'തുടർച്ചയായി അവഗണിച്ച് അവനെ അപമാനിച്ചു', അശ്വിന്‍റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ വെളിപ്പെടുത്തലുമായി പിതാവ്
വിരമിക്കലിനെക്കുറിച്ചുള്ള ചിന്ത അവനിലുണ്ടെന്ന് അറിയാമായിരുന്നു. എന്നാലത് പൊടുന്നനെ ആയതിന് കാരണം ടീമില്‍ നിന്ന് തുടര്‍ച്ചയായി ഒഴിവാക്കപ്പടുന്നതിലെ അപമാനമാകാം
ചെന്നൈ: തുടര്‍ച്ചയായി പ്ലേയിംഗ് ഇലവനില്‍ നിന്ന് തഴയുന്നതിലെ അപമാനമാകാം അശ്വിന്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം നടത്താനുള്ള കാരണമെന്ന് തുറന്നു പറഞ്ഞ് പിതാവ് രവിചന്ദ്രന്‍. വിരമിക്കാനുള്ള തീരുമാനം മറ്റുള്ളവരെപ്പോലെ താനും ഇന്നലെയാണ് അറിഞ്ഞതെന്നും രവിചന്ദ്രൻ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അവസാന നിമിഷമാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണെന്ന കാര്യം ഞാനും അറിഞ്ഞത്. അവന്‍റെ മനസില്‍ എന്തായിരുന്നുവെന്ന് എനിക്കറിയില്ല. അവന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു, സന്തോഷത്തോടെ ഞാനും ആ തീരുമാനം അംഗീകരിച്ചു. അതല്ലാതെ മറ്റ് വികാരങ്ങളൊന്നും എനിക്കതില്‍ ഇല്ല. എന്നാല്‍ അവന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് ഒരു വശത്തുനിന്ന് നോക്കുമ്പോള്‍ സന്തോഷം തോന്നുന്നുണ്ടെങ്കിലും മറ്റൊരു വശത്തുനിന്ന് ചിന്തിക്കുമ്പോള്‍ കുറച്ചുകാലം കൂടി അവന് തുടരാമായിരുന്നുവെന്ന് തോന്നി. അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് എനിക്കിപ്പോഴും അറിയില്ല. പക്ഷെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും പലപ്പോഴും പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കുന്നത് അവന് അപമാനമായി തോന്നിയിട്ടുണ്ടാവാം.
വിരമിക്കല്‍ പ്രഖ്യാപിച്ച് 24 മണിക്കൂറിനകം നാട്ടില്‍ തിരിച്ചെത്തി അശ്വിന്‍, വന്‍ വരവേല്‍പ്പ്
വിരമിക്കാനുള്ള തീരുമാനം അവന്‍റെ ആഗ്രഹപ്രകാരം എടുത്തതാണ്. അതില്‍ എനിക്ക് ഇടപെടാനാകില്ല. പക്ഷെ അത് ഇത്രയും വേഗത്തിലാവാന്‍ കാരണം പലതുമുണ്ടാകാം. അത് അശ്വിനെ അറിയു, ഒരുപക്ഷെ അപമാനിതനാകുന്നുവെന്ന തോന്നലാകാം അതിന് കാരണമെന്നും രവിചന്ദ്രൻ പറഞ്ഞു. വിരമിക്കലിനെക്കുറിച്ചുള്ള ചിന്ത അവനിലുണ്ടെന്ന് അറിയാമായിരുന്നു. എന്നാലത് പൊടുന്നനെ ആയതിന് കാരണം ടീമില്‍ നിന്ന് തുടര്‍ച്ചയായി ഒഴിവാക്കപ്പടുന്നതിലെ അപമാനമാകാം. എത്രകാലമെന്നുവെച്ചാണ് ഇതൊക്കെ അവന്‍ സഹിക്കുക. അതുകൊണ്ട് അവന്‍ പെട്ടെന്ന് തീരുമാനമെടുത്തതാകാന്‍ സാധ്യതയുണ്ടെന്നും രവിചന്ദ്രന്‍ പറഞ്ഞു.
HOME TOWN HERO IS BACK. 🇮🇳
— Johns. (@CricCrazyJohns) December 19, 2024
- A Grand welcome for Ravichandran Ashwin at his home. 🤍 pic.twitter.com/WNGywMr4Sj
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലെടുത്തപ്പോള്‍ തന്നെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുമെങ്കില്‍ മാത്രമെ തന്നെ പരിഗണിക്കേണ്ടതുള്ളൂ എന്ന് അശ്വിന്‍ സെലക്ടര്‍മാരോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അശ്വിന് പകരം വാഷിംഗ്ടൺ സുന്ദറാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിച്ചത്. രോഹിത് ശര്‍മ തിരിച്ചെത്തിയ രണ്ടാം ടെസ്റ്റില്‍ അശ്വിൻ കളിച്ചെങ്കിലും ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. പിന്നാലെ ബ്രിസ്ബേനില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ നിന്നും അശ്വിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കി. മെല്‍ബണില്‍ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിലും അശ്വിന്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കാനുള്ള സാധ്യത വിരളമായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക