പ്രീ സീസണ്‍ ടൂറിനുള്ള ടീമിലില്ല, എംബാപ്പെയെ വിറ്റൊഴിവാക്കാനുറച്ച് പി എസ് ജി, നോട്ടമിട്ട് സൗദി പ്രൊ ലീഗ്
സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് എംബാപ്പെയെ സ്വന്തമാക്കാന്‍ ശക്തമായി രംഗത്തുണ്ടെങ്കിലും വന്‍ തുക ട്രാന്‍സ്ഫര്‍ ഫീ ആയി പി എസ് ജിക്ക് നല്‍കേണ്ടി വരുമെന്നതിനാല്‍ അടുത്ത സീസണ്‍ കഴിയുന്നതുവരെ കാത്തിരിക്കാമെന്ന നിലപാടിലാണ് റയല്‍.
പാരീസ്: സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ വില്‍പനക്ക് വെച്ച് പി എസ് ജി. ടീമിൽ നിലനിർത്താൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും എംബാപ്പെയില്‍ നിന്ന് അനുകൂല പ്രതികരണം ലഭിക്കാത്ത സാഹചര്യത്തില്‍ ലീഗ് സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായുള്ള ടീമിന്‍റെ പ്രീ സീസണ്‍ ടൂറില്‍ നിന്ന് താരത്തെ ഒഴിവാക്കി. അടുത്ത സീസണൊടുവില്‍ പി എസ് ജിയുമായി കരാര്‍ അവസാനിക്കുന്ന എംബാപ്പെ ഫ്രീ ഏജന്‍റായി ക്ലബ്ബ് വിടാനാണ് ശ്രമിക്കുന്നതെങ്കിലും ഈ സീസണില്‍ തന്നെ താരത്തെ വിറ്റൊഴിവാക്കി വന്‍തുക ട്രാന്‍സ്ഫര്‍ ഫീ ആയി സ്വന്തമാക്കാനാണ് ഇപ്പോള്‍ പി എസ് ജി മാനേജ്മെന്‍റ് ശ്രമിക്കുന്നത്.
സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് എംബാപ്പെയെ സ്വന്തമാക്കാന്‍ ശക്തമായി രംഗത്തുണ്ടെങ്കിലും വന്‍ തുക ട്രാന്‍സ്ഫര്‍ ഫീ ആയി പി എസ് ജിക്ക് നല്‍കേണ്ടി വരുമെന്നതിനാല്‍ അടുത്ത സീസണ്‍ കഴിയുന്നതുവരെ കാത്തിരിക്കാമെന്ന നിലപാടിലാണ് റയല്‍. എന്നാല്‍ കരാര്‍ പുതുക്കുന്നില്ലെങ്കില്‍ ക്ലബ്ബ് വിട്ടുപൊയ്ക്കോളാന്‍ പി എസ് ജി അന്ത്യശാസനം നല്‍കിയതോടെ ഫ്രഞ്ച് നായകന്‍റെ ഭാവി അനിശ്ചിതത്വത്തിലായി. അനിശ്ചിതത്വത്തിനിടെയാണ് ജപ്പാനിലേക്ക് നടത്തുന്ന പ്രീ സീസണ്‍ ടൂറിനുള്ള ടീമില്‍ നിന്ന് എംബാപ്പെയെ ഒഴിവാക്കിയത്. റയൽ മാഡ്രിഡുമായി എംബാപ്പേ അഞ്ചുവർഷ കരാറിൽ വാക്കാൽ ധാരണയിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾക്കിടെയാണിത്.
അതിനിടെ എംബാപ്പെയെ സ്വന്തമാക്കാന്‍ സൗദി ക്ലബ്ബുകളും രംഗത്തുണ്ട്. ഒരു സീസണിലേക്കായാല്‍ പോലും എംബാപ്പെയെ സൗദിയിലെത്തിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തപ്പെട്ടുന്നത്. പി എസ് ജിയില്‍ നിന്ന് ഈ ഒരു സീസണിലേക്ക് മാത്രമായി എംബാപ്പെയെ സൗദിയിലെത്തിക്കാനാണ് സൗദി പ്രോ ലീഗ് ക്ലബ്ബുകള്‍ നോട്ടമിടുന്നത്.
94-ാം മിനിറ്റില്‍ മഴവില്‍ ഫ്രീ കിക്ക്; അമേരിക്കയിൽ വിജയഗോളോടെ അരങ്ങേറി ലിയോണൽ മെസി-വീഡിയോ
2024ൽ അവസാനിക്കുന്ന കരാർ പുതുക്കില്ലെന്ന് എംബാപ്പേ പിഎസ് ജിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം എംബാപ്പേയെ ടീമിൽ നിലനിർത്താൻ വമ്പൻ ഓഫര്‍ പി എസ് ജി മുന്നോട്ടുവെച്ചത്. 100 കോടി യൂറോയുടെ വാർഷിക പ്രതിഫലത്തിൽ പത്തുവർഷ കരാറായിരുന്നു പി എസ് ജിയുടെ വാഗ്ദാനം. 24-ാം വയസിൽ ഒരുതാരത്തിന് കിട്ടാവുന്ന ഏറ്റവും വലിയ ഓഫർ. എന്നാല്‍ ഇതിനും എംബാപ്പെയുടെ മനസിളക്കാന്‍ കഴിയാഞ്ഞതോടെയാണ് താരത്തെ എങ്ങനെയെങ്കിലും വിറ്റൊഴിവാക്കുക എന്ന നിലപാടിലേക്ക് പി എസ് ജി എത്തിയത്.
ക്ലബ്ബുമായും ആരാധകരുമായും മാനസികമായി അകന്ന എംബാപ്പെ ഈ സീസണില്‍ ടീമില്‍ എങ്ങനെ കളിക്കുമെന്ന ചോദ്യവും ബാക്കിയാണ്. കഴിഞ്ഞ സീസണിലും എംബാപ്പേ റയലുമായി കരാറിന് അരികെ എത്തിയിരുന്നു. എന്നാൽ അവസാന നിമിഷ നീക്കങ്ങളിലൂടെ പിഎസ്‌ജി എംബാപ്പേയെ ടീമിൽ നിലനിർത്തുകയായിരുന്നു.