റാവല്‍പിണ്ടി ടെസ്റ്റിൽ പാകിസ്ഥാന് ഒന്നാം ഇന്നിംഗ്സ് ലീഡ്, രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച
നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെന്ന നിലയിൽ ക്രീസിലിറങ്ങിയ പാകിസ്ഥാന്‍ 344 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
റാവല്‍പിണ്ടി: റാവല്‍പിണ്ടി ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 267 റണ്‍സിന് മറുപടിയായി പാകിസ്ഥാന്‍ ഒന്നാം ഇന്നിംഗ്സില്‍ രണ്ടാം ദിനം 344 റണ്‍സെടുത്ത് പുറത്തായി. 77 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ പാകിസഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്‍റെ മൂന്ന് വിക്കറ്റുകള്‍ 24 റണ്‍സെടുക്കുന്നതിനിടെ പിഴുത് മേല്‍ക്കൈ നേടി. 24-3 എന്ന സ്കോറിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ക്രീസ് വിട്ടത്. മൂന്ന് റണ്‍സോടെ ഹാരി ബ്രൂക്കും അഞ്ച് റണ്‍സോടെ ജോ റൂട്ടും ക്രീസില്‍. സാക് ക്രോളി(2), ബെന്‍ ഡക്കറ്റ്(12), ഒല്ലി പോപ്പ്(1) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. നോമാന്‍ അലി രണ്ടും സാജിദ് ഖാന്‍ ഒരു വിക്കറ്റുമെടുത്തു.
നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെന്ന നിലയിൽ ക്രീസിലിറങ്ങിയ പാകിസ്ഥാന്‍ 344 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. സെഞ്ചുറിയുമായി പൊരുതിയ സൗദ് ഷക്കീലും വാലറ്റത്ത് ചെറുത്തു നില്‍പ്പ് നടത്തിയ നോമാന്‍ അലിയും സാജിദ് ഖാനുമാണ് പാകിസ്ഥാന് മികച്ച ലീഡ് സമ്മാനിച്ചത്. സൗദ് ഷക്കീല്‍ 134 റണ്‍സടിച്ചപ്പോള്‍ സാജിദ് ഖാൻ 48 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ നോമാന്‍ അലി 45ഉം റണ്‍സെടുത്തു. മുഹമ്മദ് റിസ്‌വാന്‍ 25 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റൻ ഷാന്‍ മസൂദ് 26വ റണ്‍സടിച്ചു.
Truly a masterclass in grit and class ✨@saudshak leads Pakistan's batting with an epic ton 🙌#PAKvENG | #TestAtHome pic.twitter.com/fOoqf8FtWQ
— Pakistan Cricket (@TheRealPCB) October 25, 2024
177-7 എന്ന സ്കോറില്‍ തകര്‍ന്ന പാകിസ്ഥാനെ എട്ടാം വിക്കറ്റില്‍ സൗദ് ഷക്കീലും നോമാന്‍ അലിയും ചേര്‍ന്ന 88 റണ്‍സ് കൂട്ടുകെട്ടാണ് ലീഡ് സമ്മാനിച്ചത്. പിന്നീട് സാജിദ് ഖാനൊപ്പം 72 റണ്‍സിന്‍റെ കൂട്ടുകെട്ടിലും പങ്കാളിയായശേഷമാണ് സൗദ് ഷക്കീല്‍ പുറത്തായത്. ഇംഗ്ലണ്ടിനായി റെഹാന്‍ അഹമ്മദ് നാലും ഷൊയ്ബ് ബഷീര്‍ മൂന്നും ഗുസ് അറ്റ്കിന്‍സണ്‍ രണ്ടും വിക്കറ്റെടുത്തു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ മുള്‍ട്ടാനില്‍ നടന്ന രണ്ടാം ടെസ്റ്റ് ജയിച്ച് പാകിസ്ഥാന്‍ പരമ്പരയില്‍ ഒപ്പമെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക