' ആയി ആശ്വിൻ, റോയലായി സഞ്ജു, രക്ഷകനായി യശസ്വിയും; ഇന്ത്യൻ ക്രിക്കറ്റില്‍ രാജസ്ഥാൻ താരങ്ങളുടെ വിളയാട്ടം

കരിയറിലെ ആറാം ടെസ്റ്റ് സെഞ്ചുറി നേടിയതോടെ എം എസ് ധോണിയുടെ ടെസ്റ്റ് സെഞ്ചുറികളുടെ റെക്കോര്‍ഡിനൊപ്പവും അശ്വിനെത്തി. 108 പന്തില്‍ സെഞ്ചുറി തികച്ച അശ്വിന്‍ തന്‍റെ ടെസ്റ്റ് കരിയറിലെ അതിവേഗ സെഞ്ചുറിയാണ് ഇന്ന് ചെപ്പോക്കില്‍ കുറിച്ചത്. ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജക്കൊപ്പം 195 റണ്‍സിന്‍റെ അപരാജിയ കൂട്ടുകെട്ടുയര്‍ത്തിയ അശ്വിന്‍ ബംഗ്ലാദേശിനെതിരെ ഏഴാം വിക്കറ്റിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിലും പങ്കാളിയായി.

2004ലെ ധാക്ക ടെസ്റ്റില്‍ സച്ചിനും സഹീര്‍ ഖാനും ചേര്‍ന്ന് പത്താം വിക്കറ്റില്‍ നേടിയ 130 റണ്‍സായിരുന്നു ഇതിനു മുമ്പത്തെ ഉയര്‍ന്ന കൂട്ടുകെട്ട്. അശ്വിന്‍-ജഡേജ സഖ്യത്തിന്‍റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടുമാണിത്. കഴിഞ്ഞ മാര്‍ച്ചില്‍ മൊഹാലിയില്‍ ശ്രീലങ്കക്കെതിരെ നേടിയ 130 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും പൊളിച്ചെഴുതിയത്.

വെടിക്കെട്ട് ഫിഫ്റ്റി; ദുലീപ് ട്രോഫിയില്‍ ശ്രേയസിന്‍റെ ടീമിന്‍റെ രക്ഷകനായി സഞ്ജു സാംസണ്‍

എട്ടാം നമ്പറില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികളെന്ന റെക്കോര്‍ഡില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും അശ്വിനായി. എട്ടാം നമ്പറില്‍ നാലാമത്തെ സെഞ്ചുറിയാണ് അശ്വിന്‍ ഇന്ന് നേടിയത്. അഞ്ച് സെഞ്ചുറികളുള്ള ഡാനിയേല്‍ വെറ്റോറി മാത്രമാണ് ഇനി അശ്വിന് മുന്നിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios