പട്ടിണി കിടന്നാലും കളിയോടുള്ള കൂറൂകൊണ്ടാണ് കളി കാണാനെത്തുന്നത്, കായിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ പന്ന്യന്‍

കേരളത്തിൽ നടക്കുന്ന ഒരു മൽസരം കാണുവാനുള്ള ആഗ്രഹം പാവപ്പെട്ടവർക്കുമുണ്ടല്ലോ. അവർ പട്ടിണി കിടന്നാലും കളിയോടുള്ള കൂറൂകൊണ്ടാണ് കളി കാണാനെത്തുന്നത്.

Pannian Raveendran responds to Sports Minister v-abdurahimans-controversial-statement

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 15ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുള്ള കായിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. . പട്ടിണികിടക്കുന്നവര്‍ കളി കാണാൻ പോകേണ്ടെന്നായിരുന്നു വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതിനെക്കുറിച്ച് കായികമന്ത്രി വി. അബ്ദുറഹ്മാൻ ഇന്നലെ പറഞ്ഞത്.

എന്നാല്‍ മന്ത്രിയുടെ പ്രതികരണം ഒട്ടും ഉചിതമായില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മൽസരത്തിന്‍റെ ടിക്കറ്റ് നികുതി വർദ്ധനവിനെ കുറിച്ചുള്ള സ്പോർട്സ് മന്ത്രിയുടെ പ്രതികരണം ഒട്ടും ഉചിതമായില്ല. കേരളത്തിൽ നടക്കുന്ന ഒരു മൽസരം കാണുവാനുള്ള ആഗ്രഹം പാവപ്പെട്ടവർക്കുമുണ്ടല്ലോ. അവർ പട്ടിണി കിടന്നാലും കളിയോടുള്ള കൂറൂകൊണ്ടാണ് കളി കാണാനെത്തുന്നത്.

പാവപ്പെട്ടവർക്കും മറ്റെല്ലാ ജനവിഭാഗങൾക്കും കണി കാണാൻ പരമാവധി സൗകര്യം ഒരുക്കുവാനുള്ള ഉത്തരവാദിത്വം കേരളത്തിലെ സർക്കാറിനുമുണ്ടെന്നകാര്യം വിസ്മരിക്കുന്നത് നീതീകരിക്കാവുന്നതല്ലെന്നും പന്ന്യന്‍ ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.

കാര്യവട്ടത്ത് കളി കാണാൻ കെ സി സി ഐ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപയും ലോവര്‍ ടയറിന് 2000 രൂപയുമാണ്. 18 ശതമാനം ജി എസ് ടിയും കോര്‍പ്പറേഷന്‍റെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാര്‍ജും കൂടിയാകുമ്പോൾ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവര്‍ ടയര്‍ നിരക്ക് 2860 രൂപയായും ഉയരും. കഴിഞ്ഞ തവണത്തെ അഞ്ച് ശതമാനം വിനോദ നികുതി 12 ശതമാനമായി ഉയര്‍ത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉയരുമ്പോഴായിരുന്നു കായികമന്ത്രിയുടെ വിവാദ പരാമര്‍ശം. രാജ്യത്ത് ഇത്രയും വിലക്കയറ്റം നടക്കുമ്പോള്‍ കളി കാണാന്‍ നികുതി കുറച്ചു കൊണ്ടുക്കണമെന്നാണ് പറയുന്നത്. അങ്ങനെ പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോവേണ്ടെന്നും സംഘാടകര്‍ അമിതലാഭം എടുക്കാതിരിക്കാനാണ് നികുതി കുറക്കാതിരിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

'പാവപ്പെട്ടവനും ക്രിക്കറ്റ് കാണണം,നിരക്ക് വർധനയ്ക്ക് നീതീകരണമില്ല,മന്ത്രിയുടെ വിവാദ പ്രസ്താവന പിന്‍വലിക്കണം '

നേരത്തെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരുന്നു. പാവപ്പെട്ടവനും ക്രിക്കറ്റ് കാണണം. പട്ടിണി കിടക്കുന്നവനും കാണേണ്ട കളിയാണ് ക്രിക്കറ്റ്. ടിക്കറ്റ് നിരക്ക് വർധനയ്ക്ക് നീതീകരണമില്ല .കെസിഎയും സർക്കാരും തമ്മിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ അത് അവർ പരിഹരിക്കണം .ജനങ്ങളുടെ മേലെ അല്ല പഴിചാരേണ്ടത്. മന്ത്രി പ്രസ്താവന പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios