കറാച്ചി ടെസ്റ്റ്: വില്യംസണ് ഇരട്ട സെഞ്ചുറി; ന്യൂസിലന്‍ഡിനെതിരെ ലീഡ് വഴങ്ങിയ പാകിസ്ഥാന്‍ പതറുന്നു
രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച പാകിസ്ഥാന് അബ്ദുള്ള ഷെഫീഖ് (17), ഷാന്‍ മസൂദ് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇഷ് സോധി, മൈക്കല്‍ ബ്രേസ്‌വെല്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. ഇമാം ഉള്‍ ഹഖ് (45), നൂമാന്‍ അലി (4) എന്നിവരാണ് ക്രീസില്‍.
കറാച്ചി: ന്യൂസില്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ പാകിസ്ഥാന്‍ പതറുന്നു. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച പാകിസ്ഥാന്‍ രണ്ടിന് 77 എന്ന നിലയിലാണ്. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 612നെതിരെ പാകിസ്ഥാന്‍ ഇപ്പോഴും 97 റണ്‍സ് പിറകിലാണ്. നേരത്തെ കെയ്ന്‍ വില്യംസണിന്റെ (200) ഇരട്ട സെഞ്ചുറിയുടെ കരുത്തില്‍ 612 റണ്‍സാണ് ന്യൂസിലന്‍ഡ് നേടിയിരുന്നത്. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 438നെതിരെ 174 റണ്‍സിന്റെ ലീഡുണ്ടായിരുന്നു സന്ദര്‍ശകര്‍ക്ക്. ഒമ്പത് വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. വില്യംസണ്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ കിവീസ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നേരത്തെ, ടോം ലാഥം 113 റണ്‍സ് നേടിയിരുന്നു. ഡെവോണ്‍ കോണ്‍വെ (92) ഇഷ് സോധി (65) എന്നിവര്‍ നിര്‍ണായക സംഭവന നല്‍കി. അബ്രാര്‍ അഹമ്മദ് പാകിസ്ഥാനായി അഞ്ച് വിക്കറ്റ് വീഴ്ത്തി. നൂമാന്‍ അലിക്ക് മൂന്ന് വിക്കറ്റുണ്ട്.
രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച പാകിസ്ഥാന് അബ്ദുള്ള ഷെഫീഖ് (17), ഷാന്‍ മസൂദ് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇഷ് സോധി, മൈക്കല്‍ ബ്രേസ്‌വെല്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. ഇമാം ഉള്‍ ഹഖ് (45), നൂമാന്‍ അലി (4) എന്നിവരാണ് ക്രീസില്‍. സ്പിന്നിനെ തുണയക്കുന്ന പിച്ചില്‍ അവസാനദിനം ബാറ്റേന്തുക പാക് ബാറ്റ്‌സ്മാന്മാര്‍ക്ക് പ്രയാസമായിരിക്കും. ആറിന് 440 എന്ന നിലയിലാണ് ന്യൂസിലന്‍ഡ് നാലാം ദിനം ആരംഭിച്ചത്. 105 റണ്‍സുമായി വില്യംസണ്‍ ക്രീസിലുണ്ടായിരുന്നു. സോധിയായിരുന്നു അദ്ദേഹത്തിന് കൂട്ട്. ഇരുവരും മനോഹരമായി കിവീസിനെ മുനനോട്ട് നയിച്ചു. ഇരുവരും 159 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ സോധിയെ പുറത്താക്കി, അബ്രാര്‍ പാകിസ്ഥാന്‍ ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ ക്യാപ്റ്റന്‍ ടിം സൗത്തി (0), നീല്‍ വാഗ്നര്‍ (0) എന്നിവര്‍ വിക്കറ്റ് വലിച്ചെറിഞ്ഞു.
എന്നാല്‍ അജാസ് പട്ടേലിനെ കൂട്ടുപിടിച്ച് വില്യംസണ്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കി. 395 പന്തുകള്‍ നേരിട്ട വില്യംസണ്‍ ഒരു സിക്‌സും 21 ഫോറും നേടി. മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്റെ അഞ്ചാം ഇരട്ട സെഞ്ചുറിയാണിത്. 25 ടെസ്റ്റ് സെഞ്ചുറികളും വില്യംസണ്‍ പൂര്‍ത്തിയാക്കി. മാത്രമല്ല, ന്യൂസിലന്‍ഡിന് വേണ്ടി ടെസ്റ്റ് 7500 റണ്‍സ് പൂര്‍ത്തിയാക്കാനും വില്യംസണായി. കിവീസിന് ഓപ്പണര്‍മാരായ കോണ്‍വെ- ലാഥം മികച്ച തുടക്കം നല്‍കിയിരുന്നെങ്കിലും ഡാരില്‍ മിച്ചലിനും ടോം ബ്ലന്‍ഡല്ലിലും അത് മുതലാക്കാന്‍ സാധിക്കാത്തത് ന്യൂസിലന്‍ഡ് ആരാധകരെ നിരാശപ്പെടുത്തി. യഥാക്രമം 42, 47 എന്നിങ്ങനെയാണ് ഇരുവരും സ്‌കോര്‍ ചെയ്തത്.
നേരത്തെ, പാകിസ്ഥാന്‍ ഉയര്‍ത്തിയ മികച്ച ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെതിരെ അതിഗംഭീര തുടക്കമാണ് കിവികള്‍ക്ക് ലഭിച്ചത്. മൂന്നാം ദിനം കളി തുടങ്ങുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 165 റണ്‍സ് എന്ന നിലയിലായിരുന്നു ന്യൂസിലന്‍ഡ്. എന്നാല്‍, കോണ്‍വെയെ വിക്കറ്റിന് മുന്നില്‍ കുരുക്കി നൗമാന്‍ അലി പാക് പടയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. സെഞ്ചുറി നേടി അധികം വൈകാതെ ലാഥവും വീണതോടെ കെയ്ന്‍ വില്യംസണ്‍ ടീമിനെ തോളിലേറ്റുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ 438 റണ്‍സാണ് ആദ്യ ഇന്നിംഗ്‌സില്‍ കുറിച്ചത്. ബാബര്‍ അസമിന് (161) പുറമെ അഗ സല്‍മാനും (103) സെഞ്ചുറി നേടി. ദീര്‍ഘനാളുകള്‍ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹമ്മദ് (86) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ന്യൂസിലന്‍ഡിന് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ടിം സൗത്തിയാണ് തിളങ്ങിയത്.