Quinton de Kock Retires : കുടുംബത്തോടൊപ്പം കൂടുതൽ സമയം വേണം; ടെസ്റ്റ് കുപ്പായമഴിച്ച് ഡി കോക്ക്
2014ലാണ് ഡി കോക്ക് ടെസ്റ്റിൽ അരങ്ങേറ്റും കുറിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി 54 ടെസ്റ്റുകളിൽ കളിച്ച താരം 38.82 ശരാശരിയിൽ 3,300 റൺസാണ് നേടിയിട്ടുള്ളത്. നിലവിലെ ദക്ഷിണാഫ്രിക്കൻ ടീമിൽ ഡീൻ എൽഗാറിന് മാത്രമാണ് ഡി കോക്കിനേക്കാൾ കൂടുതൽ ടെസ്റ്റ് റൺസ് സമ്പാദ്യമുള്ളൂ
സെഞ്ചുറിയൻ: ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തോൽവിയറിഞ്ഞതിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ ടീമിന് ഇരട്ട പ്രഹരം. വിശ്വസ്തനായ കീപ്പറും മിന്നും ബാറ്റ്സ്മാനുമായ ക്വിന്റൺ ഡി കോക്ക് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്നാണ് വിരമിക്കലിനുള്ള കാരണമായി പറയുന്നത്. ടെസ്റ്റിൽ നിന്ന് മാത്രമാണ് വിരമിക്കൽ.
ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയാണ് ഡി കോക്കിന്റെ വിരമിക്കൽ വിവരം പുറത്ത് വിട്ടത്. 2014ലാണ് ഡി കോക്ക് ടെസ്റ്റിൽ അരങ്ങേറ്റും കുറിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി 54 ടെസ്റ്റുകളിൽ കളിച്ച താരം 38.82 ശരാശരിയിൽ 3,300 റൺസാണ് നേടിയിട്ടുള്ളത്. നിലവിലെ ദക്ഷിണാഫ്രിക്കൻ ടീമിൽ ഡീൻ എൽഗാറിന് മാത്രമാണ് ഡി കോക്കിനേക്കാൾ കൂടുതൽ ടെസ്റ്റ് റൺസ് സമ്പാദ്യമുള്ളൂ.
ആറ് സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. ഇടയ്ക്ക് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും താരം അലങ്കരിച്ചിരുന്നു. ശ്രീലങ്കയെ ഡി കോക്കിന്റെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്ക തോൽപ്പിച്ചുവെങ്കിലും പാകിസ്ഥാനോട് ടീം തോൽവിയറിഞ്ഞു. ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയ അതേ ഗ്രൗണ്ടിൽ അവസാന മത്സരവും കളിച്ചാണ് ഇരുപത്തിയൊമ്പതാം വയസിലെ ഡി കോക്കിന്റെ മടക്കം.