'സുന്ദര്‍ ജഡേജ'; മുംബൈ ടെസ്റ്റില്‍ കിവീസ് കറങ്ങി വീണു; ജഡ്ഡുവിന് അഞ്ച് വിക്കറ്റ്, സുന്ദറിന് നാല്
ആദ്യ ദിനം ടോസ് നേടി ക്രീസിലിറങ്ങിയ മുംബൈ ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലായിരുന്നു.
മുംബൈ: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് 235ന് പുറത്ത്. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദര്‍ നാല് വിക്കറ്റ് വീഴ്ത്തി. ഒന്നാം ദിനം തന്നെ കുത്തിത്തിരിഞ്ഞ പിച്ചില്‍ കിവീസ് ബാറ്റര്‍മാര്‍ നന്നായി ബുദ്ധിമുട്ടി. ഡാരില്‍ മിച്ചല്‍ (82), വില്‍ യംഗ് (71) എന്നിവരാണ് ന്യൂസിലന്‍ഡിനെ സാമാന്യം ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. നേരത്തെ മിച്ചല്‍ സാന്റ്‌നര്‍ ഇല്ലാതെയാണ് കിവീസ് ഇറങ്ങിയത്. ഇടങ്കയ്യന്‍ സ്പിന്നര്‍മാരില്ലാതെ ഇറങ്ങുന്നത് കിവീസിന് തിരിച്ചടിയാവും.
ആദ്യ ദിനം ടോസ് നേടി ക്രീസിലിറങ്ങിയ മുംബൈ ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലായിരുന്നു. ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലെത്തിയ കിവീസിന് നാലാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഫോമിലുള്ള ഡെവോണ്‍ കോണ്‍വെയെ(4) ആകാശ് ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി. എന്നാല്‍ പിന്നീട് വന്ന വില്‍ യങ് ക്യാപ്റ്റന്‍ ടോം ലാഥമിനൊപ്പം പിടിച്ചു നിന്നതോടെ ഇന്ത്യ തുടക്കത്തിലെ അശ്വിനെ പന്തേല്‍പ്പിച്ചു. അശ്വിന്റെ പന്തുകളെ ആത്മവിശ്വാസത്തടെ നേരിട്ട യങും ലാഥമും കിവീസ് സ്‌കോര്‍ 50 കടത്തി.
പിന്നാലെ വാഷിംഗ്ടണ്‍ സുന്ദറെ പന്തേല്‍പ്പിക്കാനുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം വൈകാതെ ഫലം കണ്ടു. 28 റണ്‍സെടുത്ത ലാഥമിനെ മനോഹരമായൊരു പന്തിലൂടെ സുന്ദര്‍ ബൗള്‍ഡാക്കി. ബെംഗളൂരു ടെസ്റ്റില്‍ സെഞ്ചുറി നേടിയ രചിന്‍ രവീന്ദ്രയായിരുന്നു സുന്ദറിന്റെ അടുത്ത ഇര. ലാഥമിനെ ബൗള്‍ഡാക്കിയ പന്തിന്റെ റീപ്ലേ പോലെയുള്ള മറ്റൊരു പന്തിലൂടെ രചിന്‍ രവീന്ദ്രയെ സുന്ദര്‍ ബൗള്‍ഡാക്കിയതോടെ കീവിസ് ഞെട്ടി. അഞ്ച് റണ്‍സായിരുന്നു രചിന്‍ രവീന്ദ്രയുടെ സംഭാവന.
തുടര്‍ന്ന് യംഗ് - മിച്ചല്‍ സഖ്യം 87 റണ്‍സ് കൂട്ടിചേര്‍ത്തു. ജഡേജയാണ് കൂട്ടുകെട്ട് പൊളിച്ചത്. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു യംഗിന്റെ ഇന്നിംഗ്‌സ്. മത്സരത്തില്‍ ജഡേജയുടെ ആദ്യ വിക്കറ്റ് കൂടിയായിരുന്നു അത്. പിന്നീടെത്തിയ ടോം ബ്ലണ്ടല്‍ (0), ഗ്ലെന്‍ ഫിലിപ്‌സ് (17), ഇഷ് സോധി (7), മാറ്റ് ഹെന്റി (0) എന്നിവരെല്ലാം ജഡേജയ്ക്ക് മുന്നില്‍ കീടങ്ങി. അജാസ് പട്ടേലിനെ (7) വാഷിംഗ്ടണ്‍ മടക്കി. ഇതിനിനെ മിച്ചലിനേയും വാഷിംഗ്ടണ്‍ മടക്കിയിരുന്നു. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു മിച്ചലിന്റെ ഇന്നിംഗ്‌സ്. വില്യം ഒറൗര്‍ക്കെ (1) പുറത്താവാതെ നിന്നു.
പൂനെ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഒരേയൊരു മാറ്റം മാത്രമാണ് ഇന്ത്യ ഇന്ന് വരുത്തിയത്. ബുമ്രക്ക് പകരം പേസര്‍ മുഹമ്മദ് സിറാജ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം, പൂനെ ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. പൂനെയിലെ വിജയശില്‍പിയായ മിച്ചല്‍ സാന്റ്‌നര്‍ പരിക്കുമൂലം വിട്ടു നിന്നപ്പോള്‍ ഇഷ് സോധി ടീമിലെത്തി. ടിം സൗത്തിക്ക് പകരം ആദ്യ ടെസ്റ്റിലെ ഹീറോ മാറ്റ് ഹെന്റിയും കിവീസിന്റെ പ്ലേയിംഗ് ഇലവനിലെത്തി.