'അഞ്ചാം തിയതിക്കായി കാത്തിരിക്കാനാവുന്നില്ല'; വിരാട് കോലിക്ക് തകര്‍പ്പന്‍ മുന്‍കൂര്‍ ആശംസ
ഇതിനകം ലോക ക്രിക്കറ്റിലെ വിസ്‌മയമായി മാറിയ വിരാട് കോലി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണായക ബാറ്ററാണ്
മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലി ശനിയാഴ്‌ച 34-ാം ജന്‍മദിനം ആഘോഷിക്കുകയാണ്. ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയയിലാണ് ഇക്കുറി കോലിയുടെ പിറന്നാളാഘോഷം. ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമില്‍ റണ്ണൊഴുക്കുമ്പോഴാണ് കിംഗിന്‍റെ പിറന്നാള്‍ വിരുന്നെത്തുന്നത് എന്നത് ഇരട്ടിമധുരം. ജന്‍മദിനം എത്തുംമുമ്പേ സാമൂഹ്യമാധ്യമങ്ങളില്‍ വിരാട് കോലിക്ക് ആശംസാപ്രവാഹം ഒഴുകിത്തുടങ്ങി.
കോലിക്ക് ഇതിനകം ലഭിച്ച പിറന്നാളാശംസകളില്‍ ഏറ്റവും ശ്രദ്ധേയം പാക് താരം ഷാനവാസ് ദഹാനിയുടേതാണ്. കോലിയെ GOAT എന്ന് വിശേഷിപ്പിച്ച ദഹാനിയുടെ വാക്കുകള്‍ ഏവരുടേയും മനംകീഴടക്കും. 'ക്രിക്കറ്റിനെ ഏറ്റവും മനോഹരമാക്കിയ കലാകാരന്‍റെ പിറന്നാളിന് ആശംസ നേരാന്‍ നവംബര്‍ അഞ്ചാം തിയതിക്കായി കാത്തിരിക്കാനാവുന്നില്ല. ഗോട്ടിന് പിറന്നാളാശംസകള്‍. നിങ്ങളുടെ ദിനം ആഘോഷിക്കുക, ലോകത്തെ ആനന്ദിപ്പിക്കുന്നത് തുടരുക' എന്നാണ് ഷാനവാസ് ദഹാനിയുടെ ട്വീറ്റ്. ഈ ട്വീറ്റിന് ഇതിനകം ഏറെ ശ്രദ്ധേയമായ പ്രതികരണങ്ങള്‍ ആരാധകരുടെ ഭാഗത്തുനിന്ന് വന്നുകഴിഞ്ഞു.
ഇതിനകം ലോക ക്രിക്കറ്റിലെ വിസ്‌മയമായി മാറിയ വിരാട് കോലി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണായക ബാറ്ററാണ്. 102 ടെസ്റ്റില്‍ 49.53 ശരാശരിയിലും 55.69 സ്ട്രൈക്ക് റേറ്റിലും 8074 റണ്‍സും 262 ഏകദിനത്തില്‍ 57.68 ശരാശരിയിലും 92.84 സ്ട്രൈക്ക് റേറ്റിലും 12344 റണ്‍സും 113 രാജ്യാന്തര ടി20കളില്‍ 53.14 ശരാശരിയിലും 138.45 സ്ട്രൈക്ക് റേറ്റിലും 3932 റണ്‍സും കോലിക്കുണ്ട്. ടെസ്റ്റില്‍ ഏഴ് ഇരട്ട ശതകങ്ങളും 27 സെഞ്ചുറികളും ഏകദിനത്തില്‍ 43 ശതകങ്ങളും രാജ്യാന്തര ടി20യില്‍ ഒരു സെഞ്ചുറിയുമാണ് കിംഗ് കോലിയുടെ സമ്പാദ്യം.
ഐപിഎല്ലില്‍ 223 മത്സരങ്ങളില്‍ 5 സെഞ്ചുറികളോടെ 6624 റണ്‍സും കോലിക്കുണ്ട്. ഓസ്ട്രേലിയയില്‍ പുരോഗമിക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ പുറത്താകാതെ മൂന്ന് അര്‍ധസെഞ്ചുറികള്‍ കോലി നേടിക്കഴിഞ്ഞു. നാല് മത്സരങ്ങളില്‍ 220 റണ്‍സുമായി ഇക്കുറി റണ്‍വേട്ടയില്‍ കോലിയാണ് മുന്നില്‍.
ആകാശംമുട്ടെ സിആര്‍7, സ്ഥാപിച്ചത് ക്രെയിനില്‍; മെസി-നെയ്‌മര്‍-റോണോ ത്രികോണ മത്സരമായി കട്ടൗട്ട് പോര്