ഒന്നാമനായി ഫിനിഷ് ചെയ്ത് സഞ്ജു, തൊട്ടുപ്പിന്നില്‍ തിലക്! അര്‍ധ സെഞ്ചുറിക്ക് പിന്നാലെ കേരള നായകന് നേട്ടം

ഇന്നത്തെ മത്സരത്തിന് മുമ്പ് 46.04 ശരാശരിയില്‍ 967 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

new record for sanju samson after half century in syed mushtaq ali

മുംബൈ: 2024 അവസാനിക്കാനിരിക്കെ ഈ വര്‍ഷം ടി20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി സഞ്ജു സാംസണ്‍. ഇന്ന് സയ്യിദ് മുഷ്താഖ് അലി ടി20യില്‍ സര്‍വീസസിനെതിരെ 75 റണ്‍സ് നേടിയതോടെയാണ് സഞ്ജുവിനെ നേടി നേട്ടമെത്തിയത്. 45 പന്തിലാണ് സഞ്ജു 75 റണ്‍സ് അടിച്ചെടുത്തത്. മൂന്ന് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നുന്ന സഞ്ജുവിന്റെ ഇന്നിംഗ്‌സ്. സഞ്ജുവിന്റെ ഇന്നിംഗ്‌സിന്റെ ബലത്തില്‍ കേരളം മൂന്ന് വിക്കറ്റിന് ജയിക്കുകയും ചെയ്തു. ഹൈദരാബാദ്, രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ സര്‍വീസസ് ഉയര്‍ത്തിയ 150 റണ്‍സ് വിജയക്ഷ്യം 18.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു.

ഐപിഎല്‍, അന്താരാഷ്ട്ര മത്സരങ്ങള്‍, ആഭ്യന്തര സീസണ്‍ എന്നിവയിലെ പ്രകടനമാണ് 1000 റണ്‍സ് ക്ലബിലെത്താന്‍ കണക്കിലെടുത്തത്. ഇന്നത്തെ മത്സരത്തിന് മുമ്പ് 46.04 ശരാശരിയില്‍ 967 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.  ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നേടിയ രണ്ട് സെഞ്ചുറിയും ബംഗ്ലാദേശിനെതിരെ അവസാന ടി20യില്‍ നേടിയ സെഞ്ചുറിയും സഞ്ജുവിന്റെ ഗ്രാഫ് ഉയര്‍ത്തി. ഇക്കാര്യത്തില്‍ തിലക് വര്‍മയാണ് രണ്ടാം സ്ഥാനത്ത്. 990 റണ്‍സാണ് തിലകിന്റെ സമ്പാദ്യം. ഇന്ന് മുഷ്താഖ് അലിയില്‍ മേഘാലയക്കെതിരെ നേടി 151 റണ്‍സും ഇതില്‍ ഉള്‍പ്പെടും. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ താരത്തിന് ഗുണം ചെയ്തു.

എറിയെടാ, ഒന്ന് എറിഞ്ഞുനോക്കെടാ! ക്രീസില്‍ കയറാതെ ലബുഷെയ്‌നെ കൊതിപ്പിച്ച് ജയ്‌സ്വാള്‍ -വീഡിയോ

921 റണ്‍സുമായി വിരാട് കോലി മൂന്നാം സ്ഥാനത്ത്. ടി20 ലോകകപ്പിന് ശേഷം വിരമിച്ച കോലിയുടെ ശരാശരി 41.86 ആണ്. ഇന്ത്യയുടെ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ നാലാം സ്ഥാനത്ത്. 892 റണ്‍സാണ് അഭിഷേക് നേടിയത്. മുഷ്താഖ് അലിയില്‍ ഇന്ന് പഞ്ചാബിന് വേണ്ടി നേടി 18 റണ്‍സും ഇതില്‍ ഉള്‍പ്പെടും. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് അഞ്ചാമത്. സമ്പാദ്യം 36.13 ശരാശരിയില്‍ 795 റണ്‍സ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന ടി20യിലെ സെഞ്ചുറിയോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനും സഞ്ജു മാറിയിരുന്നു. ടി20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്ററും സഞ്ജു തന്നെ. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടാണ് ആദ്യതാരം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്ന് ടി20 സെഞ്ചുറികള്‍ നേടുന്ന ആദ്യം താരം കൂടിയാണ് സഞ്ജു. കൂടാതെ, ടി20യില്‍ ഇന്ത്യക്കായി മൂന്ന് സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി സഞ്ജു. രോഹിത് ശര്‍മ (5), സൂര്യകുമാര്‍ യാദവ് (4) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ളത്.

Latest Videos
Follow Us:
Download App:
  • android
  • ios