ഈ ചിത്രങ്ങള്‍ വേട്ടയാടും; ഒഡിഷ ട്രെയിനപകടത്തില്‍ മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് സെവാഗ്
രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടത്തില്‍ 275 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. അപകടമുണ്ടായ ഉടനെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ എല്ലാവരെയും പ്രത്യേകിച്ച് മെഡിക്കല്‍ സംഘത്തെയും രക്തദാനത്തിന് സ്വമേധയാ എത്തിയവരെയും സെവാഗ് പ്രകീര്‍ത്തിച്ചിരുന്നു. ഈ ദുരന്തവും നമ്മള്‍ ഒരുമിച്ച് നേരിടുമെന്നും സെവാഗ് കുറിച്ചിരുന്നു.
ദില്ലി: രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിനപകടത്തില്‍ മരിച്ചവരുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം വീരേന്ദര്‍ സെവാഗ്. ട്വിറ്ററിലൂടെയാണ് സെവാഗ് മരിച്ചവരുടെ കുട്ടികള്‍ക്ക് ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ ബോര്‍ഡിംഗ് സൗകര്യത്തോടെ സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്തത്.
ട്രെയിനപകടത്തിന്‍റെ നടുക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഈ ചിത്രങ്ങള്‍ നമ്മെ ഒരുപാട് നാള്‍ വേട്ടയാടുമെന്ന് കുറിച്ചാണ് സെവാഗ് കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന് പ്രഖ്യാപിച്ചത്. ഈ ചിത്രങ്ങള്‍ നമ്മെ ഒരുപാട് നാള്‍ വേട്ടയാടും. വേദനയുടെ ഈ വേളയില്‍ എനിക്ക് ചെയ്യാവുന്നൊരു കാര്യം അപകടത്തില്‍ മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുക എന്നതാണ്. അവരുടെ കുട്ടികള്‍ക്ക് ഇന്‍റര്‍നാഷണല്‍ സ്കൂളുകളില്‍ ബോര്‍ഡിംഗ് സൗകര്യത്തോടെ വിദ്യാഭ്യാസം നല്‍കാന്‍ ഞാന്‍ തയാറാണ്-സെവാഗ് ട്വീറ്റില്‍ കുറിച്ചു.
രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടത്തില്‍ 275 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. അപകടമുണ്ടായ ഉടനെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ എല്ലാവരെയും പ്രത്യേകിച്ച് മെഡിക്കല്‍ സംഘത്തെയും രക്തദാനത്തിന് സ്വമേധയാ എത്തിയവരെയും സെവാഗ് പ്രകീര്‍ത്തിച്ചിരുന്നു. ഈ ദുരന്തവും നമ്മള്‍ ഒരുമിച്ച് നേരിടുമെന്നും സെവാഗ് കുറിച്ചിരുന്നു.
ഒഡിഷ ട്രെയിൻ അപകടം; മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് അദാനി
അപകടത്തില്‍ മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കമെന്ന സെവാഗിന്‍റെ ട്വീറ്റിന് ആരാധകര്‍ കൈയടികളോടെയാണ് വരവേറ്റത്. ഇതാദ്യമായല്ല സെവാഗ് ഇത്തരത്തില്‍ സഹായഹസ്തം നീട്ടുന്നത്. പുല്‍വാമ ഭീകരാക്രമണം ഉണ്ടായപ്പോള്‍ അപകടത്തില്‍ മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന് സെവാഗ് വാഗ്ദാനം ചെയ്തിരുന്നു. മരിച്ച സൈനികരുടെ മക്കള്‍ക്ക് തന്‍റെ അക്കാദമിയില്‍ സൗജന്യ ക്രിക്കറ്റ് പരിശീലനത്തിനും സെവാഗ് സൗകര്യമൊരുക്കിയിരുന്നു. 2019 ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ നാല്‍പതോളം സൈനികരാണ് വീരമൃത്യു വരിച്ചത്.