ICC Awards 2021 : ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയർ പുരസ്‌കാരം; ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളില്ല
വനിതകളില്‍ സ്‌മൃതി മന്ദാന മികച്ച താരത്തിനും ടി20 താരത്തിനുമുള്ള അന്തിമ പട്ടികയിലുണ്ട്
ദുബായ്: ഐസിസി പുരുഷ ക്രിക്കറ്റര്‍ ഓഫ് ദ ഇയർ പുരസ്‌കാരത്തിനുള്ള (ICC Awards 2021) ചുരുക്കപ്പട്ടിക പുറത്തുവിട്ടു. നാലംഗ ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ താരങ്ങളില്ല. ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് (Joe Root), ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ (Kane Williamson), പാകിസ്ഥാൻ താരങ്ങളായ ഷഹീൻഷാ അഫ്രീദി (Shaheen Afridi), മുഹമ്മദ് റിസ്‍വാൻ (Mohammad Rizwan) എന്നിവരാണ് അവസാന നാലിൽ എത്തിയ താരങ്ങൾ. അതേസമയം വനിതകളില്‍ സ്‌മൃതി മന്ദാന മികച്ച താരത്തിനും ടി20 താരത്തിനുമുള്ള അന്തിമ പട്ടികയിലുണ്ട്.
പുരസ്‌കാരത്തിന് പരിഗണിക്കുന്ന കാലയളവിൽ ജോ റൂട്ട് 18 കളിയിൽ നിന്ന് ആറ് സെഞ്ചുറിയോടെ 1855 റൺസ് നേടിയിട്ടുണ്ട്. ഷഹീൻ ഷാ അഫ്രീദി 36 കളിയിൽ നിന്ന് 78 വിക്കറ്റ് നേടി. 51 റൺസിന് ആറ് വിക്കറ്റാണ് മികച്ച പ്രകടനം. കെയ്ൻ വില്യംസൺ ഒരു സെഞ്ചുറിയോടെ 16 കളിയിൽ 693 റൺസ് പേരിലാക്കി. വിക്കറ്റ് കീപ്പറായ റിസ്‍വാൻ 44 കളിയിൽ 1915 റൺസ് സ്വന്തമാക്കിയപ്പോള്‍ 56പേരെ പുറത്താക്കുകയും ചെയ്‌തു.
ടെസ്റ്റ് പട്ടികയില്‍ അശ്വിന്‍
മികച്ച പുരുഷ ടെസ്റ്റ് താരത്തിനായുള്ള പോരാട്ടത്തില്‍ ജോ റൂട്ടിനും കെയ്‌ല്‍ ജാമീസണും ദിമുത് കരുണരത്‌നെയ്‌ക്കുമൊപ്പം ഇന്ത്യന്‍ വെറ്ററന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനുണ്ട്. ഏകദിന താരത്തിനായി ഷാക്കിബ് അല്‍ ഹസന്‍, ബാബര്‍ അസം, ജന്നിമാന്‍ മലാന്‍, പോള്‍ സ്റ്റിര്‍ലിംഗ് എന്നിവര്‍ തമ്മിലാണ് പോരാട്ടം. ജോസ് ബട്‌ലര്‍, വനന്ദു ഹസരംഗ, മിച്ചല്‍ മാര്‍ഷ്, മുഹമ്മദ് റിസ്‌വാന്‍ എന്നിവരാണ് 2021ലെ മികച്ച ടി20 താരത്തിനുള്ള പോരാട്ട പട്ടികയില്‍.
2021ല്‍ കിംഗാവാതെ കോലി
ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോലിയുടെ അസാന്നിധ്യമാണ് ശ്രദ്ധേയം. ഒറ്റ സെഞ്ചുറിയില്ലാതെയാണ് കിംഗ് കോലി 2021 അവസാനിപ്പിച്ചത്. തുടർച്ചയായ രണ്ടാം വർഷമാണ് ശതകമില്ലാതെ കോലി വിറച്ചത്. കൊൽക്കത്തയിൽ 2019 നവംബര്‍ 23ന് ബംഗ്ലാദേശിനെതിരെ ആയിരുന്നു കോലിയുടെ അവസാന സെഞ്ചുറി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 70 സെഞ്ചുറി നേടിയിട്ടുള്ള താരമാണ് വിരാട് കോലി.
Kohli vs BCCI : ക്യാപ്റ്റൻസി വിവാദം; കോലിയെ തള്ളി, ഗാംഗുലിയെ പിന്തുണച്ച് മുഖ്യ സെലക്‌ടര്‍