ലക്ഷ്യം 173 റണ്‍സ്, 13 ഓവറില്‍ ശ്രീലങ്ക 121-0, എന്നിട്ടും ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യിൽ നാടകീയ തോല്‍വി
കുശാല്‍ മെന്‍ഡിസിനെ പുറത്താക്കിയ ജേക്കബ് ഡഫിയാണ് ലങ്കയുടെ നാടകീയ തകര്‍ച്ചക്ക് തുടക്കമിട്ടത്.
ക്രൈസ്റ്റ്ചര്‍ച്ച്: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് നാടകീയ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്കക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെ നേടാനായുള്ളു. 60 പന്തില്‍ 90 റണ്‍സെടുത്ത ഓപ്പണര്‍ പാതും നിസങ്കയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. മറ്റൊരു ഓപ്പണറായ കുശാല്‍ മെന്‍ഡിസ് 36 പന്തില്‍ 46 റണ്‍സെടുത്തപ്പോള്‍ ഓപ്പണിംഗ് വിക്കറ്റില്‍ ലങ്ക 13.5 ഓവറില്‍ 121 റണ്‍സെടുത്തശേഷമായിരുന്നു നാടകീയമായി തകര്‍ന്നടിഞ്ഞത്. ഇരുവര്‍ക്കും പുറമെ മറ്റാര്‍ക്കും ലങ്കന്‍ നിരയില്‍ രണ്ടക്കം കടക്കാനായില്ല.
കുശാല്‍ മെന്‍ഡിസിനെ പുറത്താക്കിയ ജേക്കബ് ഡഫിയാണ് ലങ്കയുടെ നാടകീയ തകര്‍ച്ചക്ക് തുടക്കമിട്ടത്. അപ്പോള്‍ ലങ്ക 13.5 ഓവറില്‍ 121 റണ്‍സിലെത്തിയിരുന്നു. അതേ ഓവറില്‍ കുശാല്‍ പേരേരയെ(0) കൂടി മടക്കി ഡഫി അവസാന പന്തില്‍ കാമിന്ദു മെന്‍ഡിസിനെ(0) ഗോള്‍ഡന്‍ ഡക്കാക്കി മൂന്ന് വിക്കറ്റ് പിഴുതതോടെ ലങ്ക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി.
ഒരറ്റത്ത് പാതും നിസങ്ക പോരാട്ടം തുടര്‍ന്നതോടെ ലങ്ക പ്രതീക്ഷ നലിനിര്‍ത്തിയെങ്കിലും പതിനെട്ടാം ഓവറിലെ രണ്ടാം പന്തില്‍ ചരിത് അസലങ്ക(3)യെ സാകറെ ഫൗക്സ് മടക്കി. അടുത്ത ഓവറില്‍ പാതും നിസങ്കയെ(90) മാറ്റ് ഹെന്‍റി വീഴ്ത്തിയതോടെ ലങ്ക ബാക്ക് ഫൂട്ടിലായി. അതേ ഓവറില്‍ രജപക്സയെ(8) കൂടി ഹെന്‍റി മടക്കി. എന്നാല്‍ അവസാന പന്തില്‍ ഹസരങ്ക ബൗണ്ടറി നേടിയതോടെ ലങ്കയുടെ ലക്ഷ്യം അവസാന ഓവറില്‍ 14 റണ്‍സായി.
അവസാന ഓവറിലെ ആദ്യ പന്തില്‍ ഫൗക്സ് തീക്ഷണയെ(1) പുറത്താക്കി. അടുത്ത പന്തില്‍ ഹസരങ്ക(5) റണ്ണൗട്ടായി. അവസാന നാലു പന്തില്‍ അഞ്ച് റണ്‍സ് കൂടി മാത്രമാണ് പിന്നീട് ലങ്കക്ക് നേടാനായത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂിലന്‍ഡ് തുടക്കത്തിലെ 39-3ലേക്ക് തകര്‍ന്നെങ്കിലും ഡാരില്‍ മിച്ചല്‍(42 പന്തില്‍ 62), മൈക്കല്‍ ബ്രേസ്‌വെല്‍(33 പന്തില്‍ 59) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരം തിങ്കളാഴ്ച നടക്കും,