അടുത്ത ടെസ്റ്റില്‍ പൃഥ്വി ഷാക്ക് ടീമില്‍ ഇടമുണ്ടാകില്ലെന്ന് സഹീര്‍ ഖാന്‍
റണ്‍സടിച്ചാല്‍ മാത്രമെ ടീമിലെ സ്ഥാനം ന്യായീകരിക്കപ്പെടുകയുള്ളു. അത് നേടാനായില്ലെങ്കില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാണ്.
മുംബൈ: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും സമ്പൂര്‍ണ പരാജയമായ ഓപ്പണര്‍ പൃഥ്വി ഷാക്ക് അടുത്ത ടെസ്റ്റിനുള്ള ടീമില്‍ ഇടം ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍. ഫോമിലുള്ള ശുഭ് മാന്‍ ഗില്ലിനെയും കെ എല്‍ രാഹുലിനെയും കളിപ്പിക്കാതെയാണ് ആദ്യ ടെസ്റ്റിനുള്ള ടീമില്‍ പൃഥ്വി ഷാക്ക് അവസരം നല്‍കിയത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമുയരുന്ന പശ്ചാത്തലത്തിലാണ് സഹീറിന്‍റെ പ്രതികരണം.
റണ്‍സടിച്ചാല്‍ മാത്രമെ ടീമിലെ സ്ഥാനം ന്യായീകരിക്കപ്പെടുകയുള്ളു. അത് നേടാനായില്ലെങ്കില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാണ്. എല്ലാവരും ൽ ഷായുടെ ബലഹീനത എന്താണെന്ന് കണ്ടെത്തിക്കഴിഞ്ഞു. അത് മുതലെടുക്കാനാണ് എതിരാളികള്‍ ശ്രമിക്കുക. രാജ്യാന്തര ക്രിക്കറ്റെന്നാല്‍ അങ്ങനെയാണെന്നും സഹീര്‍ പറഞ്ഞു.
പൃഥ്വി ഷാ ടീമില്‍ തുടരുമെങ്കിലും അടുത്ത ടെസ്റ്റിന് മാത്രമല്ല, പരമ്പരയിലെ ശേഷിക്കുന്ന ടെസ്റ്റുളിലും കളിക്കുമോ എന്ന് സംശയമുണ്ടെന്നും സഹീര്‍ പറഞ്ഞു. റണ്‍സടിച്ചില്ലെന്നത് മാത്രമല്ല അനായാസ ക്യാച്ച് കൈവിട്ടതും പൃഥ്വി ഷായ്ക്ക് പരമ്പരയിലെ വരാനിരിക്കുന്ന മത്സരങ്ങളില്‍ ടീമിലിടം നഷ്ടമാക്കുമെന്നാണ് കരുതുന്നതെന്നും സഹീര്‍ പറഞ്ഞു.
ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായ ഷാ രണ്ടാം ഇന്നിംഗ്സില്‍ നാലു റണ്ണെടുത്ത് പുറത്തായി. മാര്‍നസ് ലാബുഷെയ്ന്‍ നല്‍കിയ അനായാസ ക്യാച്ചും ഫീല്‍ഡിംഗിനിടെ ഷാ കൈവിട്ടിരുന്നു.