ബാറ്റ് പിടിക്കാനറിയാതെ ബാബർ അസം; നാണക്കേട് തുടരുന്നു, കരിയറിലെ ഏറ്റവും മോശം റെക്കോർഡില്‍
ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളിലും ബാബർ അസമിന്‍റെ ബാറ്റ് ഒറ്റയക്കത്തില്‍ ഒതുങ്ങിയെന്നതാണ് യാഥാർഥ്യം
സിഡ്നി: ട്വന്‍റി 20 ലോകകപ്പിനായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയില്‍ എത്തുമ്പോള്‍ അവരുടെ ഏറ്റവും വലിയ ബാറ്റിംഗ് പ്രതീക്ഷ നായകന്‍ ബാബർ അസമായിരുന്നു. ശക്തമായ പേസ് നിരയുള്ള പാകിസ്ഥാന്‍റെ ബാറ്റിംഗ് ആക്രമണമെല്ലാം ബാബർ അസം- മുഹമ്മദ് റിസ്‍വാന്‍ ദ്വയത്തെ ചുറ്റിപ്പറ്റിയാണ്. എന്നാല്‍ ലോകകപ്പിനെത്തിയപ്പോള്‍ കഥയാകെ ട്വിസ്റ്റായി. ബാറ്റ് പിടിക്കാന്‍ പോലുമാകാത്ത കുട്ടിയെപ്പോലെ ബാബർ റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്നത് അദ്ദേഹത്തിന്‍റെ കടുത്ത വിമർശകരെ പോലും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളിലും ബാബർ അസമിന്‍റെ ബാറ്റ് ഒറ്റയക്കത്തില്‍ ഒതുങ്ങിയെന്നതാണ് യാഥാർഥ്യം. ഈ ലോകകപ്പില്‍ 0, 4 , 4, 6 എന്നിങ്ങനെയാണ് ബാബറിന്‍റെ സ്കോർ. രാജ്യാന്തര ടി20 കരിയറില്‍ ആദ്യമായി തുടർച്ചയായി മൂന്ന് മത്സരങ്ങളില്‍ 10ല്‍ താഴെ സ്കോറിന് പുറത്തായതിന്‍റെ നാണക്കേട് ബാബറിന് കഴിഞ്ഞ മത്സരത്തില്‍ സ്വന്തമായിരുന്നു. ഈ നാണക്കേട് തുടരുകയായിരുന്നു ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും. ബാബർ 15 പന്ത് നേരിട്ടിട്ടും ആറ് റണ്‍സേ നേടിയുള്ളൂ. ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ കാഗിസോ റബാഡ പിടിച്ചായിരുന്നു പുറത്താകല്‍. സഹ ഓപ്പണർ മുഹമ്മദ് റിസ്‍വാന്‍ 4 പന്തില്‍ 4 റണ്‍സെടുത്തും മടങ്ങി.
രാജ്യാന്തര ടി20യില്‍ മികച്ച ബാറ്റിംഗ് റെക്കോർഡുള്ള താരമായിട്ടും ബാബറിന് കാലിടറുന്നു എന്നതാണ് ശ്രദ്ധേയം. 96 രാജ്യാന്തര ടി20കളില്‍ 41.60 ശരാശരിയിലും 128.67 സ്ട്രൈക്ക് റേറ്റിലും 3245 റണ്‍സ് ബാബറിനുണ്ട്. 2016 മുതല്‍ പാക് ടി20 ടീമില്‍ ബാബർ കളിക്കുന്നു. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരില്‍ ഒരാളായി മൂന്ന് ഫോർമാറ്റിലും മികവ് തെളിയിച്ചിട്ടും ബാബർ അസമിന് ടി20 ലോകകപ്പില്‍ കാലിടറുന്നത് ആരാധകർക്കും വിമർശകർക്കും ഒരുപോലെ അമ്പരപ്പാണ്.
മൂന്ന് മത്സരത്തിലും ഒറ്റയക്കം; കരിയറിലെ നാണക്കേടിന്‍റെ പടുകുഴിയില്‍ ബാബര്‍ അസം