ആഗ സല്‍മാനും സെഞ്ചുറി; മുള്‍ട്ടാന്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് കൂറ്റന്‍ സ്കോര്‍
328-4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറിങ്ങിയ പാകിസ്ഥാന്‍ ഒന്നാം ഇന്നിംഗ്സില്‍ 556 റണ്‍സിന് ഓള്‍ ഔട്ടായി.
മുള്‍ട്ടാന്‍: ക്യാപ്റ്റന്‍ ഷാന്‍ മസൂദിനും അബ്ദുള്ള ഷഫീഖിനും പിന്നാലെ രണ്ടാം ദിനം ആഗ സല്‍മാനും സെഞ്ചുറി നേടിയതോടെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് കൂറ്റന്‍ സ്കോര്‍. 328-4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറിങ്ങിയ പാകിസ്ഥാന്‍ ഒന്നാം ഇന്നിംഗ്സില്‍ 556 റണ്‍സിന് ഓള്‍ ഔട്ടായി. ആഗ സല്‍മാന്‍ 104 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സൗദ് ഷക്കീല്‍ 82 റണ്‍സെടുത്തു.
രണ്ടാം ദിനം നൈറ്റ് വാച്ച്‌മാനായി എത്തിയ നസീം ഷാ അബ്ദുള്ള ഷഫീഖിനൊപ്പം പിടിച്ചു നിന്നതോടെ പാകിസ്ഥാന്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 388 റണ്‍സിലെത്തി. നസീം ഷായെ(33) പുറത്താക്കിയ ബ്രെയ്ഡണ്‍ കാഴ്സാണ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. എന്നാല്‍ പിന്നീടെത്തിയ മുഹമ്മദ് റിസ്‌വാനെ അക്കൗണ്ട് തുറക്കും മുമ്പെ ജാക്ക് ലീച്ച് മടക്കിയതോടെ പാക്കിസ്ഥാൻ ഞെട്ടി. എന്നാല്‍ സൗദ് ഷക്കീലും ആഗ സല്‍മാനും ചേര്‍ന്ന് പാകിസ്ഥാനെ 450 കടത്തി.
ടി20 പരമ്പര പിടിക്കാന്‍ ഇന്ത്യ നാളെ ബംഗ്ലാദേശിനെതിരെ, മത്സരം സൗജന്യമായി കാണാൻ ഈ വഴികള്‍; സമയം
82 റണ്‍സെടുത്ത സൗദ് ഷക്കീലിനെ ഷൊയ്ബ് ബഷീര്‍ പുറത്താക്കിയശേഷം ക്രീസിലെത്തിയ അമീര്‍ ജമാല്‍(7) പെട്ടെന്ന് മടങ്ങിയതോടെ പാകിസ്ഥാൻ 500 കടക്കില്ലെന്ന് കരുതിയെങ്കിലും പത്താം നമ്പറില്‍ ക്രീസിലെത്തിയ ഷഹീന്‍ അഫ്രീദി ആഗ സല്‍മാന് മികച്ച പിന്തുണ നല്‍കിയതോടെ പാകിസ്ഥാന്‍ 500 കടന്നു.
ആഗ സല്‍മാന്‍ സെഞ്ചുറി നേടിയതിന് പിന്നാലെ 26 റണ്‍സെടുത്ത അഫ്രീദിയെ ജാക്ക് ലീച്ച് മടക്കി. പിന്നാലെ ആബര്‍ അഹമ്മദിന(3) ജോ റൂട്ടും പുറത്താക്കി. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ ക്യാപ്റ്റന്‍ ഒലി പോപ്പിന്‍റെ(0) വിക്കറ്റ് നഷ്ടമായി. നസീം ഷായ്ക്കാണ് വിക്കറ്റ്. സാക് ക്രോളിയും ജോ റൂട്ടുമാണ് ഇംഗ്ലണ്ടിനായി ക്രീസിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക