അബ്ദുള്ള ഷഫീഖിനും ഷാന്‍ മസൂദിനും സെഞ്ചുറി, ബാബറിന് വീണ്ടും നിരാശ; ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍ മികച്ച നിലയില്‍
പാകിസ്ഥാനുവേണ്ടി സെഞ്ചുറി നേടി ഓപ്പണര്‍ അബ്ദുള്ള ഷഫീഖും ക്യാപ്റ്റൻ ഷാന്‍ മസൂദും.
മുള്‍ട്ടാൻ: ഇംഗ്ലണ്ടിനെതിരായ മുള്‍ട്ടാന്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ദിനം പാകിസ്ഥാന്‍ മികച്ച നിലയില്‍. ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്‍റെയും ഓപ്പണര്‍ അബ്ദുള്ള ഷഫീഖിന്‍റെയും സെഞ്ചുറികളുടെ മികവില്‍ ആദ്യ ദിനം പാകിസ്ഥാന്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. 35 റണ്‍സോടെ സൗദ് ഷക്കീലും റണ്ണൊന്നുമെടുക്കാതെ നൈറ്റ് വാച്ച്‌മാന്‍ നസീം ഷായും ക്രീസില്‍.
ടോസ് നേടി ക്രീസിലിറങ്ങിയ പാകിസ്ഥാന് നാലാം ഓവറിലെ ഓപ്പണര്‍ സയ്യിം അയൂബിനെ(4) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റൻ ഷാന്‍ മസൂദിനൊപ്പം 253 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ അബ്ദുള്ള ഷഫീഖ് പാകിസ്ഥാന് മികച്ച സ്കോറിലേക്കുള്ള അടിത്തറയിട്ടു. സെഞ്ചുറി നേടിയതിന് പിന്നാലെ 184 പന്തില്‍ 102 റണ്‍സെടുത്ത അബ്ദുള്ള ഷഫീഖിനെ ഗസ് അറ്റ്കിന്‍സണ്‍ പുറത്താക്കി. തൊട്ടു പിന്നാലെ 177 പന്തില്‍ 151 റണ്‍സടിച്ച ക്യാപ്റ്റൻ ഷാന്‍ മസൂദിനെ ജാക് ലീച്ച് പുറത്താക്കി. 13 ഫോറും രണ്ട് സിക്സും അടക്കമാണ് ഷാന്‍ മസൂദ് 151 റണ്‍സടിച്ചത്.
16 പന്തുകളുടെ ഇടവേളയില്‍ ഷഫീഖിനെയും മസൂദിനെയും നഷ്ടമായതോടെ പാകിസ്ഥാന്‍ തകരുമെന്ന് കരുതിയെങ്കിലും നാലമനായി ക്രീസിലെത്തിയ ബാബര്‍ അസമും സൗദ് ഷക്കീലും ചേര്‍ന്ന് പാകിസ്ഥാനെ 300 കടത്തി. 71 പന്തില്‍ 30 റണ്‍സെടുത്ത് നല്ല തുടക്കമിട്ടെങ്കിലും ആദ്യ ദിനം അവസാന സെഷനില്‍ ബാബറിനെ പുറത്താക്കി ക്രിസ് വോക്സ് പാകിസ്ഥാന് അടുത്ത പ്രഹരമേല്‍പ്പിച്ചു. കഴിഞ്ഞ 16 ഇന്നിംഗ്സുകളിലും അര്‍ധസെഞ്ചുറി പോലും നേടാന്‍ കഴിയാതിരുന്ന ബാബര്‍ ബാറ്റിംഗ് പിച്ചില്‍ തിളങ്ങുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.
Abdullah Shafique reaches his century in style! 💥
— ESPNcricinfo (@ESPNcricinfo) October 7, 2024
(via @TheRealPCB) #PAKvENG pic.twitter.com/r47gSB9HvY
ബാബര്‍ പുറത്തായതോടെ നൈറ്റ് വാച്ച്മാനായി നസീം ഷാ ക്രീസിലെത്തി. തൂടുതല്‍ നഷ്ടങ്ങളില്ലാതെ നസീം ഷായും സൗദ് ഷക്കീലും ചേര്‍ന്ന് ആദ്യ ദിനം പൂര്‍ത്തിയാക്കി. ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിന്‍സണ്‍ രണ്ട് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക