ഇന്ത്യ - ശ്രീലങ്ക ലോകകപ്പ് ഫൈനൽ കാണുന്ന കുട്ടികൾ; ഒന്ന് സച്ചിന്റെ മകൻ അർജുൻ, കൂടെയുള്ളത് ആര്? ചിത്രം വൈറൽ
ഇപ്പോൾ വാംഖഡെയിൽ ഇന്ത്യയുടെ മത്സരം കാണുന്ന രണ്ട് കുട്ടികളുടെ ചിത്രം വീണ്ടും വൈറൽ ആയിരിക്കുകയാണ്. ഒന്ന് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അൽജുനാണ്
മുംബൈ: ടീം ഇന്ത്യ ഏകദിന ലോകകപ്പ് നേടിയതിന്റെ 12-ാം വാർഷികം ആഘോഷിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ശ്രീലങ്കന്‍ പേസര്‍ നുവാന്‍ കുലശേഖരയുടെ പന്ത് എം എസ് ധോണി എന്ന ഇന്ത്യന്‍ നായകന്‍ ലോംഗ് ഓണ്‍ ബൗണ്ടറിക്ക് മുകളിലൂടെ പറത്തി ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയപ്പോൾ വാംഖഡെ ആഘോഷത്തിൽ ആറാടുകയായിരുന്നു. ഇന്നും ശ്രീലങ്കക്കെതിരെയുള്ള ആ ഫൈനൽ പോരാട്ടം ആരാധകരുടെ മനസിൽ തങ്ങി നിൽക്കുന്നുണ്ട്.
ഇപ്പോൾ വാംഖഡെയിൽ ഇന്ത്യയുടെ മത്സരം കാണുന്ന രണ്ട് കുട്ടികളുടെ ചിത്രം വീണ്ടും വൈറൽ ആയിരിക്കുകയാണ്. ഒന്ന് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അൽജുനാണ്. മറ്റൊന്ന് ഇന്ത്യൻ താരം പ്രഥ്വി ഷായാണ്. മുംബൈ ഇന്ത്യൻസ് ജേഴ്സിയിലാണ് അർജുൻ കളി കാണുന്നത്. നേരത്തെ, ഒരു അഭിമുഖത്തിൽ പ്രഥ്വി ഷാ ഇന്ത്യ - ശ്രീലങ്ക മത്സരം കണ്ടതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അന്ന് താരത്തിന് 11 അല്ലെങ്കിൽ 12 വയസായിരുന്നു.
അർജുനെ കുടാതെ സച്ചിന്റെ മകൾ സാറയും ഭാര്യ അഞ്ജലിയും സമീപ സീറ്റുകളിൽ ഉണ്ടായിരുന്നു. അർജുന്റെയും ഷായുടെയും ചെറുപ്പകാലത്തെ ഈ ചിത്രം വൈറൽ ആകുന്നത് ആദ്യമായിട്ടല്ല. ഇരുവരും ഒരുമിച്ചുള്ള മറ്റ് ചിത്രങ്ങളും വൈറലായിട്ടുണ്ട്. അതേസമയം, 12 വര്‍ഷം മുമ്പ് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയത് 275 റണ്‍സ് വിജയലക്ഷ്യമാണ്. ഇത് പിന്തുടര്‍ന്ന ഇന്ത്യയെയും വാംഖഡെയയും നിശബ്ദരാക്കി തുടക്കത്തിലെ ലസിത് മലിംഗ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും വീരേന്ദര്‍ സെവാഗിനെയും പുറത്താക്കി. ഗൗതം ഗംഭീറും വിരാട് കോലിയും ചേര്‍ന്ന് 83 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി.
എന്നാല്‍ കോലിയെ ദില്‍ഷന്‍ മടക്കുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 100 കടന്നതേയുണ്ടായിരുന്നുള്ളു. പിന്നീടായിരുന്നു നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ എം എസ് ധോണിയും ഗൗതം ഗംഭീറും തമ്മിലുള്ള സെഞ്ചുറി കൂട്ടകെട്ടിലൂടെ ഇന്ത്യ കിരീടത്തോട് അടുത്തത്. വിജയത്തിനടുത്ത് 97 റണ്‍സെടുത്ത ഗംഭീര്‍ പുറത്തായെങ്കിലും ധോണിയും യുവരാജും ചേര്‍ന്ന് 28 വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് വീണ്ടുമൊരു ഏകദിന ലോകകപ്പ് ഇന്ത്യക്ക് സമ്മാനിക്കുകയായിരുന്നു.