Asianet News MalayalamAsianet News Malayalam

സ്പിന്‍ കെണിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി, മൂന്നര വര്‍ഷത്തിനും 11 ടെസ്റ്റുകള്‍ക്കുംശേഷം നാട്ടിൽ പാകിസ്ഥാന് വിജയം

നാലാം ദിനം എട്ട് വിക്കറ്റ് ശേഷിക്കെ 261 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

Pakistan beat England by 152 runs, win home Test after 3 years
Author
First Published Oct 18, 2024, 12:59 PM IST | Last Updated Oct 18, 2024, 12:59 PM IST

മുള്‍ട്ടാൻ: ഇംഗ്ലണ്ടിനെിരായ മുള്‍ട്ടാൻ ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് 153 റണ്‍സിന്‍റെ വമ്പന്‍ ജയം. 297 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം 144 റണ്‍സിന് ഓൾ ഔട്ടായി. ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി ഇംഗ്ലണ്ടിന്‍റെ  മുഴുവൻ വിക്കറ്റുകളും പങ്കിട്ടെടുത്ത നോമാൻ അലിയും സാജിദ് ഖാനുമാണ് പാകിസ്ഥാന് ജയമൊരുക്കിയത്. 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍.

പാകിസ്ഥാനുവേണ്ടി നോമാന്‍ അലി 46 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റെടുത്തപ്പോള്‍ സാജിദ് ഖാന്‍ രണ്ട് വിക്കറ്റെടുത്തു. നാട്ടില്‍ മൂന്നര വര്‍ഷത്തിനും 11 ടെസ്റ്റുകള്‍ക്കും ഷേശമാണ് പാകിസ്ഥാന്‍ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. 2021 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു പാകിസ്ഥാന്‍ അവസാനമായി നാട്ടില്‍ ടെസ്റ്റ് ജയിച്ചത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ പാകിസ്ഥാന്‍ ഇംഗ്ലണ്ടിനൊപ്പമെത്തി.1-1. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് 24ന് റാവല്‍പിണ്ടിയില്‍ തുടങ്ങും. സ്കോര്‍ പാകിസ്ഥാന്‍  366,221, ഇംഗ്ലണ്ട്  291,144.

നാലാം ദിനം എട്ട് വിക്കറ്റ് ശേഷിക്കെ 261 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മിന്നും ഫോമിലുള്ള ജോ റൂട്ടും ഒല്ലി പോപ്പുമായിരുന്നു ക്രീസില്‍. നാലാം ദിനം തുടക്കത്തിലെ ഒല്ലി പോപ്പിനെ(22) വീഴ്ത്തിയ സാജിദ് ഖാനാണ് ഇംഗ്ലണ്ടിന് ആദ്യ അടി നല്‍കിയത്. 18 റൺസെടുത്ത ജോ റൂട്ടിനെ നോമാന്‍ അലി വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഹാരി ബ്രൂക്കിനെയും(16) നോമാൻ അലി വിക്കറ്റിന് മുന്നില്‍ കുടുക്കി.

വെടിക്കെട്ട് സെഞ്ചുറിയുമായി രചിൻ രവീന്ദ്ര, അടിച്ചുകയറി ടിം സൗത്തി; ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് കൂറ്റൻ ലീഡ്

ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്(36 പന്തില്‍ 37) പൊരുതി നോക്കിയെങ്കിലും ബ്രെയ്ഡന്‍ കാഴ്സ്(27) ഒഴികെ മറ്റാര്‍ക്കും പിന്തുണ നല്‍കാനായില്ല. ജാമി സ്മിത്ത്(6), മാത്യു പോട്ട്(9), ജാക്ക് ലീച്ച്(1), ഷെയ്ബ് ബഷീര്‍(0) എന്നിവരെ കൂടി മടക്കിയ നോമാന്‍ അലി പാകിസ്ഥാന്‍റെ വിജയം ആധികാരികമാക്കി. ഇംഗ്ലണ്ടിന്‍റെ രണ്ട് ഇന്നിംഗ്സിലുമായി വീണ മുഴുവന്‍ വിക്കറ്റുകളും സ്വന്തമാക്കിയത് സാജിദ് ഖാനും നോമാന്‍ അലിയും ചേര്‍ന്നാണ്. ആദ്യ ഇന്നിംഗ്സില്‍ സാജിദ് ഖാന്‍ ഏഴ് വിക്കറ്റെടുത്തപ്പോള്‍ അലി മൂന്ന് വിക്കറ്റെടുത്തു. രണ്ടാം ഇന്നിംഗ്സില്‍ നോമാന്‍ അലി എട്ട് വിക്കറ്റെടുത്തപ്പോള്‍ സാജിദ് ഖാന്‍ രണ്ട് വിക്കറ്റുമെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios