ഫോളോഓണ്‍ വഴങ്ങിയിട്ടും ദക്ഷിണാഫ്രിക്കയോട് പൊരുതി പാകിസ്ഥാന്‍! നഷ്ടമായത് ഒരു വിക്കറ്റ് മാത്രം, മസൂദിന് സെഞ്ചുറി
ഫോളോ ഓണിന് ശേഷം രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച പാകിസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ മസൂദ് - ബാബര്‍ അസം (81) നല്‍കിയത്.
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ പാകിസ്ഥാന്‍ പൊരുതുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 615നെതിരെ ഫോളോ ഓണ്‍ വഴങ്ങിയ പാകിസ്ഥാന്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 213 റണ്‍സെടുത്തിട്ടുണ്ട്. ഷാന്‍ മസൂദ് (102), നൈറ്റ് വാച്ച്മാന്‍ ഖുറാം ഷെഹ്‌സാദ് (8) എന്നിവരാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കയെ ഇനിയും ബാറ്റിംഗിനയക്കണമെങ്കില്‍ 208 റണ്‍സ് കൂടി വേണം. നേരത്തെ, പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 194ന് അവസാനിച്ചിരുന്നു.
ഫോളോ ഓണിന് ശേഷം രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച പാകിസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ മസൂദ് - ബാബര്‍ അസം (81) നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 205 റണ്‍സ് ചേര്‍ത്തു. 46 ഓവര്‍ വരെ ഇരുവരും ബാറ്റ് ചെയ്തു. 47-ാം ഓവറില്‍ ബാബറിനെ മാര്‍കോ ജാന്‍സന്‍ മടക്കി. 10 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ബാബറിന്റെ ഇന്നിംഗ്‌സ്. ഇതിനിടെ ക്യാപ്റ്റന്‍ ഷാന്‍ മസൂദ് സെഞ്ചുറി പൂര്‍ത്തിയാക്കി. 166 പന്തുകള്‍ നേരിട്ട താരം 14 ബൗണ്ടറികള്‍ നേടി.
ഇനിയും തഴയാനാവില്ല, തീപ്പൊരി പ്രകടനവുമായി മുഹമ്മദ് ഷമി! ചാംപ്യന്‍സ് ട്രോഫി ടീമിലേക്കുള്ള അവകാശവാദം
നേരത്തെ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് 194ന് അവസാനിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ കഗിസോ റബാദ, രണ്ട് വിക്കറ്റ് വീതം നേടിയ ക്വെന മഫാക, കേശവ് മഹാരാജ് എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. 58 റണ്‍സ് നേടിയ ബാബര്‍ അസമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ് റിസ്വാന്‍ 46 റണ്‍സെടുത്തു. കമ്രാന്‍ ഗുലാം (12), സല്‍മാന്‍ അഗ (19), ആമിര്‍ ജമാല്‍ (15), ഖുറാം ഷെഹ്‌സാദ് (14), മിര്‍ ഹംസ (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.
ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് റ്യാന്‍ റിക്കിള്‍ട്ടണ്‍ (259), തെംബ ബവൂമ (106), കെയ്ല്‍ വെറെയ്‌നെ (100) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ദക്ഷിണാഫ്രിക്കയക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മാര്‍കോ ജാന്‍സന്‍ (60), കേശവ് മഹാരാജ് (40) നിര്‍ണായക സംഭാവന നല്‍കി.