'നെഞ്ചിൽ പിടിച്ച് തള്ളി, ബാറ്റ് കൊണ്ട് ആക്രമിച്ചു'; പൃഥ്വി ഷായ്ക്ക് കനത്ത തിരിച്ചടി, നടിയുടെ പരാതിയിൽ കേസ്
ക്രിക്കറ്റ് താരവും സുഹൃത്തും ചേർന്ന് പൊതുസ്ഥലത്ത് വെച്ച് അപമാനിക്കുകയും മാന്യത ലംഘിച്ച് മാരകായുധം ഉപയോഗിച്ച് ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്നാണ് സപ്നയുടെ പരാതിയില്‍ പറയുന്നത്.
ദില്ലി: സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറും ഭോജ്പുരി നടിയുമായ സപ്ന ഗില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രിക്കറ്റര്‍ പൃഥ്വി ഷായ്‌ക്കെതിരെ കേസെടുത്തു. അന്ധേരി മജിസ്ട്രേറ്റ് കോടതിയിലാണ് സപ്ന കേസ് ഫയല്‍ ചെയ്തത്. പൃഥ്വി ഷായെ കൂടാതെ താരത്തിന്‍റെ സുഹൃത്ത് സുരേന്ദ്ര യാദവിന് എതിരെയും സപ്നയുടെ പരാതി പ്രകാരം കേസ് എടുത്തിട്ടുണ്ട്. ക്രിക്കറ്റ് താരവും സുഹൃത്തും ചേർന്ന് പൊതുസ്ഥലത്ത് വെച്ച് അപമാനിക്കുകയും മാന്യത ലംഘിച്ച് മാരകായുധം ഉപയോഗിച്ച് ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്നാണ് സപ്നയുടെ പരാതിയില്‍ പറയുന്നത്.
തന്‍റെ നെഞ്ചില്‍ പിടിച്ച് പൃഥ്വി ഷാ തള്ളിയെന്നും നിയമവിരുദ്ധവും ഹീനവുമായ പെരുമാറ്റമാണ് ഉണ്ടായതെന്നും സപ്ന ആരോപിച്ചു. ബാറ്റ് കൊണ്ട് ആക്രമിച്ചതിന് ഐപിസി സെക്ഷൻ 354, 509, 324 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് സപ്ന ആവശ്യപ്പെട്ടത്. കൂടാതെ, ലൈംഗികാതിക്രമം തെളിയിക്കുന്നതിന് സർക്കാർ ആശുപത്രിയുടെ മെഡിക്കൽ രേഖയും തെളിവായി പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 17നാണ് സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിന് പൃഥ്വി ഷായെ ആക്രമിക്കുകയും സുഹൃത്തിന്‍റെ കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തുവെന്ന പരാതിയില്‍ സപ്ന ഗില്ലിനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്. തൊട്ട് തലേ ദിവസമാണ് ഈ സംഭവങ്ങള്‍ ഉണ്ടായത്.
പിന്നാലെ ജാമ്യം ലഭിച്ച് പുറത്ത് വന്നതിന് പിന്നാലെ പൃഥ്വി ഷാ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയുമായി സപ്ന ഗില്‍ രംഗത്ത് വന്നിരുന്നു. പൃഥ്വി ഷാ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തന്‍റെ ദേഹത്ത് അനാവശ്യമായി സ്പര്‍ശിക്കുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്നും ആരോപിച്ചാണ് മുംബൈ എയര്‍പോര്‍ട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. മുംബൈയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിന് പുറത്താണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.
'തലയ്ക്കിട്ട് എറിയൂ...'; രോഹിത് സിംഗിൾ ഇട്ടപ്പോൾ ഇങ്ങനെ പറഞ്ഞത് കോലിയോ? വീഡിയോ പുറത്ത്, തര്‍ക്കം